യുവേഫ നാഷന്‍സ് ലീഗ്; 31 വര്‍ഷത്തിനിടെ ആദ്യമായി സ്‌പെയിനിനെ തകര്‍ത്ത് ഇംഗ്ലണ്ട്

ആദ്യ പകുതിയിലായിരുന്നു ഇംഗ്ലണ്ടിന്റെ മൂന്നു ഗോളുകളും.

സെവിയ്യ: യുവേഫ നാഷന്‍സ് ലീഗില്‍ എ ഗ്രൂപ്പില്‍ നടന്ന മത്സരത്തില്‍ കഴിഞ്ഞ 31 വര്‍ഷത്തിനിടെ സ്പാനിഷ് മണ്ണില്‍ ആദിഥേയരെ തകര്‍ത്ത് ഇംഗ്ലണ്ട്. മുന്‍ ലോക ചാമ്പ്യന്‍മാരായ സ്‌പെയിനിനെ ലോകകപ്പ് സെമി ഫൈനലിസ്റ്റുകള്‍ തോല്‍പ്പിച്ചത് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു. 1987ലാണ് സ്‌പെയിനിനെതിരേ അവരുടെ നാട്ടില്‍ ഇംഗ്ലണ്ട് അവസാനമായി വിജയമറിഞ്ഞത്. സ്പാനിഷ് മണ്ണില്‍ ഇംഗ്ലണ്ട് അവസാനമായി ഗോള്‍ നേടുന്നതും 1987ലായിരുന്നു.

ആദ്യ പകുതിയിലായിരുന്നു ഇംഗ്ലണ്ടിന്റെ മൂന്നു ഗോളുകളും. 16ാം മിനിറ്റില്‍ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ സ്റ്റെര്‍ലിങ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. പിന്നാലെ 29ാം മിനിറ്റില്‍ നായകന്‍ ഹാരി കെയിനിന്റെ പാസില്‍ നിന്ന് മാര്‍ക്കസ് റാഷ്‌ഫോഡ് ഇംഗ്ലണ്ടിന്റെ ലീഡുയര്‍ത്തി. ഒന്‍പതു മിനിറ്റുകള്‍ക്കു ശേഷം തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയ സ്‌റ്റെര്‍ലിങ് ഇംഗ്ലണ്ടിന് എതിരില്ലാത്ത മൂന്നു ഗോളിന്റെ ലീഡ് സമ്മാനിച്ചു. സ്വന്തം നാട്ടില്‍ ഒരു മത്സരത്തില്‍ സ്‌പെയിന്‍ മൂന്നു ഗോളുകള്‍ വഴങ്ങുന്നത് ചരിത്രത്തിലാദ്യമായാണ്.

സ്‌പെയിന്‍ തങ്ങളുടെ കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്നു മാത്രമായി 12 ഗോളുകള്‍ അടിച്ചുകൂട്ടിയ ടീമാണ്. കഴിഞ്ഞ മാസം നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇന്നലെ സെവിയ്യയില്‍ കണ്ടത് എന്നാല്‍ ആ സ്പാനിഷ് പടയുടെ നിഴല്‍ മാത്രമായിരുന്നു.
രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ പാകോ അല്‍കാസറിന്റെ മികവില്‍ 58ാം മിനിറ്റില്‍ സ്‌പെയിന്‍ ഒരു ഗോള്‍ മടക്കി. എന്നാല്‍ പിന്നീട് ഇംഗ്ലണ്ട് പ്രതിരോധം ഉറച്ചുനിന്നു. പിന്നീട് അധിക സമയത്തിന്റെ എട്ടാം മിനിറ്റിലാണ് നായകന്‍ സെര്‍ജിയോ റാമോസിലൂടെ സ്‌പെയിനിന് രണ്ടാം ഗോള്‍ കണ്ടെത്താനായത്. അപ്പോഴേക്കും ഏറെ വൈകിയിരുന്നു.

2016 യൂറോകപ്പില്‍ ഇറ്റലിയോട് 20 ന് തോറ്റ ശേഷം മത്സരത്തിന്റെ 90 മിനിറ്റിനുള്ളില്‍ സ്‌പെയിന്‍ തോല്‍വി വഴങ്ങുന്നത് ഇതാദ്യമായാണ്. തോറ്റെങ്കിലും മൂന്ന് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ആറു പോയിന്റുകളോടെ സ്പാനിഷ് പട തന്നെയാണ് ഗ്രൂപ്പില്‍ ഒന്നാമത്.

Exit mobile version