മൂന്ന് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ മരിച്ചു

കൊല്ലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അപകടത്തില്‍പ്പെട്ട ഓട്ടോ റിക്ഷ ഡ്രൈവര്‍ സാജന്‍ ഫിലിപ്പ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കരിക്കം എംസി റോഡില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. വാഹനങ്ങള്‍ കൂട്ടിയിടിച്ച ആഘാതത്തില്‍ തീപിടിത്തവും ഉണ്ടായിയിരുന്നു.

മൂന്ന് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. കൊട്ടാരക്കര ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ പിക്കപ്പ് വാനും അതേദിശയില്‍ സഞ്ചരിക്കുകയായിരുന്ന കാറും എതിര്‍ദിശയിലെത്തിയ ഓട്ടോറിക്ഷയുമായിട്ടാണ് കൂട്ടിയിടിച്ചത്.

ഇതില്‍ ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ മറഞ്ഞു. കാറുമായി ഇടിച്ചശേഷം നിയന്ത്രണം വിട്ട പിക്കപ്പ് റോഡില്‍ മറിഞ്ഞ് കിടക്കുന്ന ഓട്ടോയുടെ മുകളിലൂടെ ഇടിച്ച് കയറുകയായിരുന്നു. ഇതോടെ വണ്ടിക്ക് തീപിടിക്കുകയും ചെയ്തു. തീപിടിത്തത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും കത്തിനശിച്ചു. പൊള്ളലേറ്റ ഓട്ടോ ഡ്രൈവര്‍ സാജനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും ചികിത്സയിലിരിക്കെയാണ് സാജന്റെ മരണം.

അപകടത്തില്‍ ഗുരുതര പരിക്ക് പറ്റിയ കാര്‍ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പിക്കപ്പിന്റ ഡ്രൈവര്‍ തമിഴ് നാട് സ്വദേശി രാജേഷ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. നാല് യൂണിറ്റ് ഫയര്‍ഫോഴ്സുകളാണ് തീ നിയന്ത്രണവിധേയമാക്കി പൊള്ളലേറ്റവരെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Exit mobile version