ഇ സിഗരറ്റ് നിക്കോട്ടിന്‍ രഹിതമോ? വിദഗ്ധര്‍ പറയുന്നതിങ്ങനെ

യാതൊരു ശാസ്ത്രീയാടിത്തറയുമില്ലാതെ വന്‍ പ്രചാരണങ്ങളാണ് ഇ-സിഗററ്റുകള്‍ക്കു വേണ്ടി നടക്കുന്നത്

ഇ സിഗരറ്റ് സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍. സാധാരണ സിഗററ്റുകളെക്കാള്‍ സുരക്ഷിതമായത്, നിക്കോട്ടിന്‍ രഹിതമായത്, പുകവലി ശീലമായവര്‍ക്കു വലി നിര്‍ത്താന്‍ ഉപകാരപ്പെടുന്നത് എന്നൊക്കെയുള്ള യാതൊരു ശാസ്ത്രീയാടിത്തറയുമില്ലാതെ വന്‍ പ്രചാരണങ്ങളാണ് ഇ-സിഗററ്റുകള്‍ക്കു വേണ്ടി നടക്കുന്നത്. എന്താണ് ഇ സിഗരറ്റ്? എന്തൊക്കെയാണ് ഇതിന്റെ സവിശേഷത? എന്താണ് ഇതിനു പിന്നിലെ സത്യാവസ്ഥ?

സാധാരണ സിഗരറ്റുകള്‍ പോലെയോ, പേനകള്‍ പോലെയോ, ലിപ്സ്റ്റിക്ക് പോലെയോ തോന്നിപ്പിക്കുന്ന വിവിധതരം ഇ സിഗരറ്റുകള്‍ ഇന്ന് ലഭ്യമാണ്. ഏതാണ്ട് 500 ഓളം ഇ സിഗരറ്റ് ബ്രാന്‍ഡുകളാണ് ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിപണിയില്‍ മത്സരിക്കുന്നത്. ദ്രാവക രൂപത്തിലുള്ള ഒരു കത്തുന്ന പദാര്‍ത്ഥം ബാറ്ററികളുടെ സഹായത്തോടെ തിളപ്പിച്ച് അതിന്റെ ആവി വലിച്ചെടുക്കുക എന്നതാണ് ഇ-സിഗററ്റുകളുടെ പ്രവര്‍ത്തനതത്വം. ഇത്തരത്തില്‍ ആവി ശ്വസിക്കുന്നതിനെ വേപ്പിങ് എന്ന് പറയുന്നു.

ഇത് സാധാരണ പുകവലിയേക്കാള്‍ എത്രകണ്ട് സുരക്ഷിതമാണെന്നതിനെ കുറിച്ച് കാര്യമായ ശാസ്ത്രീയ പഠനങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ഇ സിഗരറ്റില്‍ ഉപയോഗിക്കുന്ന ദ്രാവകം എത്രത്തോളം സുരക്ഷിതമെന്നതിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ വന്നാലേ ഇത് ഉറപ്പിക്കാനാകൂ. ഇത് നിക്കോട്ടിന്‍ വിരുദ്ധമാണെന്നൊക്കെ പറയുന്നത് തട്ടിപ്പാണ്. സാധാരണ പുകവലിക്കുമ്പോള്‍ നിക്കോട്ടിന്‍ പുകയുടെ രൂപത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നു, ഇ-സിഗററ്റുകളില്‍ നിക്കോട്ടിന്‍ നീരാവി രൂപത്തില്‍ ശ്വസിക്കുന്നു എന്ന ഒരൊറ്റ വ്യത്യാസമേ ഇവ തമ്മിലുള്ളൂ.

ഇ-സിഗരറ്റ് വലിച്ച് ആളുകള്‍ പുകവലി നിര്‍ത്തുന്നു എന്നൊക്കെ പറയുന്നത് ശുദ്ധ അബദ്ധമാണ്. ഇത് തെളിയിക്കാന്‍ ഇന്നുവരെ യാതൊരു ആധികാരിക തെളിവുകളും ലഭിച്ചിട്ടില്ല. മാത്രവുമല്ല പ്ലോസ് വണ്ണിന്റെ 2018 ലെ പഠന റിപ്പോര്‍ട്ട് പ്രകാരം ഇത് കൂടുതല്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുമെന്ന് തെളിന്നു കഴിഞ്ഞതുമാണ്. ഗര്‍ഭിണികളോടും ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവരോടും ഇ സിഗരറ്റ് ഉപയോഗിക്കരുതെന്ന് വിദഗ്ദര്‍ കര്‍ശന നിര്‍ദേശം നല്‍കുന്നുണ്ട്.

Exit mobile version