ശബരിമല വിഷയത്തില്‍ പുതിയ തന്ത്രവുമായി ബിജെപി; എംപിമാരടക്കം ദേശീയ നേതാക്കളെ ശബരിമലയില്‍ എത്തിക്കും; തീരുമാനം നേതാക്കളുടെ അറസ്റ്റ് പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കുന്നുണ്ടെന്ന കണക്കു കൂട്ടലില്‍

ശബരിമലയില്‍ പ്രക്ഷോഭം നടത്തിയവരുടെ അറസ്റ്റ് തുടരുമെന്ന് പോലീസ് വിശദമാക്കിയതിന് പിന്നാലെയാണ് ബിജെപി പുതിയ തന്ത്രം സ്വീകരിക്കുന്നത്

തിരുവനന്തപുരം: ശബരിമലയില്‍ കയറാന്‍ ശ്രമിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിക്കു പിന്നാലെ പുതിയ തന്ത്രവുമായി ബിജെപി നേതൃത്വം. മണ്ഡല മകര വിളക്ക് സമയത്ത് നട തുറക്കുന്ന ഓരോ ദിവസങ്ങളിള്‍ ഓരോ നേതാക്കളെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. മറ്റ് സംസ്ഥാനങ്ങളിലെ എംപിമാരടക്കം ശബരിമലയില്‍ എത്തുമെന്നാണ് സൂചന.

വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന നേതാക്കളുടെ അറസ്റ്റ് ബിജെപിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുമെന്ന കണക്കു കൂട്ടലിലാണ് പുതിയ തന്ത്രവുമായി ബിജെപി ഇറങ്ങുന്നത്. കൂടാതെ, ശബരിമലയില്‍ എത്തുന്ന എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലീസിന് നിയന്ത്രണങ്ങള്‍ ഉണ്ടാവും. ഇത് ബിജെപിയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാന്‍ കഴിയുമെന്നതും ഗുണമായി കാണുന്നുണ്ട്.

ശബരിമലയില്‍ പ്രക്ഷോഭം നടത്തിയവരുടെ അറസ്റ്റ് തുടരുമെന്ന് പോലീസ് വിശദമാക്കിയതിന് പിന്നാലെയാണ് ബിജെപി പുതിയ തന്ത്രം സ്വീകരിക്കുന്നത്.

നേരത്തെ ശബരിമലയില്‍ എത്താന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണെന്ന് പൊലീസ് നേരത്തെ വിശദമാക്കിയിരുന്നു.

തുലാമാസ പൂജക്കും ചിത്തിര ആട്ടത്തിനും നട തുറന്നപ്പോള്‍ സുപ്രീംകോടതി വിധി ലംഘിക്കുകയും പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്ത നേതാക്കള്‍ വീണ്ടും ശബരിമലയിലേക്ക് എത്തിയാല്‍ സന്നിധാനത്ത് ക്രമ സമാധന പ്രശ്‌നം ഉണ്ടാക്കുമെന്നാണ് പോലീസ് പറയുന്നത്. ഇതിനെതിരെയുള്ള മുന്‍കരുതലായിട്ടാണ് ഇവരെ അറസ്റ്റ് ചെയ്യുന്നതെന്നും പോലീസ് അറിയിച്ചിരുന്നു.

Exit mobile version