ഇന്ത്യന്‍ സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു

ഭൂട്ടാന്‍: ഇന്ത്യന്‍ സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. ഇന്ത്യന്‍ ആര്‍മിയുടെ പൈലറ്റും ഭൂട്ടാന്‍ സൈനികനുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. കെന്‍ടോങ്മണി മലനിരകളിലേക്കാണ് ചേതക് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.

ഉച്ചക്ക് ഒന്നരയോടയാണ് അപകടമുണ്ടായത്. ഭൂട്ടാനിലെ യോന്‍ഫുല ആഭ്യന്തര വിമാനത്താവളത്തിലാണ് ഇന്ത്യന്‍ സേനയുടെ ചേതക് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അരുണാചല്‍ പ്രദേശിലെ കിര്‍മുവില്‍ നിന്ന് ഭൂട്ടാനിലേക്ക് തിരിച്ച ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഒരുമണിയോടെയാണ് ഹെലികോപ്റ്ററുമായുള്ള റേഡിയോ ബന്ധം നഷ്ടമായതെന്ന് ഇന്ത്യന്‍ സേനാ വക്താവ് അറിയിച്ചു.

ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. അതേസമയം അപകടത്തില്‍പ്പെട്ടവരുടെ ഭൗതീകാവശിഷ്ടം കണ്ടെത്താനുള്ള തെരച്ചില്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Exit mobile version