മാസ് വരവ് നെഞ്ചിലേറ്റി വോട്ടര്‍മാര്‍; തൃത്താലയുടെ രാഷ്ട്രീയ മണ്ണ് ഇളക്കിമറിച്ച് പുതുചിത്രമായി എംബി രാജേഷ്; ഇനി പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയിലേയ്‌ക്കോ…!

MB Rajesh | Bignewslive

സിനിമയെ വെല്ലുന്ന മാസ് വരവില്‍ തൃത്താലയില്‍ മത്സംര രംഗത്തിറങ്ങിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംബി രാജേഷിനെ വോട്ടര്‍മാര്‍ നെഞ്ചിലേറ്റി. ജീപ്പോടിച്ച് പാലത്തിലൂടെ എത്തുന്ന രാജേഷ്, സ്ലോ മോഷനില്‍ ജീപ്പില്‍ നിന്ന് ഇറങ്ങി കുട ചൂടി നടന്നു വരുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ആ തരംഗം ഇന്ന് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചിരിക്കുകയാണ്. തൃത്താലയുടെ ഉറച്ച വിശ്വാസമായ വിടി ബല്‍റാമിനെ താറടിച്ചുകൊണ്ടാണ് എംബി രാജേഷ് വിജയകൊടി പാറിച്ചത്. ഇനി ആ മാസ് എന്‍ട്രി രണ്ടാം പിണറായി സര്‍ക്കാരിന്റ മന്ത്രിസഭയിലേയ്‌ക്കോ എന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്.

കേരളത്തിന്റെ പ്രബുദ്ധതയുടെ അടയാളമായി രാജ്യത്താകെ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എംബി രാജേഷ്. നിലപാട് കൊണ്ടും പാണ്ഡിത്യം കൊണ്ടും ഭരണമികവ് കൊണ്ടും കാഴ്ചപ്പാട് കൊണ്ടും രാജ്യത്തെ തന്നെ ശ്രദ്ധേയ രാഷ്ട്രീയ വ്യക്തിത്വം. ഇപ്പോള്‍ തൃത്താല നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ചിരിക്കുകയാണ് എംബി രാജേഷ്. തൃത്താലയിലെ എല്‍ഡിഎഫിന്റെ വിജയം എകെജി എന്ന മാഹാമനുഷ്യനോട് കേരളം കാണിക്കുന്ന ഏറ്റവും വലിയ നന്ദിയാണ്. രാഷ്ട്രീയ ഗിമ്മിക്കുകള്‍ക്കും സോഷ്യല്‍മീഡിയ ബുദ്ധിജീവിസത്തിനും അപ്പുറം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പറയുന്നവര്‍ക്കും ജനങ്ങളോടൊപ്പം നില്‍ക്കുന്നവര്‍ക്കുമാണ് വിജയമെന്ന് തൃത്താലയിലൂടെ കേരളം പ്രഖ്യാപിച്ചുകഴിഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയും തീപാറും പോരാട്ടം കാഴ്ചവെച്ച പാര്‍ലമെന്റേറിയനായിരുന്നു എംബി രാജേഷ്. പാര്‍ലമെന്റില്‍ ബിജെപി നേതാക്കളെ മുട്ടുകുത്തിച്ച അനുഭവങ്ങള്‍ എംബി രാജേഷിന്റെ രാഷ്ട്രീയ ജീവിതത്തെ പോരാട്ടമാക്കിയിരുന്നു. ഭരണഘടനാ വിരുദ്ധമായ ഭരണത്തെ ഭരണഘടനയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നേരിട്ട നേതാവായിരുന്നു അദ്ദേഹം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയതിന് ശേഷവും എംബി രാജേഷ് പോരാട്ടം തുടരുകയായിരുന്നു. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ കൃത്യമായി വിലയിരുത്തി ജനങ്ങള്‍ക്കിടയിലേക്കെത്തിക്കാന്‍ എം ബി രാജേഷ് മുന്നില്‍ തന്നെ ഉണ്ടായിരുന്നു.

കേരളത്തിലെ മാധ്യമ ചര്‍ച്ചകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലവും എം ബി രാജേഷ് നിറസാന്നിധ്യമായിരുന്നു. കൃത്യമായ വിശകലനങ്ങളും കണക്കുകളും നിലപാടുകളും കൊണ്ട് എതിരാളികളെ തകര്‍ത്തെറിഞ്ഞ ചര്‍ച്ചാമുഖത്തെ സാന്നിധ്യം ആയിരുന്നു അദ്ദേഹം. ഒരുഘട്ടത്തില്‍ ഇടതുപക്ഷത്തിനെതിരെ മാധ്യമ ആക്രമണം അതിരുകടന്നപ്പോള്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിച്ച് എല്ലാ ആക്രമണങ്ങളെയും പ്രതിരോധിക്കാനും കള്ളപ്രചരണങ്ങളെ എണ്ണിയെണ്ണി പറഞ്ഞ് പൊളിക്കാനും എംബി രാജേഷിന് കഴിഞ്ഞിട്ടുണ്ട്.

പ്രതിപക്ഷവും മാധ്യമങ്ങളും ഉണ്ടാക്കിയ പുകമറയും രാഷ്ട്രീയ ആക്രമണങ്ങളും ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞത് എംബി രാജേഷിനെ പോലുള്ള നേതാക്കളുടെ ഇടപെടലുകളിലൂടെയായിരുന്നു. സോഷ്യല്‍മീഡിയയെ കൃത്യമായി ഉപയോഗപ്പെടുത്തി കേരളത്തിലെ ജനങ്ങളിലേക്ക് സത്യം എത്തിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം ചെറുതായിരുന്നില്ല. ഈ സാഹചര്യത്തില്‍, തൃത്താലയില്‍ എംബി രാജേഷിനെ പരീക്ഷിക്കാനുള്ള എല്‍ഡിഎഫിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ഈ തെരഞ്ഞെടുപ്പ് കാണിച്ചു തന്നിരിക്കുകയാണ്.

Exit mobile version