കല്‍പന തന്റെ മാത്രം മകളല്ല, ഇന്ത്യയുടെയും അമേരിക്കയുടെയും മകളാണ് ; ഓര്‍മ്മകള്‍ പങ്കുവെച്ച് കല്‍പനയുടെ പിതാവ്

ഇന്ത്യന്‍ വംശജയായ ആദ്യ ബഹിരാകാശ യാത്രിക കല്‍പന ചൗളയെ ആരും മറന്ന് കാണില്ലലോ. അന്നും ഇന്നും പലര്‍ക്കും മാതൃകയാണ് കല്‍പന ചൗള. തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിച്ച് ലക്ഷ്യസ്ഥാനം കരസ്ഥമാക്കിയവളാണ് കല്‍പന. ഇത് തന്നെയാണ് കല്‍പന മറ്റുള്ളവര്‍ക്കും നല്‍കിയ അറിവ്. ആഗ്രഹിക്കുന്നത് ചെയുക, സ്വപ്‌നങ്ങളുടെ പിന്നാലെ പോവുക നിങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തും. കല്‍പനയുടെ ഈ വാക്കുകള്‍ക്ക് ഇന്നും പുതുമയേറെയാണ്. ചെറുപ്പം മുതലെ ആകാശത്തെയും നക്ഷത്രങ്ങളെയും സ്‌നേഹിച്ചിരുന്നു കല്‍പന. അങ്ങനെയാണ് അവള്‍ ഇന്ത്യന്‍ വംശജയായ ആദ്യ ബഹിരാകാശ യാത്രിക എന്ന പദവിയില്‍ എത്തിയത്.

എന്നാല്‍ രണ്ടാം കൊളംബിയ ബഹിരാകാശ യാത്രക്കിടെ കല്‍പ്പനയും ഏഴു ബഹിരാകാശ സഞ്ചാരികളും മരണപ്പെടുകയായിരുന്നു. അവള്‍ ഇഷ്ടപ്പെട്ടത് പോലെ നക്ഷത്രങ്ങള്‍ക്കിടയില്‍ വെച്ചായിരുന്നു അതും സംഭവിച്ചത്. മരണപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും കല്‍പന ഇന്നും നമ്മുടെയൊക്കെ മനസില്‍ ജീവിക്കുന്നുണ്ട്.

ഇപ്പോള്‍ കല്‍പനയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് പിതാവ് ബന്‍സാരിലാല്‍ ചൗള. കല്‍പന തന്റെ മാത്രം മകളല്ല, ഇന്ത്യയുടെയും അമേരിക്കയുടെയും മകള്‍ കൂടിയാണെന്ന് ബന്‍സാരിലാല്‍ പറഞ്ഞു. അമേരിക്കയില്‍ നടന്ന ചടങ്ങിനിടെയാണ് അദ്ദേഹം മകളെ ഓര്‍ത്ത് സംസാരിച്ചത്.

വാക്കുകള്‍ ഇങ്ങനെ

”ഹരിയാന മുതല്‍ കാലിഫോര്‍ണിയ വരെ എത്രയധികം ആളുകളാണ് കല്‍പ്പനയെ സ്‌നേഹിക്കുന്നത്. മരണശേഷം മാത്രമാണ് എന്റെ മകള്‍ എത്ര പേര്‍ക്ക് പ്രചോദനമായിട്ടുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. അവള്‍ എന്റെ മാത്രം മകളല്ല, ഇന്ത്യയുടെയും അമേരിക്കയുടെയും മകള്‍ കൂടിയാണ്.

”ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി അവള്‍ തിരിച്ചുവരുന്നതും കാത്ത് വീട്ടിലിരിക്കുകയായിരുന്നു ഞാന്‍. സന്തോഷവാര്‍ത്തക്ക് പകരം എന്നെ തേടിയെത്തിയത് ദുരന്തവാര്‍ത്ത. വിമാനങ്ങളോട് അവള്‍ക്ക് കുട്ടിക്കാലം മുതലെ വലിയ പ്രിയമായിരുന്നു. നക്ഷത്രങ്ങളെക്കുറിച്ച് എപ്പോഴും സ്വപ്നം കണ്ടിരുന്നു.. അതേ നക്ഷത്രങ്ങള്‍ക്കിടയില്‍ അവള്‍ അലിഞ്ഞുചേര്‍ന്നതായാണ് എനിക്ക് തോന്നുന്നത്.

”വീടിന്റെ ടെറസില്‍ നിന്നാണ് അവള്‍ ആദ്യമായി വിമാനം കാണുന്നത്. വിമാനം അടുത്തുകാണണം എന്ന് പറഞ്ഞതുകൊണ്ട് വീടിനടുത്തുള്ള കര്‍ണല്‍ ഫ്‌ലൈയിങ് ക്ലബ്ബില്‍ കൊണ്ടുപോയി. സൈക്കിളിന്റെ മുന്നിലിരുത്തിയാണ് അവളെ ക്ലബ്ബിലേക്ക് കൊണ്ടുപോകുന്നത്.

മകനെ പിന്‍സീറ്റിലുമിരുത്തി. സൈക്കിള്‍ എവിടെയങ്കിലും വെക്കും മുന്‍പെ അവള്‍ ക്ലബ്ബിലുണ്ടായിരുന്ന വിമാനത്തിനടുത്തേക്കോടി.

”ഇതെങ്ങനെയാണ് പറക്കുന്നത്? എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? കൗതുകത്തോടെ അവള്‍ ആ ഓഫീസറോട് ചോദിച്ച ചോദ്യങ്ങള്‍ ഇന്നും എന്റെ ചെവിയിലുണ്ട്. അവിടെയുണ്ടായിരുന്ന ചെറുവിമാനത്തില്‍ ക്ലബ്ബിന് മുകളിലൂടെ പറന്നപ്പോള്‍ കല്‍പ്പനയുടെ മുഖത്തുണ്ടായ ആഹ്ലാദം ഇന്നും ഞാന്‍ മറന്നിട്ടില്ല. അന്ന് ഞാന്‍ തിരിച്ചറിഞ്ഞു, ഇവള്‍ പറക്കാന്‍ ജനിച്ചവളാണെന്ന്.

”നക്ഷത്രങ്ങളായിരുന്നു അവളുടെ കൂട്ടുകാര്‍. നാസയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ബഹിരാകാശത്തെത്താനും മറ്റും അതിയായ ആഹ്ലാദമായിരുന്നു അവള്‍ക്ക്. ബഹിരാകാശത്ത് വെച്ച് ആരെങ്കിലും തട്ടിക്കൊണ്ടുപോകുമെന്ന് അവള്‍ സങ്കല്‍പ്പിച്ചിരുന്നതായി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ”എനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്.

2003 ഫെബ്രുവരി ഒന്നിലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിലാണ് കല്‍പന മരണമടഞ്ഞത്. പതിനേഴു ദിവസത്തെ ഗവേഷണങ്ങള്‍ക്കു ശേഷം ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ തിരിച്ചിറങ്ങാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ കൊളംബിയ ചിന്നിച്ചിതറിയത്. കല്‍പനയടക്കം ഏഴു ബഹിരാകാശ സഞ്ചാരികളും ദുരന്തത്തില്‍ മരണമടഞ്ഞു.

ഹരിയാനയിലെ കര്‍ണാലിലാണ് കല്‍പന ജനിച്ചത്. കഠിനാധ്വാനം നടത്തുന്ന കുടുംബാംഗങ്ങള്‍ക്കിടയിലായിരുന്നു അവള്‍ വളര്‍ന്നത്. നാല് സഹോദരങ്ങളായിരുന്നു കല്‍പനയ്ക്ക്. അമ്മയായിരുന്നു കല്‍പനയുടെ എക്കാലത്തും പ്രചോദനം നല്‍കിയത്. അറിയാനുള്ള ആകാംക്ഷയും സ്വതന്ത്ര പ്രകൃതവും ഒക്കെ പ്രോത്സാഹിപ്പിച്ചത് അമ്മയായിരുന്നു.

1982ല്‍ പഞ്ചാബ് എന്‍ജിനീയറിങ് കോളജില്‍ നിന്ന് എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമെടുത്തു. നാസയുടെ എസ് ടി എസ്-87 എന്ന ബഹിരാകാശ ദൌത്യത്തിന്റെ ഭാഗമായായിരുന്നു കല്‍പനയുടെ ആദ്യ ശൂന്യാകാശ യാത്ര.

Exit mobile version