നോവവാക്‌സ് വാക്‌സീന്‍ 90ശതമാനം ഫലപ്രദം : ഇന്ത്യയില്‍ നിര്‍മിക്കുക സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

Vaccine | Bignewslive

വാഷിംഗ്ടണ്‍ : നോവവാക്‌സ് കോവിഡ് വാക്‌സീന്‍ തൊണ്ണൂറ് ശതമാനം ഫലപ്രദമെന്ന് പഠനറിപ്പോര്‍ട്ട്. കൊറോണ വൈറസിന്റെ എല്ലാ വകഭേദങ്ങളില്‍ നിന്നും സംരക്ഷണം പ്രകടമാക്കിയ നോവവാക്‌സ് മൊത്തത്തില്‍ 90.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുണ്ടെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

മിതമായതും കഠിനമായതുമായ രോഗങ്ങളില്‍ നിന്ന് വാക്‌സീന്‍ പൂര്‍ണ സംരക്ഷണം പ്രകടമാക്കി. ഫലപ്രാപ്തി, സുരക്ഷ, രോഗപ്രതിരോധ ശേഷി എന്നിവ വിലയിരുത്തുന്ന പഠനത്തില്‍ യുഎസിലേയും മെക്‌സിക്കോയിലെയും 119 പ്രദേശങ്ങളിലുള്ള 29,960 പേര്‍ പങ്കാളികളായെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം മൂന്നാം പാദത്തോടെ റെഗുലേറ്ററി അംഗീകാരത്തിനായി അപേക്ഷിക്കാനൊരുങ്ങുകയാണെന്നും യുഎസ് ആസ്ഥാനമായ കമ്പനി അറിയിച്ചു. മൂന്നാംപാദം അവസാനത്തോടെ 150 ദശലക്ഷം ഡോസും പ്രതിമാസം 100 ദശലക്ഷം ഡോസും വര്‍ഷാവസാനത്തോടെ 150 ദശലക്ഷം ഡോസും ഉര്പാദിപ്പിക്കുമെന്നും യുഎസ് ആസ്ഥാനമായ കമ്പനി അറിയിച്ചു.

മറ്റ് ചില കമ്പനികളുടെ വാക്‌സിനുകളെപ്പോലെ വളരെ കുറഞ്ഞ താപനിലയില്‍ നോവവാക്‌സ് സൂക്ഷിക്കേണ്ടതില്ല എന്നതാണിതിന്റെ പ്രത്യേകത. ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ആകും നോവാവാക്‌സ് നിര്‍മിക്കുക. ഇത് ഇന്ത്യയിലെ വാക്‌സീന്‍ ക്ഷാമത്തിന് പരിഹാരമുണ്ടാക്കും എന്നാണ് കരുതുന്നത്.

Exit mobile version