തുടര്‍ച്ചയായ ഒരാഴ്ച ആവി പിടിച്ചാല്‍ കൊവിഡ് മാറുമോ; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ഇതാണ്

തുടര്‍ച്ചയായ ഒരാഴ്ച ആവി പിടിച്ചാല്‍ കൊവിഡ് രോഗം ഇല്ലാതാകുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഒരു സന്ദേശം പ്രചരിച്ചിരുന്നു.ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാതെ നിരവധി പേരാണ് ഇത് പങ്കുവെച്ചത്.ആവി പിടിച്ചാല്‍ കൊറോണ വൈറസ് ഇല്ലാതാകും എന്നാണ് സന്ദേശത്തില്‍ ഉണ്ടായിരുന്നത്.ഇതിന്റെ സ്ത്യാവസ്ഥ വിശദീകരിക്കുകയാണ് ആരോഗ്യ വിദഗ്ധനായ ഡോ. ഡോ നീതു ചന്ദ്രന്‍.ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ ലേഖനത്തിലാണ് ഡോക്ടര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇന്‍ഫോ ക്ലിനിക്ക് ലേഖനം:

ആവി കൊണ്ടാല്‍ ഓടുമോ കൊവിഡ്?ഏറ്റവും പുതിയ കണ്ടു പിടിത്തം എന്ന മട്ടില്‍ കഴിഞ്ഞ ദിവസം ഒരു മെസ്സേജ് സോഷ്യല്‍ മീഡിയയില്‍ വ്യാപിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.ആവി പിടിക്കുന്നതിലൂടെ കൊറോണ വൈറസിനെ കൊല്ലാം’എന്നതാണ് സമര്‍ത്ഥിച്ചിരിക്കുന്നത്.അതിനാല്‍ തന്നെ ഒരാഴ്ച അടുപ്പിച്ച് ദിവസവും ആവി പിടിക്കാനും,അങ്ങനെ ആവിപിടിക്കല്‍ വാരാചരണം നടത്താനുമൊക്കെ ആഹ്വാനം കണ്ടു.’മാരകമായ COVID-19 മായ്ക്കപ്പെടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്’എന്നും കൊറോണ ഇല്ലാ ലോകത്ത് ജീവിക്കാനും കഴിയും എന്ന് ഉറപ്പും കൂടെ നല്‍കുന്നുണ്ട് സന്ദേശത്തില്‍.

കൊവിഡ് രോഗം തുടങ്ങിയശേഷം വ്യാജ സന്ദേശങ്ങളുടെ ബാഹുല്യമാണ്.സങ്കീര്‍ണ്ണമായ ഒരു പൊതുജനാരോഗ്യ പ്രശ്‌നത്തിന് വളരെ ലളിതമായ പരിഹാരം എന്ന മട്ടിലുള്ള വ്യാജ സന്ദേശങ്ങള്‍ കാണുമ്പോള്‍ പലര്‍ക്കും അത് ആകര്‍ഷകമാവുന്നു.എന്നാലൊന്ന് പരീക്ഷിച്ചാലോ എന്ന ചിലര്‍ കരുതും,ചിലരാവട്ടെ ബാക്കിയുള്ളവര്‍ക്ക്’പരോപകാരം ചെയ്യാന്‍’അത് മുന്‍ പിന്‍ നോക്കാതെ ഫോര്‍വേഡ് ചെയ്തു വിടുന്നു.ഇതൊക്കെ ഗുണം ചെയ്യാറില്ല എന്ന് മാത്രമല്ല പലവിധ അനാവശ്യ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്‌തേക്കാം.

ഇനി ഇതിന് ശാസ്ത്രീയ വസ്തുതകളിലേക്ക്-കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തെയും മറ്റ് ശ്വസന വ്യൂഹത്തെയും ആണ് ബാധിക്കുന്നത്.എന്നാല്‍ രോഗാണുക്കള്‍ ശരീരത്തിനുള്ളില്‍ എത്തിക്കഴിഞ്ഞാല്‍ ശരീരത്തിന്റെ വിവിധ അവയവങ്ങളെയും,വ്യവസ്ഥകളെയും ബാധിക്കാം,കേവലം മൂക്കിനുള്ളില്‍ മാത്രം കൂടു കെട്ടിക്കഴിയുകല്ല കൊറോണ എന്ന് ലളിതമായി പറയാം.മൂക്കിന്റെ ഉള്‍ഭാഗത്ത് നിന്നും സ്രവം എടുത്താണല്ലോ രോഗനിര്‍ണ്ണയം നടത്തുന്നത്?അതെ,വൈറസിന്റെ സാന്നിധ്യം മൂക്കിന്റെ പിന്‍ഭാഗം,തൊണ്ട ശ്വാസനാളികള്‍,വായ,ശ്വാസകോശം തുടങ്ങിയ ഇടങ്ങളിലാണ് കൂടുതലും കണ്ടെത്താന്‍ കഴിയുന്നത്.അത് വൈറസ് മൂക്കില്‍ മാത്രം കാണപ്പെടുന്നത് കൊണ്ടല്ല.

യഥാര്‍ത്ഥത്തില്‍ മൂക്കിനുള്ളില്‍ നിന്നും,തൊണ്ടയുടെ ഉള്‍ഭാഗത്ത് നിന്നും ഉള്ള സ്രവങ്ങളെക്കാള്‍ രോഗാണു സാന്നിധ്യം കണ്ടെത്താന്‍ വളരെയേറെ സാധ്യത കൂടുതലുള്ളത് ശ്വാസകോശത്തിനുള്ളിലെ സ്രവം പരിശോധിക്കുക വഴിയാണ്.എന്നാല്‍ ഇത് ചെയ്യാന്‍ പ്രയോഗികമായി വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് എന്നതിനാലാണ് അത് ഒരു ടെസ്റ്റിങ് രീതിയായി ഉപയോഗിക്കാത്തത്.ശ്വാസകോശത്തിനുള്ളില്‍ നിന്നും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായുവില്‍ പടരുന്ന സ്രവകണികകള്‍,മൂക്കില്‍ നിന്നും വായില്‍ നിന്നും ഉള്ള സ്രവങ്ങള്‍ എന്നിവ വഴിയാണ് പ്രധാനമായും രോഗം പകരുന്നത്.

നീരാവി കൊറോണ വൈറസിനെ കൊല്ലുമോ-പൊതുവായി പറഞ്ഞാല്‍ ഉയര്‍ന്ന താപനില കൊറോണ വൈറസിനെ നശിപ്പിക്കും.എന്നാല്‍ മനുഷ്യ ശരീരത്തിന് താങ്ങാവുന്ന താപനിലയില്‍ ഈ വൈറസ് നശിക്കുമോ അതിനു എത്ര നേരത്തോളം ഈ താപ നില നിലനില്‍ക്കണം എന്നത് ആണ് ചിന്തിക്കേണ്ട കാര്യം.കൊവിഡ് ഒരു RNA വൈറസ് ആണ്.പ്രോട്ടീന്‍ നിര്‍മ്മിതമായ ഒരു കവര്‍ ഇതിനുണ്ട്.ഈ കവര്‍ ഉയര്‍ന്ന താപനില ഉപയോഗിച്ച് നശിപ്പിക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ ഇത്തരത്തില്‍ നശിപ്പിക്കാന്‍ 70 ഡിഗ്രിയില്‍ കൂടുതല്‍ ചൂട് 30 മിനിറ്റോളം എങ്കിലും വേണം എന്നതാണ് പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്.മനുഷ്യശരീരത്തില്‍ താങ്ങാവുന്ന ഊഷ്മാവ് അല്ല ഇത് എന്നത് സ്പഷ്ടം.ആവി പിടിക്കുമ്പോള്‍ ഉപയോഗിക്കുന്ന ആവിയുടെ ഊഷ്മാവ് 45 ഡിഗ്രിക്ക് മുകളില്‍ പോലും എത്തുന്നില്ല എന്നതാണ് വാസ്തവം.

ഇനി മൂക്കിലെ കുറച്ചു കൊറോണ വൈറസുകളെ ആവി കൊല്ലും എന്ന് ഒരു വാദത്തിന് സമ്മതിക്കുകയാണ് എന്ന് വെക്കുക,അപ്പോഴും ശ്വാസകോശത്തില്‍ ഉള്‍പ്പെടെയുള്ള ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഉള്ള കൊറോണ വൈറസ് അവശേഷിക്കുകയില്ലേ?അപ്പൊ സ്വാഭാവികമായും മറ്റൊരു ചോദ്യം ഉയരും അല്ലേ,എങ്കില്‍ പണ്ടുമുതല്‍ക്കേ നമ്മള്‍ ജലദോഷപ്പനി പനി, മൂക്കൊലിപ്പ് എന്നിവക്ക് ആവി പിടിക്കാന്‍ പറയുന്നത് എന്തിനാണ്?ഏതു തരം അണുബാധ ശ്വസനവ്യൂഹത്തെ ബാധിക്കുമ്പോഴും അവ ശരീരത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. രക്തകുഴലുകള്‍ വികസിക്കുകയും ശ്ലേഷ്മ സ്തരത്തെ പ്രകോപിപ്പിച്ച് ധാരാളം ശ്ലേഷ്മവും കഫവും ഉണ്ടാക്കുകയും ചെയ്യുന്നു.

ഇതാണ് മൂക്കടപ്പ്,തലവേദന മുതലായ പല ലക്ഷണങ്ങളും ഉണ്ടാക്കുന്നത്.ആവി പിടിക്കുന്നത് കഫം നേര്‍പ്പിക്കുന്നത് കാരണം ആകുന്നു.അതിനാല്‍ രോഗലക്ഷണങ്ങള്‍ക്ക് പ്രത്യേകിച്ചും തലവേദന, മൂക്കടപ്പ് എന്നിവക്ക് ആശ്വാസം ലഭിക്കുകയും ചെയ്യും.എന്നാല്‍ രോഗാണുവിനെ നശിപ്പിക്കുവാനോ രോഗ വിമുക്തിയിലെത്തിക്കാനോ വേണ്ടിയുള്ള ഒന്നല്ല ആവി പിടിക്കല്‍.’ഇതിനൊരു പാര്‍ശ്വഫലവും ഇല്ല എന്ന് സന്ദേശത്തില്‍ അവകാശവാദം ഉണ്ട്,സത്യമാണോ-കാര്യം നമ്മള്‍ക്ക് ചിരപരിചിതമായ പ്രയോഗമാണ് ഇതെങ്കിലും ചില ദൂഷ്യഫലങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്.കുട്ടികളില്‍ പലപ്പോഴും ആവി പിടിത്തം അനാവശ്യ പൊള്ളലും അപകടങ്ങളും വിളിച്ചുവരുത്തുന്നതും അപൂര്‍വ്വമല്ല.

ഈ വ്യാജ സന്ദേശം ഇപ്പൊ എവിടുന്നു ഉടലെടുത്തു-കഴിഞ്ഞ ദിവസം വന്ന ഒരു പഠനം ആസ്പദമാക്കി ഒരു വാര്‍ത്ത,ചില മാദ്ധ്യമങ്ങള്‍ അനാവശ്യ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.പഠനത്തിന്റെ പ്രസക്തിയോ ശാസ്ത്രീയതയോ ഗ്രഹിക്കാതെ ഇത്തരം പാതി വെന്ത’പഠനങ്ങള്‍’മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് സ്ഥിരം രീതിയാണ്.പ്രസ്തുത പഠനത്തിന്റെ ശാസ്ത്രീയ അടിത്തറ ദുര്‍ബലമാണ്.ഇന്ത്യയിലെ ഒരു ആശുപത്രിയില്‍ ചുരുക്കം ചിലരില്‍ മാത്രം നടത്തിയ ഒരു നിരീക്ഷണ പഠനം മാത്രമാണ് അത്.കണ്ട്രോള്‍ ഗ്രൂപ്പ് ഉള്ള ഒരു Randomized Controlled Trial ഒന്നുമായിരുന്നില്ല അത്.

പഠനത്തെ ആസ്പദമാക്കി ഇത്തരം വലിയ അവകാശവാദങ്ങള്‍ പഠനം നടത്തിയവര്‍ പോലും ഉന്നയിക്കുന്നില്ല എന്നതും ഓര്‍ക്കണം.ചുരുക്കി പറഞ്ഞാല്‍ ആവി പിടിക്കാന്‍ ഓടും മുമ്പ് ഇടവിട്ടിടവിട്ട് കൈ കഴുകുക,ശാരീരിക അകലം പാലിക്കുക,മാസ്‌ക്കിന്റെ ശരിയായ ഉപയോഗം എന്നീ അടിസ്ഥാന തത്വങ്ങള്‍ തന്നെയാണ് കോവിഡ് പ്രതിരോധത്തില്‍ മുഖ്യം എന്നത് ഓര്‍ക്കണം.

കൊറോണ വൈറസ് ദഹനേന്ദ്രിയ വ്യവസ്ഥയെ ബാധിക്കുന്നത് അപൂര്‍വ്വമല്ല, വയറിളക്കം,ഓക്കാനം ഛര്‍ദ്ദി ഒക്കെ ആയി കൊവിഡ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.അതായത് നാസാരന്ധ്രങ്ങളിലെ സ്രവത്തില്‍ മാത്രമല്ല കൊറോണ വൈറസുകള്‍ കാണുന്നത്, മലത്തിലും കാണാം.ആ വസ്തുത മനസ്സില്‍ വെച്ച് ലളിതയുക്തിയില്‍ അഭിരമിക്കുന്നവരെ ലക്ഷ്യമാക്കി ചൂടുവെള്ളം എനിമ എടുത്താല്‍ കൊറോണ വൈറസ് ചാവും,ഒരു എനിമ വീക്ക് ആചരിച്ചാല്‍ കൊവിഡ് മഹാമാരി ഇല്ലാതാക്കാം എന്നൊക്കെ ആരേലും പടച്ചു വിടാന്‍ സാധ്യതയുണ്ട്, നമ്പാതെ ചെയ്യക്കൂടാതെ എഴുതിയത് : ഡോ: നീതു ചന്ദ്രന്‍, ഇ. എന്‍. ടി രോഗ വിദഗ്ദ്ധ

Exit mobile version