“ഞാന്‍ രണ്ട് ഇന്ത്യയില്‍ നിന്നാണ് വരുന്നത് ” : കൊമേഡിയന്‍ വിര്‍ ദാസിനെതിരെ പരാതിയുമായി ബിജെപി നേതാവ്

ന്യൂഡല്‍ഹി : സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ‘ഞാന്‍ രണ്ട് ഇന്ത്യയില്‍ നിന്നാണ് വരുന്നത് ‘ എന്ന കോമഡി പ്രോഗ്രാമിന് പിന്നാലെ സ്റ്റാന്‍ഡ് അപ് കൊമേഡിയനും നടനുമായ വിര്‍ ദാസിനെതിരെ പരാതി. വിദേശമണ്ണില്‍ ഇന്ത്യയെ താറടിച്ച് കാട്ടി എന്നാരോപിച്ച് ബിജെപി ഡല്‍ഹി വക്താവ് ആദിത്യ ഛായാണ് വിറിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.

വിദേശ രാജ്യത്ത് ഇന്ത്യയെ താറടിച്ചുകാട്ടാന്‍ ആരെയും അനുവദിക്കില്ലെന്നും വിറിന്റെ അറസ്റ്റ് വരെ പോരാട്ടം തുടരുമെന്നും ഛാ ട്വിറ്ററില്‍ വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തു. കെന്നഡി സെന്ററിലെ കോമഡി പരിപാടിയുടെ വീഡിയോ തിങ്കളാഴ്ചയാണ് വിര്‍ ദാസ് സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചത്. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രാജ്യത്തെ വൈരുധ്യങ്ങളെപ്പറ്റിയും കര്‍ഷകസമരം മുതല്‍ മാലിന്യപ്രശ്‌നം വരെയുള്ള വിവാദ വിഷയങ്ങളെപ്പറ്റിയും നര്‍മത്തില്‍പ്പൊതിഞ്ഞ് വിര്‍ പരാമര്‍ശിക്കുന്നുണ്ട്.

“ഞാന്‍ വരുന്നത് രണ്ട് ഇന്ത്യയില്‍ നിന്നാണ്. അവിടെയാണ് 30 വയസ്സില്‍ താഴെ പ്രായമുള്ള ഏറ്റവുമധികം ആളുകള്‍ ജോലി ചെയ്യുന്നത്. പക്ഷേ അതേ ഇന്ത്യ 75 വയസ്സ് പ്രായമുള്ള നേതാക്കളുടെ 150 വര്‍ഷം പഴക്കം ചെന്ന ആശയങ്ങള്‍ക്കാണ് ഇപ്പോഴും ചെവികൊടുക്കുന്നത്” എന്നതടക്കമുള്ള വിറിന്റെ പരാമര്‍ശങ്ങള്‍ വന്‍ കയ്യടിയോടെയാണ് കാണികള്‍ സ്വീകരിക്കുന്നത്.

നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ വിറിന്റെ പോസ്റ്റിന് വന്‍ പിന്തുണ പ്രഖ്യാപിച്ചെത്തിയത്. എന്നാല്‍ വീഡിയോയെ പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുണ്ട്. ആക്ഷേപഹാസ്യമാണ് വീഡിയോയിലൂടെ ഉദ്ദേശിച്ചിരിക്കുന്നതെന്നും വ്യത്യസ്ത സാഹചര്യങ്ങളിലും ഇന്ത്യ എന്ന വികാരമാണ് താന്‍ അടക്കമുള്ളവരെ ആവേശം കൊള്ളിക്കുന്നതെന്നും പിന്നാലെ വിര്‍ ദാസ് കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി പ്രതീക്ഷയോടെ കയ്യടിക്കണമെന്നും വെറുപ്പോടെയാവരുതെന്നും പ്രസ്താവനയില്‍ വിര്‍ പറയുന്നുണ്ട്.

കോണ്‍ഗ്രസ് നേതാവ് കപില്‍ സിംഗ് അടക്കമുള്ളവര്‍ വിര്‍ ദാസിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

Exit mobile version