ഇനി മുതല്‍ ഗോതമ്പ് നീലയും പര്‍പ്പിളും കറുപ്പും നിറങ്ങളില്‍ ലഭിക്കും! ഗുണങ്ങള്‍ ഏറെയെന്ന് വിദഗ്ദ്ധര്‍

ഏകദേശം എട്ടുവര്‍ഷത്തെ ഗവേഷണത്തിന് ശേഷം നീലയും പര്‍പ്പിളും കറുപ്പും നിറങ്ങളിലുള്ള ഗോതമ്പിന്റെ ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് മൊഹാലിയിലെ നാഷണല്‍ അഗ്രി -ഫുഡ് ബയോടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്.

ഇനി മുതല്‍ നമുക്ക് പല നിറത്തിലുള്ള ഗോതമ്പ് കഴിക്കാം. ഏകദേശം എട്ടുവര്‍ഷത്തെ ഗവേഷണത്തിന് ശേഷം നീലയും പര്‍പ്പിളും കറുപ്പും നിറങ്ങളിലുള്ള ഗോതമ്പിന്റെ ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് മൊഹാലിയിലെ നാഷണല്‍ അഗ്രി -ഫുഡ് ബയോടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്.

സാധാരണ നമ്മള്‍ കാണുന്ന മഞ്ഞ കലര്‍ന്ന ബ്രൗണ്‍ നിറത്തിലുള്ള ഗോതമ്പിനേക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ ഇതിലുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. മൊഹാലിയിലെ നാഷണല്‍ അഗ്രി-ഫുഡ് ബയോടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോടെക്നോളജി അംഗങ്ങളാണ് നിറമുള്ള ഗോതമ്പ് നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

മറ്റുള്ള കമ്പനികളിലേക്കും ഈ സാങ്കേതിക വിദ്യ ഇവര്‍ കൈമാറിയിട്ടുണ്ട്. സാധാരണ ഗോതമ്പിന് ആമ്പര്‍ അല്ലെങ്കില്‍ വെള്ള നിറമാണ് കാണപ്പെടുന്നത്. എന്നാല്‍ വ്യത്യസ്തമായ പ്രകൃതിദത്തമായ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നവയാണ് നിറമുള്ള ഗോതമ്പ്. നമ്മള്‍ കഴിക്കുന്ന ഗോതമ്പില്‍ ആന്തോസയാനിന്റെ അളവ് വളരെ കുറവാണ്. എന്നാല്‍ നിറമുള്ള ഗോതമ്പ് ആന്തോസയാനിന്‍ കൊണ്ട് സമ്പന്നമാണ്. സാധാരണ ഗോതമ്പ് കൃഷിയില്‍ നിന്ന് ലഭിക്കുന്നത് ഒരു ഏക്കറില്‍ 24 ക്വിന്റല്‍ ആണെങ്കില്‍ നിറമുള്ള ഗോതമ്പില്‍ നിന്ന് ലഭിക്കുന്നത് 17 മുതല്‍ 20 ക്വിന്റല്‍ വിളവാണ്. അതുപോലെ നിറമുള്ള ഗോതമ്പിന് വില കൂടുതലുമാണ്.

Exit mobile version