മത്സരത്തിന്റെ നിറം കെടുത്തി റഫറിയുടെ വിവാദ തീരുമാനം; ചുമ്മാ തെന്നി വീണതിന് പെനാല്‍റ്റി

മാഞ്ചെസ്റ്റര്‍: ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം യുക്രൈന്‍ ക്ലബ്ബ് ഷക്തറിനെതിരേ മാഞ്ചെസ്റ്റര്‍ സിറ്റി എതിരില്ലാത്ത ആറു ഗോളിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു എന്നാല്‍ റഫറിയുടെ ഒരു വിവാദ തീരുമാനം മത്സരത്തിന്റെ നിറം കെടുത്തികളഞ്ഞു. ഈ മത്സരത്തില്‍ ചാമ്പ്യന്‍സ് ലീഗിന് തന്നെ നാണക്കേടുണ്ടാക്കുന്ന തരത്തില്‍ റഫറിയുടെ ഒരു മണ്ടന്‍ തീരുമാനം ഉണ്ടായി.

13ാം മിനിറ്റില്‍ ഡേവിഡ് സില്‍വയുടെ ഗോളില്‍ സിറ്റി ലീഡ് ചെയ്യുകയായിരുന്നു. 24ാം മിനിറ്റില്‍ ഷക്തര്‍ ബോക്‌സിലേക്ക് പന്തുമായി റഹീം സ്റ്റെര്‍ലിങ്ങിന്റെ മുന്നേറ്റം. ഗോളിയെ കബളിപ്പിച്ച് പന്ത് പ്ലെയ്‌സ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റെര്‍ലിങ്, ബോക്‌സില്‍ ബൂട്ട് പുല്ലില്‍ തടഞ്ഞ് വീണു.

സ്റ്റെര്‍ലിങ്ങിന്റെ പിന്നാലെയുണ്ടായിരുന്ന ഷക്തര്‍ താരം മയ്‌കോള മാറ്റ്‌വിയങ്കോ ഫൗള്‍ ചെയ്തതാണെന്നു കരുതി റഫറി വിക്ടര്‍ കസായി ഉടന്‍ തന്നെ സിറ്റിക്ക് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയായിരുന്നു. എന്നാല്‍ മാറ്റ്‌വിയങ്കോ സ്റ്റെര്‍ലിങ്ങിന്റെ ദേഹത്ത് തട്ടുക പോലും ചെയ്തിരുന്നില്ല.

പെനാല്‍റ്റി വിധിച്ചതിനെതിരേ ഷക്തര്‍ താരങ്ങള്‍ ശക്തമായി വാദിച്ചെങ്കിലും റഫറി തീരുമാനം മാറ്റാന്‍ തയ്യാറായില്ല. എന്തിന് സ്റ്റെര്‍ലിങ് പോലും പെനാല്‍റ്റിക്കായി വാദിച്ചിരുന്നില്ല. റഫറിയോടെ സത്യം പറയാന്‍ അദ്ദേഹം തയ്യാറായതുമില്ല. കിക്കെടുത്ത ബ്രസീല്‍ താരം ഗബ്രിയേല്‍ ജീസസ്, പന്ത് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. മണ്ടന്‍ തീരുമാനത്തിന്റെ പേരില്‍ റഫറിക്കെതിരെയും സത്യം തുറന്നു പറയാത്തതിന്റെ പേരില്‍ സ്റ്റെര്‍ലിങ്ങിനെതിരെയും കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

Exit mobile version