കളിയ്ക്കിടെ താരത്തിന് നേരെ കുപ്പിയേറ് : ലിയോണ്‍-മാഴ്‌സെ മത്സരം റദ്ദാക്കി

പാരിസ് : ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ മാഴ്‌സെ താരം ദിമിത്രി പയറ്റിന് നേരെ കാണികളുടെ ആക്രമണം. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ താരത്തിന് നേരെ കാണികളിലൊരാള്‍ കുപ്പി എറിഞ്ഞതിനെത്തുടര്‍ന്ന് ലിയോണ്‍-മാഴ്‌സെ മത്സരം കിക്കോഫിന് ശേഷം അധികം വൈകാതെ ഉപേക്ഷിച്ചു.

ലിയോണിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ചായിരുന്നു മത്സരം. മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ പയറ്റിനെ ലക്ഷ്യമാക്കി കാണികളിലൊരാള്‍ കുപ്പിയെറിയുകയായിരുന്നു. കോര്‍ണര്‍ കിക്ക് എടുക്കുകയായിരുന്ന താരത്തിന്റെ തലയിലാണ് കുപ്പി കൊണ്ടത്. വേദന കൊണ്ട് നിലത്ത് വീണ പയറ്റ് ഉടന്‍ തന്നെ വൈദ്യസഹായം നേടി. ചെവിയ്ക്കും തലയ്ക്കും ചെറുതായി പരിക്കേറ്റ പയറ്റ് ഉടന്‍ തന്നെ ഗ്രൗണ്ട് വിട്ടു.

സംഭവത്തെത്തുടര്‍ന്ന് റഫറി റൂഡി ബുക്വെറ്റ് ഇരു ടൂമുകളെയും ഡ്രസിങ് റൂമിലേക്ക് പറഞ്ഞയച്ചു. ദീര്‍ഘനേരത്തെ കാത്തിരിപ്പിന് ശേഷം ലിയോണ്‍ താരങ്ങള്‍ കളി തുടരാന്‍ വിസമ്മതിച്ചതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. മത്സരം നിര്‍ത്തി വെച്ച് രണ്ട് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ഉപേക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചത്.ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ഇതൊരു കറുത്ത ദിനമാണെന്ന് മാഴ്‌സെ ഫുട്‌ബോള്‍ പ്രസിഡന്റ് പാബ്ലോ ലോങ്‌ഗോറിയ അറിയിച്ചു. ഈ സംഭവം പയറ്റിനെ മാനസികമായി തളര്‍ത്തിയെന്നും ഇത്തരം അക്രമങ്ങള്‍ എല്ലാവരെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളക്കുപ്പിയെറിഞ്ഞെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കഴിഞ്ഞ ഓഗസ്റ്റിലും പയറ്റിനെതിരെ ആരാധകരുടെ ആക്രമണമുണ്ടായിരുന്നു. അന്ന് കുപ്പി തിരിച്ചെറിഞ്ഞ പയറ്റിന് ഒരു കളിയില്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

Exit mobile version