ബ്രിട്ട്‌നിക്ക് മേലുള്ള രക്ഷാകര്‍തൃഭരണം അവസാനിപ്പിക്കാമെന്ന് ജെയ്മി : 445 കോടിയുടെ എസ്‌റ്റേറ്റ് വിട്ടുനല്‍കും

Britney Spears | Bignewslive

ലോസ് ഏഞ്ചല്‍സ് : പോപ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സിന് മേലുള്ള രക്ഷാകര്‍തൃഭരണം അവസാനിപ്പിക്കാമെന്ന് സമ്മതിച്ച് പിതാവ് ജെയ്മി സ്പിയേഴ്‌സ്. 60 മില്യണ്‍ ഡോളറോളം(ഏകദേശം 445 കോടി രൂപ) മൂല്യമുള്ള സ്ഥാനമാനങ്ങളില്‍ നിന്ന് സ്വമേധയാ ഒഴിയാമെന്ന് ജെയ്മി വ്യാഴാഴ്ച കോടതിയെ അറിയിച്ചു.

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കാണ് താനിത്രയും നാള്‍ ഇരയായതെങ്കിലും മകളുമായി പരസ്യമായ വാക്കുതര്‍ക്കങ്ങള്‍ക്കില്ലെന്ന് കോടതിയില്‍ എഴുതി തയ്യാറാക്കിയ പ്രസ്താവനയിലൂടെ ജെയ്മി പറഞ്ഞു.സെപ്റ്റംബര്‍ 29നാണ് പിതാവിന്റെ രക്ഷാകര്‍തൃത്ത്വിനെതിരെ ബ്രിട്ട്‌നി നല്‍കിയ കേസില്‍ വാദം നടക്കുക. എന്ന് മുതലാണ് ജെയ്മി സ്ഥാനമൊഴിയുക എന്ന് വ്യക്തമല്ല.

തന്റെയും തന്റെ സ്വത്തുക്കളുടെയും നിയന്ത്രണം തനിക്ക് തന്നെ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മാസം മുമ്പാണ് ബ്രിട്ട്‌നി കോടതിയെ സമീപിച്ചത്. താന്‍ സമ്പാദിച്ച സ്വത്തുക്കള്‍ ഒന്നും തന്നെ തനിക്ക് അനുഭവിക്കാന്‍ സാധിക്കുന്നില്ലെന്നും ഇത് തന്നോട് കാണിക്കുന്ന അനീതിയാണെന്നും ബ്രിട്ട്‌നി കോടതിയില്‍ പറഞ്ഞിരുന്നു.

തനിക്ക് സ്വന്തമായി ഒന്നും തന്നെ ചെയ്യാന്‍ സ്വാതന്ത്യമില്ലെന്നും തികച്ചും വ്യക്തിപരമായ കാര്യങ്ങളില്‍ പോലും സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ അവകാശങ്ങളില്ലെന്നുമുള്‍പ്പടെ ഗുരുതരമായ വാദങ്ങളായിരുന്നു ബ്രിട്ട്‌നി ഉയര്‍ത്തിയത്. ഗായികയുടെ മാനസിക നില
തകരാറിലായത് കൊണ്ടാണ് സ്വത്തുക്കളുടെ അവകാശം ഏറ്റെടുത്തിരിക്കുന്നതെന്നായിരുന്നു ജെയ്മിയുടെ വാദം.

മറവിരോഗമോ മാനസികാരോഗ്യപ്രശ്‌നങ്ങളോ നേരിടുന്ന വ്യക്തികള്‍ക്ക് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ കഴിയില്ലെന്ന് തെളിഞ്ഞാല്‍ കോടതി അനുവദിക്കുന്നതാണ് രക്ഷാകര്‍തൃ ഭരണം. 2008 മുതല്‍ ബ്രിട്ട്‌നിയുടെ സ്വത്ത് കൈകാര്യം ചെയ്യുന്നത് പിതാവാണ്.ജെയ്മിയുടെ ഭരണം അവസാനിപ്പിക്കാതെ താന്‍ സംഗീതപരിപാടികളില്‍ പങ്കെടുക്കില്ലെന്നും ബ്രിട്ട്‌നി പ്രഖ്യാപിച്ചിരുന്നു.

Exit mobile version