ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് അമേരിക്കയിലെത്തും

21 മുതല്‍ 27 വരെയാണ് മോഡിയുടെ യുഎസ് സന്ദര്‍ശനം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി ഇന്ന് അമേരിക്കയിലെത്തും. തുടര്‍ന്ന് ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ടെക്സസില്‍ ഊര്‍ജ്ജ കമ്പനി മേധാവികളുമായി നടത്തുന്ന ചര്‍ച്ചയാണ് മോദിയുടെ ആദ്യ പരിപാടി. തുടര്‍ന്ന് 22ന് ഹൂസ്റ്റണില്‍ മോഡിക്ക് നല്‍കുന്ന ഹൌഡി മോഡി സ്വീകരണ ചടങ്ങില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കും.

21 മുതല്‍ 27 വരെയാണ് മോഡിയുടെ യുഎസ് സന്ദര്‍ശനം. യുഎസ് സന്ദര്‍ശനം ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 22ന് നടക്കുന്ന പരിപാടിയില്‍ അരലക്ഷം ഇന്ത്യക്കാരാണ് പേരു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയും ഹൗഡി മോഡിക്കുണ്ട്.

പസഫിക് ദ്വീപ് രാഷ്ട്രങ്ങളുമായും കരീബിയന്‍ രാജ്യങ്ങളുമായും ഇന്ത്യ ചര്‍ച്ചകള്‍ നടത്തുമെന്നും യാത്രയ്ക്ക് മുന്‍പായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു. 23ന് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭയില്‍ കാലാവസ്ഥ വ്യതിയാനം, പൊതുജനാരോഗ്യം, ഭീകരവാദ ഭീഷണി തുടങ്ങിയ വിഷയങ്ങളില്‍ മോഡി പ്രത്യേക ചര്‍ച്ചകളില്‍ പങ്കെടുക്കും.

24ന് യുഎന്‍ സെക്രട്ടറി ജനറലിന്റെ ഉച്ചവിരുന്നില്‍ മോഡി പങ്കെടുക്കും.തുടര്‍ന്ന് ഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമാകും. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഗോള്‍കീപ്പേഴ്സ് ഗോള്‍സ് അവാര്‍ഡ് ഏറ്റുവാങ്ങും. 25ന് 45 ബിസിനസ് സ്ഥാപന മേധാവികളുമായി മോഡി ചര്‍ച്ച നടത്തും. 27ന് ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് യുഎന്‍ പൊതുസഭയില്‍ മോദി സംസാരിക്കും.

Exit mobile version