ദുബായ് വിമാനത്താവളത്തില്‍ നിന്ന് മാങ്ങ മോഷ്ടിച്ച സംഭവം; പിടിയിലായ ഇന്ത്യക്കാരന്റെ വിചാരണ തുടങ്ങി

2017 ഓഗസ്റ്റ് 11നായിരുന്നു കേസിനാസ്പദമായ സംഭവം

ദുബായ്: ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ലഗേജില്‍ നിന്ന് മാങ്ങ മോഷ്ടിച്ച സംഭവത്തില്‍ യുവാവിനെതിരെ കോടതിയില്‍ വിചാരണ തുടങ്ങി. 27കാരനായ ഇന്ത്യന്‍ പൗരന്‍ രണ്ട് മാങ്ങകളാണ് മോഷ്ടിച്ചത്. ഇതിന് ആറ് ദിര്‍ഹം വിലവരുമെന്നാണ് കോടതി രേഖകളില്‍ പറയുന്നത്. ഇയാള്‍ വിമാനത്താവളത്തിലെ ജീവനക്കാരനാണ്.

വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ക്ക് യാത്രക്കാരുടെ ബാഗേജുകള്‍ കണ്ടെയ്‌നറില്‍ നിന്ന് കണ്‍വയര്‍ ബെല്‍റ്റിലേക്കും തിരിച്ചും എടുത്തുവെയ്‌ക്കേണ്ട ചുമതലയായിരുന്നു ഉണ്ടായിരുന്നത്. ഇതിനിടെ ഇന്ത്യയിലേക്ക് കയറ്റി അയക്കേണ്ട ഒരു ബാഗേജില്‍ നിന്ന് രണ്ട് മാങ്ങ മോഷ്ടിച്ചുവെന്നാണ് കേസ്. 2017 ഓഗസ്റ്റ് 11നായിരുന്നു കേസിനാസ്പദമായ സംഭവം.

ഇയാള്‍ കുറ്റം സമ്മതിച്ചു. അതേസമയം ദാഹം തോന്നിയപ്പോഴാണ് ഇയാള്‍ മാങ്ങ എടുത്തതെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രതി ബാഗ് തുറന്ന് മാങ്ങ എടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടുവെന്ന് സെക്യൂരിറ്റി ഓഫീസര്‍ മൊഴി നല്‍കി. കേസില്‍ സെപ്തംബര്‍ 23ന് കോടതി വിധി പറയും.

Exit mobile version