നൃത്തലോകത്ത് ആടിതകര്‍ക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അരങ്ങേറ്റം കുറിക്കുന്നു

നൃത്തലോകത്ത് ആടിതകര്‍ക്കാന്‍ ട്രാന്‍സ്ജന്‍ഡര്‍ അരങ്ങേറ്റം കുറിക്കുന്നു. കാഞ്ഞങ്ങാട്ട് സ്വദേശി ഇഷ കിഷോറാണ് കുച്ചുപ്പുടിയില്‍ ചുവടുവെക്കുന്നത്. നാളെ കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് പരിപാടി. സംസ്ഥാന ട്രാന്‍സ്ജന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡംഗം കൂടിയാണ് ഇഷ.

നീലേശ്വരത്തെ നാട്യധര്‍മ്മി നൃത്തവിദ്യാലയത്തിലെ അധ്യാപകന്‍ ആര്‍എല്‍വി ബാബു കൃഷ്ണയുടെ ശിക്ഷണത്തിലാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇഷ കുച്ചുപ്പുടി അഭ്യസിക്കുന്നത്. ചെറുപ്പം തൊട്ടെ നൃത്ത പഠനത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു ഇഷ. എന്നാല്‍ ആ സമയം സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല.

ട്രാന്‍ജന്‍ഡര്‍ എന്ന നിലയില്‍ സ്വന്തം വ്യക്തിത്വത്തോടെ കലാരംഗത്ത് ചുവടുറപ്പിക്കാന്‍ തന്റെ അരങ്ങേറ്റത്തിലൂടെ മറ്റുള്ളവര്‍ക്ക് പ്രചോദനമാവുമെന്ന പ്രതീക്ഷയിലാണ് ഇഷ.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില് കാസര്‍കോട് മണ്ഡലത്തിലെ ഏക ട്രാന്‍സ്ജന്‍ഡര് വോട്ടറായിരുന്നു ഇഷ. നിലവില്‍ ട്രാന്‍സ്ജന്‍ഡര്‍ സംഘടനയായ ക്ഷേമയുടെ ജില്ലാ പ്രസിഡണ്ടാണ്.

ജീവിതത്തിന്റെ പ്രതിസന്ധികളെ തരണം ചെയ്ത് ഇന്ന് സ്വന്തം വ്യക്തിത്വത്തോടെ സ്വപ്നസാക്ഷാത്ക്കാരത്തിന് ഒരുങ്ങി നില്‍ക്കുമ്പോള്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഇഷ പ്രതികരിച്ചു.

Exit mobile version