മൂന്നാം തരംഗം രണ്ടാമത്തേതിക്കോള്‍ കഠിനമായേക്കില്ല , ജാഗ്രത കൈവെടിയരുത് : ഡോ.രണ്‍ദീപ് ഗുലേറിയ

Dr.Randeep Guleria | Bignewslive

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡിന്റെ മൂന്നാം തരംഗം രണ്ടാമത്തതിനേക്കാള്‍ കഠിനമാകാന്‍ സാധ്യതയില്ലെന്ന് എയിംസ് മേധാവി ഡോ.രണ്‍ദീപ് ഗുലേറിയ. എന്നാല്‍ വൈറസിനെയും അതിന്റെ വകഭേദങ്ങളെയും കുറച്ച് കാണരുതെന്നും രണ്ടാം തരംഗത്തില്‍ നിന്നും നമ്മള്‍ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“മൂന്നാം തരംഗം രണ്ടാമത്തതിനേക്കാള്‍ കഠിനമാകുമോ എന്നതിനെപ്പറ്റി ധാരാളം ചര്‍ച്ച നടക്കുന്നുണ്ട്. ഇനിയുള്ള തരംഗം രണ്ടാമത്തേത് പോലെ പ്രയാസമുണ്ടാക്കില്ലെന്നാണ് എന്റെ തോന്നല്‍. വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദമാകും മൂന്നാം തരംഗത്തെ നയിക്കുക എന്നാണ് വ്യാപക ആശങ്ക. രണ്ടാം തരംഗത്തിന് വേഗം കൂട്ടിയ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനശേഷി കൂടിയ പതിപ്പാണിത്. സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്.” ഡോ.രണ്‍ദീപ് ദേശീയ മാധ്യമത്തോട് പറഞ്ഞു.

“ഡെല്‍റ്റ പ്ലസിനെ സൂഷ്മമായി പരിശോധിക്കുകയും പിന്തുടരുകയുമാണ്. രാജ്യത്തെ ജനങ്ങളില്‍ ഈ വകഭേദം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ജീനോം സീക്വന്‍സിങ് നടത്തുകയും അതിനനുസരിച്ച് പ്രതിരോധ പദ്ധതി തയ്യാറാക്കുകയും വേണം. രണ്ടാമത്തെ തരംഗത്തില്‍ നിന്ന് നമ്മള്‍ പഠിക്കുകയും മൂന്നാം തരംഗത്തെ നേരിടാന്‍ ഒരുങ്ങുകയും വേണം.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version