ഷാര്‍ജയില്‍ വീണ്ടും വിരുന്നെത്തി അക്ഷരവസന്തം; ഒക്ടോബര്‍ 31ന് തുടങ്ങുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ നൂറ്റമ്പതിലേറെ മലയാള പുസ്തകങ്ങള്‍

ദുബായ്: ഒക്ടോബര്‍ 31ന് ബുധനാഴ്ച ലോകത്തിലെ ഏറ്റവുംവലിയ മൂന്നാമത് പുസ്തകമേളയായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമാകും. പത്ത് ദിവസത്തെ മേളയില്‍ ഇത്തവണയും മലയാളത്തിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി എഴുത്തുകാര്‍ എത്തും. ഏഴാം നമ്പര്‍ ഹാളിലാണ് ഇന്ത്യന്‍ പ്രസാധകരുടെ പുസ്തകങ്ങള്‍ അണിനിരത്തുക.

പുസ്തകോത്സവത്തിന്റെ വേദി പതിവ് പോലെ ഷാര്‍ജ എക്‌സ്‌പോ സെന്റര്‍ തന്നെയാണ്. നൂറോളം രാജ്യങ്ങളില്‍ നിന്നായി 1200ല്‍പ്പരം പ്രസാധകരാണ് ഇത്തവണ എത്തുന്നത്. ജപ്പാനാണ് അതിഥി രാഷ്ട്രം. തമിഴ് ഭാഷയില്‍ നിന്ന് പന്ത്രണ്ടോളം പ്രസാധകര്‍ എത്തുന്നതാണ് ഈ വര്‍ഷത്തെ സവിശേഷതയെന്ന് ഷാര്‍ജ പുസ്തകോത്സവത്തിന്റെ എക്‌സ്റ്റേണല്‍ അഫയേര്‍സ് എക്‌സിക്യുട്ടീവ് മോഹന്‍കുമാര്‍ പറഞ്ഞു.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇക്കുറിയും കലാസാഹിത്യ രംഗങ്ങളിലേയും സാമൂഹികസാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലേയും സംഗീതം, സിനിമ, മാധ്യമം, പാചകം തുടങ്ങിയ രംഗങ്ങളിലേയും പ്രമുഖര്‍ പങ്കെടുക്കും. ‘മീശ’ എന്ന നോവലിന്റെ രചയിതാവ് എസ്. ഹരീഷ്, ‘തൊട്ടപ്പന്‍’ എന്ന കഥാസമാഹാരത്തിലൂടെ സമകാലിക മലയാള കഥാലോകത്ത് ഇടം കണ്ടെത്തിയ ഫ്രാന്‍സിസ് നൊറോണ, ‘ഒറ്റമരപ്പെയ്ത്ത്’ എന്ന പുതിയ പുസ്തകവുമായി ദീപ നിശാന്ത് എന്നിവര്‍ മേളയിലെത്തും.

വിവിധ ദിവസങ്ങളിലായി മലയാളത്തില്‍നിന്ന് മാത്രം നൂറ്റമ്പതിലേറെ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. പുതുതായി സജ്ജമാക്കിയ റൈറ്റേര്‍സ് ഫോറം എന്ന ഹാളിലായിരിക്കും പ്രധാനമായും മലയാള പുസ്തകങ്ങളുടെ പ്രകാശനം. രണ്ടായിരത്തോളം സാംസ്‌കാരിക പരിപാടികളാണ് പത്ത് ദിവസത്തേ മേളയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കാലത്ത് ഒമ്പത് മുതല്‍ രാത്രി പത്ത് വരെയാണ് പ്രവേശനം. കാലത്ത് വിദ്യാര്‍ഥികളെയാണ് പ്രധാനമായും പ്രതീക്ഷിക്കുന്നത്. ഇതില്‍ തന്നെ ഞായര്‍, ചൊവ്വ ദിവസങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ബാക്കി ദിവസങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശിക്കാം.

Exit mobile version