വര്‍ഷകാലത്ത് സാധാരണയായി കാണുന്ന പനികള്‍; അവയുടെ ലക്ഷണങ്ങള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ആരോഗ്യ വിദഗ്ധര്‍ പറയുന്നു

മഴക്കാലമായാല്‍ പനിക്കാലമായി എന്നാണല്ലോ നമ്മുടെ നാട്ടിലെ ഒരു വിശ്വാസം. വര്‍ഷകാലത്ത് ഏറ്റവും സാധാരണയായി കാണുന്ന പനികള്‍ ഏതൊക്കെയാണെന്ന് വിവരിക്കുകയാണ് ഡോ.ഷമീര്‍ വികെ. ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ ലേഖനത്തിലാണ് ഡോക്ടര്‍ പനികളെ കുറിച്ചും പനിയെ തുടര്‍ന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും വിവരിക്കുന്നത്.

ഇന്‍ഫോക്ലിനിക്ക് പങ്കുവെച്ച കുറിപ്പ്:
*വര്‍ഷകാല പനികള്‍*
ഡെങ്കിപ്പനി
*ഡെങ്കി വൈറസ് ഉണ്ടാക്കുന്ന രോഗം, പകര്‍ത്തുന്നത് കൊതുക്.

ലക്ഷണങ്ങള്‍:
*പനിയോടൊപ്പം ശക്തമായ ശരീര വേദന (പ്രധാനമായും സന്ധി വേദന)
*തലവേദന
*ശരീരത്തില്‍ ചുവന്ന പാടുകള്‍

??രോഗ നിര്‍ണയം
*രോഗത്തിന്റെ ആദ്യ ദിവസങ്ങളില്‍ (5 ദിവസം വരെ) NS1 ആന്റിജന്‍ ടെസ്റ്റ്, അതു കഴിഞ്ഞാല്‍ IgM ഡെങ്കി ആന്റിബോഡി ടെസ്റ്റ്. രക്തത്തിലെ കൗണ്ട് നോക്കുമ്പോള്‍ ശ്വേത രക്താണുക്കളും (WBC) പ്‌ളേറ്റ്‌ലറ്റും കുറയുന്നത് വളരെ സാധാരണമാണ്. ലിവര്‍ ഫങ്ക്ഷന്‍ ടെസ്റ്റില്‍ ചെറിയ വ്യത്യാസങ്ങള്‍ കാണാറുണ്ട്. (ALT, AST 40 നും 100നും ഇടയില്‍ അളവ്)

സങ്കീര്‍ണതകള്‍:
*രക്തസ്രാവം – ശരീരത്തിന്റെ ഏതു ഭാഗത്തു നിന്നും രക്തസ്രാവം ഉണ്ടാകാം.
*ഷോക്ക് – രക്തസമ്മര്‍ദ്ദം കുറഞ്ഞു പോകുന്ന അവസ്ഥ. നിര്‍ജലീകരണം കൊണ്ടോ, രക്തസ്രാവം കൊണ്ടോ, രക്തക്കുഴലുകളില്‍ നിന്നു ജലാംശം ലീക് ആയി പോകുന്നത് കൊണ്ടോ ആവാം.
*പ്ലേറ്റ്‌ലെറ്റിന്റെ കുറവ് – രക്തത്തില്‍ പ്ലേറ്റ്‌ലറ്റ് കുറയുന്നത് സര്‍വസാധാരണം ആണെങ്കിലും അതുകൊണ്ട് മാത്രമായി ഒരു അപകടസാധ്യത കുറവാണ്.
*കരളിന്റെ തകരാറ് – കരളിന്റെ പ്രവര്‍ത്തനം മോശമാകാം. കരളിന്റെ എന്‍സയ്മുകളായ SGPT(ALT), SGOT (AST) ഏന്നിവയുടെ അളവുകള്‍ കൂടി, കരളിന്റെ സമ്പൂര്‍ണ പരാജയം വരെ സംഭവിക്കാം (liver failure)

മസ്തിഷ്‌ക ജ്വരം(encephalitis)– അപൂര്‍വം ചില രോഗികളില്‍ മസ്തിഷ്‌കത്തെ ബാധിച്ച് അബോധാവസ്ഥ, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കാം.

ചികിത്സ :
*പനിക്കും വേദനകള്‍ക്കും പാരസെറ്റമോള്‍ ദിവസം നാല് നേരം വരെ കഴിക്കാം.
*നന്നായി വെള്ളം കുടിക്കണം.
*വിശ്രമം വേണം.
*പ്ലേറ്റ്‌ലെറ്റ് വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക മരുന്നോ ഭക്ഷണമോ നിലവിലില്ല. സാധാരണ കഴിക്കുന്ന ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്താം. പ്ലേറ്റ്‌ലെറ്റ് വല്ലാതെ കുറഞ്ഞു പോവുകയോ (20,000 ല്‍ താഴെ) പ്ലേറ്റ്‌ലെറ്റ് കുറവിന്റെ കൂടെ രക്തസ്രാവം ഉണ്ടാവുകയോ ചെയ്താല്‍ മാത്രമേ പ്ലേറ്റ്‌ലെറ്റ് ശരീരത്തിലേക്ക് കയറ്റാറുള്ളൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
*വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥ, മൂത്രം കുറയുന്ന അവസ്ഥ, നീണ്ടു നില്‍ക്കുന്ന ക്ഷീണം, രക്തസ്രാവം, വിട്ടു മാറാത്ത പനി, കഠിനമായ വയറു വേദന, ഛര്‍ദി, പെരുമാറ്റത്തിലോ ബോധത്തിലോ ഉള്ള മാറ്റം
ഇവയില്‍ ഏതെങ്കിലും ഒന്നുണ്ടെങ്കില്‍ ആശുപത്രിയില്‍ പോകല്‍ നിര്‍ബന്ധം.

പ്രതിരോധം
*ഏതുവിധേനയും കൊതുകുകടി ഏല്‍ക്കാതെ നോക്കുക !

എലിപ്പനി

*ഉണ്ടാക്കുന്നത് ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയ. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗം; ഏറ്റവും സാധാരണം എലിമൂത്രത്താല്‍ മലിനമായ വെള്ളവുമായി പെരുമാറുന്നതിലൂടെ. മറ്റു പല മൃഗങ്ങളും കാരണം ആവാം.

ലക്ഷണങ്ങള്‍:
*പനിയോടൊപ്പം ശക്തമായ ശരീര വേദന (പേശീ വേദന)
*കണങ്കാല്‍
*തുട പോലത്തെ പേശികളില്‍ കൈ കൊണ്ട് അമര്‍ത്തുമ്പോള്‍ വേദന
*കണ്ണില്‍ ചുവപ്പ്

??രോഗനിര്‍ണ്ണയം :
*ശ്വേത രക്താണുക്കള്‍ (WBC) കൂടുകയും പ്‌ളേറ്റ്‌ലറ്റ് കുറയുകയും ആണ് സാധാരണം.
*ESR കൂടാറുണ്ട്.
*രോഗം സ്ഥിരീകരിക്കാന്‍ IgM ആന്റിബോഡി ടെസ്റ്റ് ഉപയോഗിക്കും. ലക്ഷണങ്ങള്‍ തുടങ്ങി ഒരാഴ്ച കഴിയുമ്പോഴേ ടെസ്റ്റ് പോസിറ്റീവ് ആവുകയുള്ളൂ.

സങ്കീര്‍ണതകള്‍ :
*വൃക്കകളുടെ തകരാറ് – മൂത്രത്തിന് ചുവപ്പ് നിറം, മൂത്രത്തിന്റെ അളവ് കുറയുക, ശരീരത്തില്‍ നീര് പ്രത്യക്ഷപ്പെടുക. ഇവയെല്ലാം വൃക്കകളുടെ പ്രവര്‍ത്തനം മോശമാകുന്നതിന്റെ ലക്ഷണങ്ങള്‍ ആണ്.
*കരളിന്റെ തകരാറ്. മൂത്രത്തിനോ കണ്ണിനോ മഞ്ഞ നിറം പ്രത്യക്ഷപ്പെടാം. ലിവര്‍ ഫങ്ക്ഷന്‍ ടെസ്റ്റില്‍ അപാകതകള്‍ കാണാം. (കൂടിയ ബിലിറൂബിന്‍, ALT, AST, ALP അളവുകള്‍)
*ഹൃദയത്തിന്റെ തകരാറ് – മയോകാര്‍ഡൈറ്റിസ് എന്ന് വിളിക്കുന്ന ഹൃദയത്തെ ബാധിക്കുന്ന പ്രശ്‌നം വന്നാല്‍ പെട്ടെന്ന് രക്തസമ്മര്‍ദ്ദം കുറഞ്ഞു പോവുക, ശ്വാസം മുട്ടുണ്ടാവുക തുടങ്ങിയവ ഉണ്ടായേക്കാം. വളരെ അപകടകരമാണ്.
*ശ്വാസകോശ പ്രശ്‌നങ്ങള്‍ – എലിപ്പനിയില്‍ അത്യന്തം ഗുരുതരം ആണ് ശ്വാസം മുട്ട്. ARDS എന്ന പ്രശ്‌നം ഉണ്ടായി രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞു പോകാം.
മസ്തിഷ്‌കം, പാന്‍ക്രിയാസ്, തുടങ്ങിയ അവയവങ്ങളെയും അപൂര്‍വമായി ബാധിക്കാം.

ചികിത്സ:
*ചെറിയ ലക്ഷണങ്ങള്‍ ഉള്ള രോഗികളില്‍ ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍. കൂടുതല്‍ ഗൗരവമേറിയവരില്‍ പെനിസിലിന്‍ ഇന്‍ജെക്ഷന്‍. വളരെ കൂടുതല്‍ ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് ഓക്‌സിജന്‍, ഡയാലിസിസ്, വെന്റിലേറ്റര്‍ തുടങ്ങിയ ചികിത്സകളൊക്കെ വേണ്ടി വന്നേക്കാം

പ്രതിരോധം
*മലിനജലവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ ഏറ്റവും ശ്രദ്ധിക്കണം.
*ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ പ്രതിരോധത്തിനായി കഴിക്കാം.

ശ്വാസകോശ അണുബാധകള്‍
*അണുബാധ ശ്വാസനാളത്തിന്റെ മുകള്‍ ഭാഗത്ത്, അതായത് മൂക്ക്, മൂക്കിന്റെ ഇരുവശങ്ങളിലും ഉള്ള സൈനസ്, തൊണ്ട, ശ്വാസനാളത്തിന്റെ മുകള്‍ ഭാഗം തുടങ്ങിയ ഭാഗങ്ങളില്‍ മാത്രമാവാം. (Upper respiratory tract infection). അല്ലെങ്കില്‍ ശ്വാസനാളത്തിന്റെ താഴ്ഭാഗവും ശാസകോശവും അടങ്ങിയ ഭാഗങ്ങള്‍ ആവാം. (Lower respiratory tract infection).
മുകള്‍ ഭാഗം ആണ് സര്‍വസാധാരണം ആയി കാണുന്നത്. വൈറസുകള്‍ ആണ് കൂടുതലും കാരണക്കാര്‍. നിരവധി വൈറസുകള്‍ ഈ കൂട്ടത്തില്‍ ഉണ്ട്. ബാക്റ്റീരിയകളും ചിലപ്പോള്‍ കാരണം ആയേക്കാം.

ലക്ഷണങ്ങള്‍:
*പനിയുടെ കൂടെ തുമ്മല്‍, മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ എന്നിവയാണ് ലക്ഷണങ്ങള്‍. മൂന്നു നാല് ദിവസം കൊണ്ട് ലക്ഷണങ്ങള്‍ അപ്രത്യക്ഷമാകും.

ചികിത്സ:
*പനിക്ക് പാരസെറ്റമോള്‍, ചുമക്യ്ക്കും ജലദോഷത്തിനും സെട്രിസിന്‍ പോലത്തെ അലര്‍ജി ഗുളികകള്‍ മതിയാകും.
*രോഗനിര്‍ണയത്തിന് ടെസ്റ്റുകള്‍ പോലും ആവശ്യം ഇല്ല.
*പുറത്തിറങ്ങി നടക്കാതെ, തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം മറച്ചും , എപ്പോഴും മാസ്‌ക് ധരിച്ചും ആര്‍ക്കും പകരാതെ നോക്കുക ആണ് ഏറ്റവും പ്രധാനം.
*നാലോ അഞ്ചോ ദിവസം കൊണ്ട് രോഗം പൂര്‍ണമായും ഭേദമാകും.

വൈറസ് മൂലമുള്ള ശ്വാസകോശരോഗങ്ങള്‍
*ഇവരില്‍ ഏറ്റവും പ്രമുഖരായ രണ്ട് വൈറസുകളാണ് എച് 1എന്‍ 1 ഉം കോവിഡും.ഈ രണ്ടു വൈറസുകള്‍ക്കും താല്പര്യം ശ്വാസ നാളവും ശ്വാസകോശങ്ങളുമാണ്. രണ്ടിലും ചെറിയൊരു ശതമാനം രോഗികളില്‍ വൈറസ് ശ്വാസനാളത്തിന്റെ താഴെ ഭാഗത്തേക്ക് ആക്രമിച്ചു ന്യൂമോണിയ ഉണ്ടാക്കാം. ശ്വാസംമുട്ടാണ് പ്രധാന ലക്ഷണം. ഇവര്‍ക്ക് രക്തത്തിലെ ഓക്‌സിജന്‍ കുറഞ്ഞു പോകാനും സാധ്യത ഉണ്ട്. പ്രധാനമായും പ്രായം കൂടിയവര്‍, പ്രമേഹം, ദീര്‍ഘ കാലം മറ്റു രോഗങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് അപകട സാധ്യത കൂടുതല്‍.

ബാക്ടീരിയ ഉണ്ടാക്കുന്ന ന്യൂമോണിയകള്‍
*ചില ബാക്റ്റീരിയകളും ന്യൂമോണിയ ഉണ്ടാക്കാം. ലക്ഷണങ്ങള്‍ ഏതാണ്ട് ഒരേ പോലെ തന്നെ ആയിരിക്കും. ടെസ്റ്റ് ന്റെ ഫലങ്ങളും ചികിത്സകളും വിത്യസ്തമാണ്. ശക്തമായ പനി, ചുമ, ചുമക്കുമ്പോള്‍ നെഞ്ച് വേദന, ന്യൂമോണിയ കൂടുതല്‍ അളവില്‍ ഉണ്ടെങ്കില്‍ ശ്വാസം മുട്ട് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. നെഞ്ചിന്റെ എക്‌സ് റെ യിലൂടെ രോഗം കണ്ടെത്താന്‍ കഴിയും. സാധാരണ ബാക്ടീരിയ ഉണ്ടാക്കുന്ന ന്യൂമോണിയകളില്‍ രക്തത്തിലെ ശ്വേത രക്താണുക്കളുടെ എണ്ണം കൂടുകയും വൈറസ് ന്യൂമോണിയകളില്‍ കൗണ്ടുകള്‍ നോര്‍മല്‍ ആയി തുടരുകയും ചെയ്യും. ബാക്ടീരിയ ഉണ്ടാക്കുന്ന അണുബാധകളില്‍ മാത്രമാണ് ആന്റിബയോടിക് ഉപയോഗിച്ച് ചികില്‌സിക്കുന്നത്. H1N1 അണുബാധയില്‍ ഒസെല്‍റ്റാമിവിര്‍ എന്ന ആന്റി വൈറല്‍ മരുന്ന് ഉപയോഗപ്രദമാണ്.

ഹെപ്പറ്റൈറ്റിസ് എ
*മഴക്കാലം തുടങ്ങിയാല്‍ വളരെ സാധാരണയായി കാണപ്പെടുന്ന മറ്റൊരു അണുബാധയാണ് മഞ്ഞപ്പിത്തം എന്ന് സാധാരണ വിളിക്കുന്ന ഹെപ്പറ്റൈറ്റിസ് A. ഇതേ പേരില്‍ അറിയപ്പെടുന്ന ഒരു വൈറസ് ആണ് രോഗകാരണം. വൃത്തിയില്ലാത്ത വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരും.

ലക്ഷണങ്ങള്‍:
*പനിയോടൊപ്പം കലശലായ ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. കണ്ണിലും മൂത്രത്തിലും മഞ്ഞ നിറം കണ്ടു തുടങ്ങാന്‍ ഒരാഴ്ചയോളം വൈകും.
*രോഗ നിര്‍ണയം
*ലിവര്‍ ഫങ്ക്ഷന്‍ ടെസ്റ്റ് ആണ് രോഗ നിര്‍ണയത്തില്‍ പ്രധാനം. SGPT(ALT) വളരെ കൂടിയ അളവില്‍ കാണാം (പലപ്പോഴും ആയിരത്തിനു മുകളില്‍). ക്രമേണ ബിലിറൂബിന്റെ അളവും കൂടും. വളരെ അപൂര്‍വം കരളിന്റെ പരാജയത്തില്‍ കലാശിക്കാറുണ്ട്.

ചികിത്സ:
*ശരീരത്തില്‍ ജലാംശം നില നിര്‍ത്തുക എന്നതാണ് പ്രധാന ചികിത്സ. വെള്ളം കുടിക്കാന്‍ പറ്റാത്ത രീതിയില്‍ ഛര്‍ദിയും ഓക്കാനവും ഉണ്ടെങ്കില്‍ ഡ്രിപ്പ് വഴി നിര്‍ജലീകരണം തടയേണ്ടി വരും.

ടൈഫോയ്ഡ് (Enteric fever )
*സാല്‍മൊണെല്ല കുടുംബത്തിലെ ബാക്റ്റീരിയകളാണ് രോഗാണു. പകരുന്നത് മലിനമായ കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും.

ലക്ഷണങ്ങള്‍:*പനിയുടെ കൂടെ തലവേദന, വയറു സംബന്ധമായ ബുദ്ധിമുട്ടുകള്‍, വയറിളക്കം, ചുമ എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ഒരാഴ്ചയില്‍ കൂടുതല്‍ പനി നീണ്ടു നില്‍ക്കുമ്പോഴാണ് സാധാരണ ടൈഫോയ്ഡ് പനി സംശയിക്കുന്നത്.

രോഗ നിര്‍ണയം:*ബാക്ടീരിയ ഉണ്ടാക്കുന്ന പനി ആണെങ്കിലും ബ്ലഡ് കൗണ്ടുകള്‍ അധികം കൂടാറില്ല. ആന്റിബോഡി ഉപയോഗിച്ചുള്ള ടെസ്റ്റുകള്‍ ലഭ്യമാണ്.

ചികിത്സ: *സെഫ്ട്രിയക്സോണ്‍, സെഫിക്‌സിം, അസിത്രോമൈസിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാണ് ചികില്‌സിക്കുന്നത്.

മഴക്കാലമാകുമ്പോള്‍ നമ്മുടെ നാട്ടില്‍ ഏറ്റവും സാധാരണയായി കാണുന്ന ചില അണുബാധകളാണ് ഇവിടെ പരാമര്‍ശിച്ചത്. ഇവയുടെ എല്ലാം ഒരു പൊതു പ്രത്യേകത നാം ശ്രദ്ധിച്ചാല്‍ തടയാന്‍ കഴിയുന്നവയാണ് ഇവ എന്നത് കൂടിയാണ്.

*കൊതുക് കടി ഏല്‍ക്കാതെ നോക്കുക

*പരിസരം ശുചിയായി സൂക്ഷിക്കുക

*തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

*പഴങ്ങള്‍ പച്ചക്കറികള്‍ തുടങ്ങിയവ നന്നായി കഴുകി മാത്രം കഴിക്കുക

*ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും മറയ്ക്കുക

*രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവരില്‍ നിന്നും മാറി നില്‍ക്കുക, ഇവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക

തുടങ്ങിയ കാര്യങ്ങള്‍ എല്ലാവരും ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെയെങ്കിലും ഈ അണുബാധകള്‍ നമുക്ക് തടയാന്‍ കഴിയും.

എഴുതിയത് : ഡോ. ഷമീര്‍ വി കെ
ഇന്‍ഫോ ക്ലിനിക്

Exit mobile version