“ഫ്രൈസ് ഇപ്പോഴും ക്രിസ്പി” : വീട് നവീകരണത്തിനിടെ കണ്ടെത്തിയത്‌ 60 കൊല്ലം പഴക്കമുള്ള മക്‌ഡൊണാള്‍ഡ്സ് മീല്‍

വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കിടയില്‍ പല സാധനങ്ങളും കണ്ടു കിട്ടാറുണ്ട്. പണ്ട് അരും കാണാതെ ഒളിപ്പിച്ചു വച്ച കളിപ്പാട്ടങ്ങളും കാണാതെ പോയെന്ന് വിശ്വസിച്ച വസ്തുക്കളുമെല്ലാം പുറത്തെത്തുന്നത് വീട്ടിലെന്തെങ്കിലും അറ്റകുറ്റപ്പണികള്‍ നടക്കുമ്പോഴാണ്.

ഇത്തരത്തില്‍ വീട് റിനോവേറ്റ് ചെയ്യുന്നതിനിടെ യുഎസിലെ ഇല്ലിനോയിസിലുള്ള റോബ് എന്ന യുവാവിനും ഒരു സാധനം കളഞ്ഞു കിട്ടി- 60 കൊല്ലം പഴക്കമുള്ള ഒരു മക്‌ഡൊണാള്‍ഡ്സ് മീല്‍. വീട്ടില്‍ കുളിമുറിയോട് ചേര്‍ന്ന ഭിത്തി പൊളിച്ചപ്പോഴാണ് കമ്പനിയുടെ പഴയ ഡിസൈനോട് കൂടിയ പാക്കറ്റില്‍ പൊതിഞ്ഞ നിലയില്‍ മീല്‍ കണ്ടെത്തിയത്. പകുതി തീര്‍ത്ത ഫ്രഞ്ച് ഫ്രൈസിന്റെ പാക്കറ്റും മീലിനൊപ്പം ഉണ്ടായിരുന്നു. വീട് പണിത 1959 മുതല്‍ മീല്‍ അവിടെ ഉണ്ടായിരുന്നിരിക്കണം എന്നാണ് റോബ് വിലയിരുത്തുന്നത്. അറുപത് വര്‍ഷം ചെന്നിട്ടും ഫ്രൈസ് ഇപ്പോഴും ക്രിസ്പി ആണെന്നാണ് റോബിന്റെ കണ്ടെത്തല്‍. ക്രിസ്റ്റല്‍ ലേക്കിലുള്ള മക്‌ഡൊണാള്‍ഡിന്റെ ആദ്യ ഔട്ട്‌ലെറ്റിനോട് ചേര്‍ന്നാണ് തന്റെ കുടുംബം ജീവിച്ചിരുന്നതെന്നും മക്ഡി ആദ്യമായി ഓപ്പണ്‍ ചെയ്ത 1959ലാണ്‌ വീട് നിര്‍മിച്ചതെന്നും റോബ് വ്യക്തമാക്കി. മീല്‍ കണ്ടെത്തിയത് വലിയ ഗൃഹാതുരത്വമുണര്‍ത്തുന്നുണ്ടെന്നാണ് റോബ് കൂട്ടിച്ചേര്‍ക്കുന്നത്‌.

മീല്‍ കണ്ടെത്തിയ വിവരം ചൂണ്ടിക്കാട്ടി റോബ് റെഡ്ഡിറ്റില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പോസ്റ്റ് വലിയ രീതിയില്‍ വൈറലായി. ഇപ്പോള്‍ തന്നെ ഭിത്തി പൊളിച്ച് പരിശോധിക്കാന്‍ പോകുകയാണെന്നും മക്ഡിയുടെ ഫ്രൈസ് അല്ലെങ്കിലും അടിപൊളിയാണെന്നുമൊക്കെയാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.

Exit mobile version