പുകവലി എങ്ങനെ നിര്‍ത്താം? ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കൂ, വിദഗ്ധര്‍ പറയുന്നു

smoking | bignewslive

എഴുതിയത് :ഡോ. ജിതിന്‍. ടി. ജോസഫ്
ഇന്‍ഫോ ക്ലിനിക്

*പുകയിലയുടെ സ്ഥിരമായ ഉപയോഗം നിക്കോട്ടിന്‍ ഡിപെന്‍ഡന്‍സ് സിന്‍ഡ്രോം എന്ന ആശ്രയത്വ അവസ്ഥയിലേക്ക് നയിക്കാം. പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നവരില്‍ 20-50% ആളുകള്‍ക്ക് ഈ അവസ്ഥയുണ്ടാകാം. നിക്കോട്ടിന്‍ ഡിപെന്‍ഡന്‍സ് സിന്‍ഡ്രോമിനെ കുറിച്ചും എങ്ങനെ പുകവലി/പുകയില ഉപയോഗം നിര്‍ത്താം എന്നതിനെക്കുറിച്ചുമാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

*എന്താണ് നിക്കോട്ടിന്‍ ഡിപെന്‍ഡന്‍സ് സിന്‍ഡ്രോം/നിക്കോട്ടിന്‍ ആശ്രയത്വം?

*പുകയില ഉല്പന്നങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ ഉണ്ടാകുന്ന ഒരു മാനസികരോഗാവസ്ഥയാണ് നിക്കോട്ടിന്‍ ഡിപെന്‍ഡന്‍സ് സിന്‍ഡ്രോം. മറ്റു ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന വ്യക്തികളിലും ഈ അവസ്ഥ കാണാറുണ്ട്. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ എന്ന രാസവസ്തു നമ്മുടെ തലച്ചോറില്‍ പ്രവര്‍ത്തിക്കുന്നത് വഴിയാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ലഹരി ഉപയോഗിക്കുന്ന അളവ് കൂടി വരിക, ഉപയോഗം നിര്‍ത്താന്‍ സാധിക്കാതെ വരിക, നിര്‍ത്തുകയോ ഉപയോഗം കുറക്കുകയോ ചെയ്യുമ്പോള്‍ വിടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടാകുക, ഉപയോഗം ശാരീരിക- മാനസിക ആരോഗ്യത്തെയും വ്യക്തി ജീവിതത്തെയും ബാധിച്ചിട്ടും നിറുത്താന്‍ പറ്റാതെ വരിക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

*എങ്ങനെയാണ് നിക്കോട്ടിന്‍, ആശ്രയത്വത്തിനു കാരണമാകുന്നത് ?

*ലഹരി വസ്തുക്കളും, അതുപോലെ സ്വാഭാവികമായി നമ്മള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങളും( നല്ല ഭക്ഷണം,സിനിമ, പ്രണയം, യാത്ര, സെക്‌സ് ) ആ അനുഭൂതി നല്‍കുന്നത് തലച്ചോറിലെ റിവാര്‍ഡ് ഏരിയ എന്ന ഭാഗത്ത് പ്രവര്‍ത്തിച്ച് അവിടെ ഡോപ്പമിന്‍ എന്ന നാഡീ രസം കൂടുതലായി ഉണ്ടാക്കിയാണ്.
*പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ എന്ന പദാര്‍ത്ഥമാണ് അതിന്റെ ലഹരിക്ക് കാരണം. ആദ്യം വലിക്കുന്ന ഒരു വ്യക്തിയുടെ തലച്ചോറിലെ റീവാര്‍ഡ് ഏരിയയില്‍ നിക്കോട്ടിന്‍ പോയി അവിടയുള്ള നിക്കോട്ടിന്‍ റിസെപ്റ്ററില്‍ പിടിച്ചു വളരെ പെട്ടന്ന് തന്നെ കൂടുതല്‍ അളവില്‍ ഡോപ്പമിന്‍ ഉണ്ടാക്കും. ഇതാണ് വലിക്കുമ്പോള്‍ ഒരു കിക്ക് കിട്ടാനും, അതുപോലെ ഒരു സുഖകരമായ അവസ്ഥക്കും കാരണം.
*പക്ഷേ നിക്കോട്ടിന്‍ റിസെപ്റ്ററിന് ഒരു പ്രത്യേകതയുണ്ട്. കുറച്ചു സമയം കഴിയുമ്പോള്‍ നികോട്ടിനോടുള്ള പ്രതികരണ ശേഷി കുറയും, അങ്ങനെ ഡോപ്പമിന്‍ ഉണ്ടാകുന്നത് കുറയുകയും, വലിക്കുമ്പോള്‍ ഉള്ള സുഖം നഷ്ടപ്പെടുകയും ചെയ്യും.
*അതുകൊണ്ടാണ് ഒരു സിഗരറ്റ് വലിച്ച് തുടങ്ങുമ്പോള്‍ കിട്ടുന്ന ഒരു സുഖം അവസാനമാകുമ്പോള്‍ ലഭിക്കാതെ വരുന്നത്. അപ്പോ നമ്മള്‍ വലിക്കുന്നത് നിറുത്തും. ഇതൊക്കെ കണക്കിലെടുത്താണ് സിഗരറ്റിന്റെ നീളം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
*ഒരു നിശ്ചിത സമയം കഴിയുമ്പോള്‍ റീവാര്‍ഡ് ഏരിയയില്‍ ഡോപ്പാമിന്‍ കുറയും, നമുക്ക് വീണ്ടും വലിക്കാന്‍ തോന്നും.
*അപ്പോള്‍ വലിക്കാന്‍ പറ്റിയില്ല എങ്കില്‍ പതിയെ വിടുതല്‍ ലക്ഷണങ്ങള്‍ വന്ന് തുടങ്ങും. അത് വലിക്കാനുള്ള ആഗ്രഹം ശക്തമാക്കും. വലിച്ച് കഴിയുമ്പോള്‍ വീണ്ടും ഡോപ്പമിന്‍ കിട്ടുകയും വിടുതല്‍ ലക്ഷണങ്ങള്‍ കുറയുകയും ചെയ്യും. ഇതാണ് വീണ്ടും വീണ്ടും വലിക്കാനുള്ള ആഗ്രഹത്തിന് പിന്നില്‍.
*വലി തുടങ്ങുന്ന നാളുകളില്‍ അതില്‍ നിന്ന് ലഭിക്കുന്ന സുഖത്തിന് വേണ്ടിയാണ് ആളുകള്‍ പുകയില ഉപയോഗിക്കുന്നത് എങ്കില്‍, സ്ഥിരമായി ഉപയോഗിച്ച് തുടങ്ങുമ്പോള്‍, ഇടക്ക് ഇടക്ക് ഉണ്ടാകുന്ന വിടുതല്‍ ലക്ഷണങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് കൃത്യമായ ഇടവേളകളില്‍ വലിക്കുക. അങ്ങനെ ഏകദേശം 1.5-2 മണിക്കൂറില്‍ ഒരു സിഗരറ്റ് എന്ന നിലയില്‍ വലി എത്തും. ചിലര്‍ രാത്രിയില്‍ ഉറക്കത്തിന് ഇടക്കും, അതി രാവിലെയും വലിക്കും.
*ജനിതകമായ ഘടകങ്ങള്‍, പാരമ്പര്യം, തലച്ചോറിലെ പ്രവര്‍ത്തനങ്ങളില്‍ ഉള്ള വ്യത്യാസം, മാനസിക സംഘര്‍ഷം, എടുത്തുചാട്ട പ്രകൃതം ഉളളവര്‍, മാനസിക രോഗങ്ങള്‍, സാമൂഹിക സമ്മര്‍ദങ്ങള്‍, വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഇവയൊക്കെ ഒരാള്‍ക്ക് നിക്കോട്ടിന്‍ ആശ്രയത്വം ഉണ്ടാകുന്നതിന് കാരണമാകാം.

*പുകവലി നിര്‍ത്തുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെ ?

പുകവലി നിര്‍ത്തുന്നത് പലതരത്തിലുള്ള ആരോഗ്യപരമായ നേട്ടങ്ങള്‍ക്കു കാരണമാകും എന്ന് കണ്ടെത്തിയിട്ടുണ്ട്.
*വലി നിര്‍ത്തി 20 മിനിറ്റ് ആകുമ്പോള്‍ തന്നെ ഹൃദയമിടിപ്പും, രക്ത സമ്മര്‍ദ്ദവും കുറയുന്നു, 12 മണിക്കൂര്‍ ആകുമ്പോള്‍ രക്തത്തിലെ കാര്‍ബണ്‍ മോണോക്സൈഡിന്റെ അളവ് കുറയുന്നു.
*2-3 മാസമാകുമ്പോള്‍ രക്തചംക്രമണവും ശ്വാസകോശ ശേഷിയും കൂടും. വരും മാസങ്ങളില്‍ ശ്വാസംമുട്ടലും ചുമയും നല്ലരീതിയില്‍ കുറയും.
*ഒരു വര്‍ഷമാകുമ്പോള്‍ ഹൃദരോഗസാദ്യത പുകവലി തുടരുന്നവരെ അപേക്ഷിച്ചു പകുതിയാകും. പക്ഷാഘാത സാധ്യതയും പകുതിയാകും.
*10 വര്‍ഷമാകുമ്പോള്‍ ശ്വാസകോശ അര്‍ബുദ സാധ്യത പകുതിയാവുകയും, അതുപോലെ മറ്റു ക്യാന്‍സര്‍ സാധ്യത കുറയുകയും ചെയ്യും.
*വലി നിര്‍ത്തി 15 വര്‍ഷമാകുമ്പോള്‍ ഹൃദ്രോഗ സാദ്യത വലിക്കാത്ത വ്യക്തിയുടേതിന് തുല്യമാകും.
*30 വയസില്‍ വലി നിര്‍ത്തുന്നത് വ്യക്തിയുടെ ആയുസ് 10 വര്‍ഷം കൂടാന്‍ കാരണമാകും.
*ഇത് കൂടാതെ നമ്മള്‍ വലിക്കുമ്പോള്‍ പുറത്തു വിടുന്ന പുക ശ്വസിച്ചു വീട്ടിലും ചുറ്റുമുള്ളവര്‍ക്കും ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും കുറയും.
*ഒപ്പം രോഗ പ്രതിരോധ ശേഷി, പൊതുവായ ആരോഗ്യം, നല്ല ഉറക്കം തുടങ്ങി നിരവധി മാറ്റങ്ങള്‍ ഉണ്ടാകും.

*?പുകവലി നിര്‍ത്താന്‍ എന്ത് ചെയ്യാന്‍ പറ്റും?

*പുകവലിക്കുന്ന ആളുകളില്‍ നല്ലൊരു ശതമാനവും (60-80%) വലി നിര്‍ത്തണം എന്ന് ആഗ്രഹമുള്ളവരും അതിനായി സ്വയം ശ്രമിച്ചിട്ടുള്ളവരുമാണ്.
*എന്നാല്‍ പുകയില ഉപയോഗം ആശ്രയത്വ നിലയിലുള്ള ഒരു വ്യക്തിക്ക് സ്വയം അത് നിയന്ത്രിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്ഥിരമായ നിക്കോട്ടിന്‍ ഉപയോഗംകൊണ്ട് തലച്ചോറില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ മൂലം സ്വയം ഉപയോഗം നിര്‍ത്തുന്നത് വളരെ ശ്രമകരമാണ്.
*സ്വയം ഇങ്ങനെ നിര്‍ത്താന്‍ ശ്രമിച്ചിട്ടുള്ളവരില്‍ 5 ശതമാനത്തില്‍ താഴെ മാത്രം ആളുകള്‍ക്കെ അത് സാധിച്ചിട്ടുള്ളൂ.
*ശരിയായ ചികിത്സാ സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍, തുടക്കത്തില്‍ 60- 100% വരെ വ്യക്തികള്‍ക്ക് വലിയ നിര്‍ത്തുവാനും ഒരു വര്‍ഷത്തില്‍ ഏകദേശം 20% ആളുകള്‍ക്ക് ഇ നേട്ടം സ്ഥിരമായി നിലനിര്‍ത്താനും സാധിക്കുന്നുണ്ട്.
*തന്റെ പുകവലി എത്രത്തോളം തീവ്രമാണ് എന്നറിയാന്‍ സഹായിക്കുന്ന സ്‌കെയിലുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ ആയിത്തന്നെ ഇവ പൂര്‍ത്തിയാക്കാന്‍ സാധിക്കും. അത്തരം ഒരു സ്‌കെയില്‍ ആണ് ഫാഗര്‍സ്ട്രോം ടെസ്റ്റ്. 6 ചോദ്യങ്ങളാണ് ഇതിലുള്ളത്. ഇത് പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന സ്‌കോര്‍ 4 ല്‍ കൂടുതലാണെങ്കില്‍ അത് ഗുരുതര സ്ഥിതിയുടെയും, 7 ല്‍ കൂടുതലെങ്കില്‍ അതി ഗുരുതര സ്ഥിതിയുടെയും ലക്ഷണമാണ്. അത്തരം വ്യക്തികള്‍ ഉടന്‍ തന്നെ സഹായം തേടാന്‍ ശ്രമിക്കണം. ഈ സ്‌കെയില്‍ ലിങ്ക് കമന്റ് ആയി ചേര്‍ക്കാം.

*എന്തൊക്കെയാണ് ചികിത്സാ മാര്‍ഗ്ഗങ്ങള്‍
*ഏറ്റവും പ്രധാനമായി മനസ്സിലാക്കേണ്ട കാര്യം പുകവലിക്കുന്ന വ്യക്തിയുടെ താല്പര്യം ഈ ചികിത്സ പ്രക്രിയയില്‍ വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ രോഗിയായ വ്യക്തി അറിയാതെയുള്ള ചികില്‍സകള്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്യാന്‍ സാധ്യതയുണ്ട്. പത്രത്തിലും മറ്റും കാണുന്ന പരസ്യങ്ങള്‍ കണ്ട് രോഗി അറിയാതെ മരുന്നുകള്‍ ഒന്നും കൊടുക്കുരുത്.

*മരുന്നുകള്‍ ഇല്ലാതെയുള്ള ചികിത്സ:

പുകവലി നിര്‍ത്താനോ, അല്ലെങ്കില്‍ കുറക്കാനോ ആഗ്രഹിക്കുന്നവര്‍ക്ക് മരുന്നുകളുടെ സഹായമില്ലാതെ തന്നെ അതിനായി ശ്രമിക്കാന്‍ സഹായിക്കുന്ന ചികിത്സാ രീതികളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങളെ പരിചയപ്പെടുത്താം.
*5A മോഡല്‍ :
ഏത് ആരോഗ്യപ്രവര്‍ത്തകനും തങ്ങളുടെ മുന്‍പിലെത്തുന്ന, പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന ഒരു വ്യക്തിക്കായി ചെയ്യാവുന്ന കാര്യങ്ങളാണിവ.
*Ask: വ്യക്തിയോട് പുകയില ഉല്പന്നങ്ങളുടെ ഉപയോഗത്തെ കുറിച്ചും, ഉപയോഗം നിര്‍ത്താനോ/കുറക്കാനോ ഉള്ള ആഗ്രഹത്തെയും കുറിച്ച് ചോദിക്കുക.
*Assess: ഉപയോഗത്തിന്റെ തീവ്രത, അതിലേക്കു നയിക്കുന്ന കാര്യങ്ങള്‍, മറ്റു മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, നിര്‍ത്താനുള്ള മോട്ടിവേഷന്‍ ഈ കാര്യങ്ങള്‍ വിലയിരുത്തുക.
*Advise: പുകയിലയുടെ ഉപയോഗം നിര്‍ത്താന്‍ ഉപദേശം നല്‍കുക. കേവലം ഉപദേശം മാത്രം പോരാ, അതിനായി ബ്രീഫ് ഇന്റെര്‍വെന്‍ഷന്‍ ടെക്‌നിക്കുകള്‍ ഉപയോഗിക്കാം. നിക്കോട്ടിന്‍ ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങള്‍ , അത് ആ വ്യക്തിയെ എങ്ങനെ ബാധിക്കുന്നു, നിര്‍ത്തുന്നതിന്റെ ഗുണങ്ങള്‍, തുടങ്ങിയവ ഇവിടെ ചര്‍ച്ച ചെയ്യാം.
*Assist: ഇങ്ങനെ താല്പര്യം പ്രകടിപ്പിക്കുവരെ ഒരു ക്വിറ്റ് ഡേറ്റ് തീരുമാനിക്കുന്നതിനും, അതുപോലെ ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനും സഹായിക്കുക.
*Arrange: ചികിത്സ തുടങ്ങിയവര്‍ക്ക് തുടര്‍ സേവനങ്ങള്‍ ഉറപ്പ് വരുത്തുക.

*മോട്ടിവേഷന്‍ എന്‍ഹാന്‍സ്‌മെന്റ് തെറാപ്പി(MET)

*ഏതൊരു സ്വഭാവവും മാറ്റാന്‍ ശ്രമിക്കുന്ന വ്യക്തികള്‍ ആ ശ്രമത്തിന്റെ ഭാഗമായി കുറെ ഘട്ടങ്ങളിലൂടെ കടന്നു പോകും. Stages of Change അഥവാ പരിവര്‍ത്തന ഘട്ടങ്ങള്‍ എന്നാണ് ഇതറിയപ്പെടുന്നത്.
*5 ഘട്ടങ്ങളിലൂടെയാണ് ഈ വ്യക്തികള്‍ കടന്നു പോവുക. 1.Pre-contemplation: ഉപയോഗം അടുത്തഭാവിയില്‍ എങ്ങും മാറ്റാന്‍ ഉള്ള ഉദ്ദേശമില്ല 2.Contemplation: നിര്‍ത്തണമെന്ന ആഗ്രവുമുണ്ട്, പക്ഷെ ഉപയോഗിക്കുമ്പോള്‍ ഉള്ള ആശ്വാസം ഓര്‍ക്കുമ്പോള്‍ നിര്‍ത്താന്‍ തോന്നില്ല, 3.Determination: ഉപയോഗം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും ഉപയോഗം നിര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്യുന്നു. 4.Action: ഉപയോഗം നിര്‍ത്തുന്നു അല്ലെങ്കില്‍ അതിനുള്ള ചികിത്സ തേടുന്നു 5. Maintenance: ഉപയോഗം നിര്‍ത്തി മുന്നോട്ട് പോകുന്നു.
*ഈ ഓരോ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴും ലഹരിയില്‍ നിന്ന് മോചനം നേടാനുള്ള ആളുകളുടെ പ്രചോദനം വ്യത്യസ്തമായിരിക്കും.
*ആദ്യ രണ്ടു ഘട്ടങ്ങളില്‍ പ്രചോദനം നന്നേ കുറവാണ്. ഇത്തരത്തില്‍ പ്രചോദനം കുറവുള്ളവരെ കണ്ടെത്തി അവര്‍ക്ക് ലഹരിയില്‍ നിന്നും മോചന തേടാനുള്ള ആഗ്രഹം സ്വയം ഉണ്ടാക്കാന്‍ സഹായിക്കുന്ന ചികിത്സാ രീതിയാണ് MET.
*ഈ മേഖലയില്‍ പരിശീലനം ലഭിച്ച ഒരു ചികിത്സകന്റെ സഹായത്തോടെ ആദ്യ ഘട്ടങ്ങളെ തരണം ചെയ്തു ലഹരി മോചന പ്രക്രിയയിലേക്കു കടക്കാന്‍ സാധിക്കും.
*Brief Intervention: ലഖു ചികില്‍സകള്‍
*3-5 മിനിട്ടു നീണ്ടു നില്‍ക്കുന്ന ഒരു ഉപദേശ രീതിയാണിത്. മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്ന ഏതൊരു വ്യക്തിക്കും ഇത് ചെയ്യാന്‍ പറ്റും.
*പുകയില ഉപയോഗിക്കുന്ന ഏതൊരു വ്യക്തി തന്റെ മുന്‍പില്‍ വന്നാലും അവര്‍ക്ക് വേണ്ടി 5 മിനിറ്റ് മാറ്റി വെക്കുക.
*അവരോടു പുകയില ഉപയോഗം നിര്‍ത്തുന്നതിനെ കുറിച്ച് ഉപദേശിക്കുക. ചുമ്മാ ഉപദേശം പോരാ. എന്താണ് നിക്കോട്ടിന്‍ ആശ്രയത്വം, അത് ആ വ്യക്തിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ കാരണമാകുന്നു, നിര്‍ത്തുന്നത് കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങള്‍ ഇവയെ കുറിച്ചും പറയണം.
*സഹായം തേടുന്നതു എങ്ങനെയെന്ന് ബോധ്യപ്പെടുത്തുകയും, അത്തരം സേവനങ്ങളുമായി വ്യക്തിയെ ബന്ധിപ്പിക്കുകയും ചെയ്യണം.
*എല്ലാവരും ഉപയോഗം നിറുത്തുക എന്നത് പലപ്പോഴും നടക്കണമെന്നില്ല. ആ സാഹചര്യങ്ങളില്‍ ഉപയോഗം കുറക്കുന്നതിന് പ്രാധാന്യം നല്‍കണം.
*പക്ഷേ പലപ്പോഴും കണ്ട് വരുന്നത് തന്റെ അടുത്ത് ചികിത്സക്ക് വരുന്ന വ്യക്തിയോട് ‘വലി നിര്‍ത്തണം കേട്ടോ’ എന്ന് ഒരു വാക്കില്‍ നിര്‍ദ്ദേശം നല്‍കുന്നവരെയാണ്. അതിനുള്ള വഴി എന്താണ് എന്നോ, എവിടെ ലഭിക്കുമെന്നൊ പറയില്ല. ഇത് ഫലപ്രദമല്ല.
*ഇത് കൂടാതെ ഉപയോഗത്തിലേക്ക് തിരിച്ചു പോകാതെയിരിക്കാന്‍ സഹായിക്കുന്ന റീലാപ്‌സ് പ്രെവെന്‍ഷന്‍ പരിശീലനം, സ്വയം സഹായ ഗ്രൂപ്പുകള്‍ ഇവയൊക്കെ പുകവലി നിറുത്തുന്നതിനോ കുറക്കുന്നതിനോ സഹായിക്കും.

*നിക്കോട്ടിന്‍ റീപ്ലേസ്മെന്റ് തെറാപ്പി(NRT):

*പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയുന്ന പലരും പരാജയപ്പെടാനുള്ള പ്രധാന കാരണം വലി നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന കടുത്ത വിടുതല്‍ ലക്ഷണങ്ങളാണ്. വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ഈ ലക്ഷണങ്ങള്‍ വീണ്ടും വലിച്ചാല്‍ പെട്ടന്നു കുറയുകയും ചെയ്യും. അങ്ങനെയാണ് വീണ്ടും ആളുകള്‍ വലിക്കുക.
*വലി നിര്‍ത്താനായി ശ്രമിക്കുവര്‍ക്ക് ഉണ്ടാകുന്ന വിടുതല്‍ ലക്ഷണങ്ങളുടെ തീവ്രത കുറക്കാനും, അങ്ങനെ ലഹരി മോചന യാത്ര കൂടുതല്‍ എളുപ്പമാക്കാനും സഹായിക്കുന്ന ചികിത്സാരീതിയാണ് നിക്കോട്ടിന്‍ റീപ്ലേസ്മെന്റ് തെറാപ്പി.
*വലി നിര്‍ത്തുമ്പോള്‍ നിക്കോട്ടിന്‍ ലഭ്യത പെട്ടന്ന് കുറയുന്നതാണ് വിടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടാകാന്‍ കാരണം. ഈ സമയം നിക്കോട്ടിന്റെ അളവ് താരതമ്യേന കുറവുള്ള NRT ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നതു വഴി കടുത്ത വിടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടാവാതെ ഇരിക്കുകയും അങ്ങനെ മോചന യാത്ര കുറച്ചു എളുപ്പമാവുകയും ചെയ്യും.
*പുകവലിക്കുമ്പോള്‍ നിക്കോട്ടിന്‍ ശ്വാസകോശത്തില്‍ നിന്ന് രക്തത്തില്‍ കലരുകയും അവിടെ നിന്ന് വേഗം തലച്ചോറില്‍ എത്തി അതിന്റെ ഇഫക്ട് ഉണ്ടാക്കുകയുമാണ് ചെയ്യുക.
*NRT ഉത്പന്നങ്ങളില്‍ നിക്കോട്ടിന്റെ അളവ് കുറവാണ്, അതുപോലെ തന്നെ വളരെ പതിയെ മാത്രമേ ഇവയില്‍ നിന്ന് നിക്കോട്ടിന്‍ രക്തത്തില്‍ കലര്‍ന്ന് തലച്ചോറില്‍ എത്തു. അതുകൊണ്ടു പുകയില ഉപയോഗിക്കുന്ന പോലെയുള്ള സുഖം ലഭിക്കില്ല. മറിച്ചു വിടുതല്‍ ലക്ഷണങ്ങള്‍ രൂക്ഷമാകതെ നോക്കുകയും ചെയ്യും.
*നിക്കോട്ടിന്‍ അടങ്ങിയ ഗം/പാച്ച്/സ്‌പ്രേ/ഇന്‍ഹേലര്‍ തുടങ്ങിയ ഉല്പന്നങ്ങള്‍ ലഭ്യമാണ്. ഗമ്മും, പാച്ചും ഇന്ത്യയില്‍ ലഭ്യമാണ്. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ തന്നെ ഇത് വാങ്ങാന്‍ പറ്റും.
*പുകയിലയിലയിലുള്ള ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന രാസവസ്തുക്കള്‍ NRT ഉല്പന്നങ്ങളില്‍ ഇല്ല. അതുകൊണ്ടു തന്നെ ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകില്ല.

*NRT ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നത് എങ്ങനെ?

*പുകവലി നിറുത്താന്‍ ആഗ്രമുള്ള വ്യക്തികളിലും, നിലവില്‍ താല്പര്യം പ്രകടിപ്പിക്കാത്ത വ്യക്തികളില്‍ ഉപയോഗം കുറക്കുന്നതിനും NRT ഉപയോഗിക്കാം. ഇത് ഉപയോഗിക്കുമ്പോള്‍ പുകയില ഉപയോഗം നിര്‍ത്താനുള്ള സാധ്യത 2 മടങ്ങാണ്.
*12 ആഴ്ച്ചയാണ് സാധരണ ചികിത്സ കാലയളവ്. വലിക്കുന്നത് പൂര്‍ണ്ണമായി നിറുത്തിയതിനു ശേഷം കൃത്യ ഇടവേളകില്‍ NRT ഉപയോഗിച്ച് വിടുതല്‍ ലക്ഷണങ്ങള്‍ കുറക്കുകയോ, അല്ലെങ്കില്‍ വലിക്കുന്നതിന്റെ അളവ് കുറക്കാന്‍ ഇടയില്‍ ഉപയോഗിക്കുകയോ ചെയ്യാം.

*നിക്കോട്ടിന്‍ ഗം/ ലോസാന്‍ജ് ഉപയോഗിക്കുന്ന വിധം

*ഇത് 2mg / 4mg ഡോസുകളില്‍ ലഭ്യമാണ്.ദിവസം 20 സിഗരറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ആളുകള്‍ 4mg, 20ല്‍ താഴെ ഉപയോഗിക്കുന്നവര്‍ 2mg ഗമ്മും വേണം ഉപയോഗിക്കാന്‍. 1-2 മണിക്കൂര്‍ കൂടുമ്പോള്‍ ഗം ഉപയോഗിക്കാം.
*ഗം ആദ്യം ചവക്കണം, നാവില്‍ ഒരു തരിപ്പ് തോന്നി തുടങ്ങുമ്പോള്‍ അത് മോണക്കും കവിളിനും ഇടക്കുള്ള ഭാഗത്തു വെക്കുക. തരിപ്പ് കുറയുമ്പോള്‍ വീണ്ടും ചവക്കുക. ഇങ്ങനെ 30 മിനിറ്റ് എങ്കിലും ഗം ഉപയോഗിക്കണം, എങ്കിലേ പ്രയോജനം ലഭിക്കു. ഉപയോഗിച്ചതിന് ശേഷം 30 മിനിറ്റ് നേരത്തേക്ക് ഒന്നും കുടിക്കരുത്.
*ആദ്യ 6 ആഴ്ചകളില്‍ 1-2 മണിക്കൂര്‍ കൂടുമ്പോള്‍ ഗം ഉപയോഗിക്കാം. 6-9 ആഴ്ചകളില്‍ ഇത് 2-4 മണിക്കൂര്‍ ആക്കുകയും, തുടര്‍ന്നുള്ള 3 ആഴ്ചകളില്‍ 4-8 മണിക്കൂര്‍ ആക്കി നിറുത്തുകയും വേണം.

*നിക്കോട്ടിന്‍ പാച്ച് ഉപയോഗിക്കുന്ന വിധം

*തൊലിപ്പുറത്തു ഒട്ടിക്കാവുന്ന 21mg,14mg,7mg അളവില്‍ നിക്കോട്ടിന്‍ അടങ്ങിയ പാച്ചുകള്‍ ലഭ്യമാണ്. ദിവസം മുഴുവന്‍ ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന നേട്ടമുണ്ട്.
*ദിവസവും 20 സിഗരറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ആളുകള്‍21mg പാച്ചും 20ല്‍ താഴെ ഉപയോഗിക്കുന്നവര്‍ 14mg പാച്ചും വേണം ഉപയോഗിക്കാന്‍. ദിവസവും ഇത് രോമം കുറഞ്ഞ തൊലിപ്പുറത്തു ഒട്ടിക്കാം.
*ആദ്യ 6 ആഴ്ചകളില്‍ 21mg പാച്ച് വേണം ഉപയോഗിക്കാന്‍. 6-9 ആഴ്ചകളില്‍ ഇത് 14mg ആയി കുറക്കണം, തുടര്‍ന്നുള്ള 3 ആഴ്ചകളില്‍ 7mg മതിയാകും. പെട്ടന്ന് നിറുത്തുന്നത് ഒഴിവാക്കണം.

*പാര്‍ശ്വഫലങ്ങള്‍

*വലിക്കുന്ന അതെ അളവില്‍ നിക്കോട്ടിന്‍ ലഭിക്കാത്തതുകൊണ്ടു വിടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
*അത് കൂടാതെ വായില്‍ തരിപ്പ്, ഓര്‍ക്കാനം, വയറില്‍ എരിച്ചില്‍ ,പാച്ച് ഒട്ടിക്കുന്നിടത്തു ചൊറിച്ചില്‍ ഇവയും ഉണ്ടാകാം.

*മരുന്ന് ചികിത്സയെ കുറിച്ച്

*രണ്ടു മരുന്നുകള്‍ക്കാണ് പുകയില മോചന ചികിത്സക്കായി FDA അനുമതി ഉള്ളത്.Varenicline ,Bupropion എന്നിവയാണ് ഈ മരുന്നുകള്‍. നിക്കോട്ടിന്‍ റിസെപ്റ്ററിലാണ് ഈ രണ്ടു മരുന്നുകളും പ്രവര്‍ത്തിക്കുക.
*വലി നിര്‍ത്താന്‍ തീരുമാനം എടുത്ത, മരുന്ന് തുടങ്ങി 2 ആഴ്ചക്കുള്ളില്‍ വലി നിറുത്താന്‍ ഒരു തിയതി തീരുമാനിച്ച വ്യക്തികളില്‍ മരുന്ന് തുടങ്ങുന്നതാണ് നല്ലതു.
*6 ആഴ്കള്‍ കഴിഞ്ഞിട്ടും വലിക്കുന്നത് നിറുത്താന്‍ സാധിക്കാത്ത പക്ഷം മരുന്നുകള്‍ നിറുത്തണം. ഉപയോഗം നിര്‍ത്താന്‍ പറ്റിയാല്‍ 6 മാസം മുതല്‍ ഒരു വര്‍ഷം വരെ മരുന്ന് തുടരണം.
*ഒരു വിദഗ്ദ്ധ ഡോക്ടറുടെ മാര്‍ഗ്ഗനിര്‍ദേശത്തില്‍ വേണം മരുന്ന് ചികിത്സ ആരംഭിക്കാന്‍.
*മരുന്ന് ഉപയോഗിക്കുന്നത് സംബന്ധിച്ച് പലര്‍ക്കും തെറ്റിദ്ധാരണകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇതുവരെ നടന്ന നിരവധി പഠനങ്ങളില്‍ വളരെ രൂക്ഷമായ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടില്ല.
*പുതിയ പഠനങ്ങളില്‍ പുകവലി നിര്‍ത്താന്‍ ഏറ്റവും ഫലപ്രദം എന്ന് കണ്ടെത്തിയിരിക്കുന്നത് varenicline ആണ്. പക്ഷേ ഇതിന് ചിലവ് കൂടുതലാണ് എന്നൊരു പ്രശ്‌നമുണ്ട്.
*പുകയില ഉപയോഗം കുറക്കാന്‍ ഏറ്റവുമുചിതം മരുന്നുകളും, സൈക്കോതെറാപ്പിയും, ഒപ്പം NRT യും ചേര്‍ത്തുള്ള സംയുകത ചികിത്സയാണ് .
*പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട സഹായം നല്‍കാന്‍ പറ്റുന്ന മൊബൈല്‍ ആപ്ലിക്കേഷനുകളും ഇന്ന് ലഭ്യമാണ്. ക്വിറ്റ് ഡേറ്റ് തീരുമാനിക്കുന്നതിനും, പുകവലിയുടെ അളവ് നിരീക്ഷിക്കാനും, മറ്റു നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഈ ആപ്ലികേഷനുകള്‍ സഹായിക്കും. ഇതും മറ്റു ചികിത്സയോടൊപ്പം ഉപയോഗിക്കാവുന്നതാണ്. നമ്മുടെ യാത്രയുടെ പുരോഗതി മനസിലാക്കി തരാന്‍ ഈ ആപ്പുകള്‍ക്ക് പറ്റും. Quit Genius, QuitNOW എന്നീ ആപ്ലികേഷനുകള്‍ ഇ തരത്തിലുള്ളവയാണ്. ആപ്പ്‌ളിക്കേഷന്‍ ലിങ്ക് കമന്റ് ആയി ചേര്‍ക്കാം.

*ഇ സിഗററ്റ്: പുകവലി കുറക്കാന്‍ സാഹായിക്കും എന്ന രീതിയില്‍ വിപണിയില്‍ അവതരിച്ച ഇ സിഗററ്റുകളുടെ ഉപയോഗം സംബന്ധിച്ച് ചില ആകുലതകള്‍ പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
*നിക്കോട്ടിന്‍ അടങ്ങിയ ഇ സിഗററ്റുകള്‍ക്കും അഡിക്ഷന്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ശരീരത്തിന് ദോഷം ഉണ്ടാക്കാന്‍ സാധിക്കുന്ന വസ്തുക്കള്‍ ഇ സിഗരറ്റുകള്‍ പുകക്കുന്ന സമയത്തു ഉണ്ടാകാം, വളരെ വ്യാപകമായി ഇത് ലഭിക്കുന്നത് കൊണ്ട് കുട്ടികളുടെ ഇടയില്‍ ഉപയോഗം കൂടാം തുടങ്ങിയ കണ്ടെത്തലുകള്‍ പുതിയ പഠനങ്ങളിലുണ്ട്.
*അതുകൊണ്ട് പുകവലി നിറുത്താന്‍ ഇ സിഗരറ്റ് ഉപയോഗിക്കുന്നത് എത്രത്തോളം പ്രയോജനകരമാണ് എന്നതിന് കൃത്യമായ തെളിവുകളുടെ അഭാവമുണ്ട്.
*പുകവലി നിര്‍ത്താന്‍ ആഗ്രഹം ഉള്ളവരെയും, അല്ലെങ്കില്‍ അങ്ങനെ ചിന്തിച്ചു തുടങ്ങിയിട്ടില്ലാത്ത ആളുകളുടെയും നമ്മള്‍ക്ക് സഹായിക്കാന്‍ പറ്റും. ശാസ്ത്രീയ അടിത്തറയുള്ള ചികിത്സ മാര്‍ഗ്ഗങ്ങള്‍ അതിനിന്ന് ലഭ്യമാണ്.

Exit mobile version