നല്ല കിടിലന്‍ മത്തി അച്ചാറിതാ…

സാധാരണക്കാരുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് മത്തി അഥവാ ചാള

കേരളത്തില്‍ എപ്പോഴും ലഭിക്കുന്ന മീനാണ് മത്തി. സാധാരണക്കാരുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് മത്തി അഥവാ ചാള. മത്തി കൊണ്ട് നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. മത്തിക്കറി, പീര, മത്തി അവിയല്‍ അങ്ങനെ പലതും. എന്നാല്‍ മത്തി കൊണ്ട് നല്ല കിടിലന്‍ അച്ചാറും ഉണ്ടാക്കാന്‍ കഴിയും. കുഞ്ഞന്‍ മത്തിയാണേല്‍ രുചി ഇരട്ടിയായിരിക്കും. മത്തി ഉപയോഗിച്ച് കിടിലന്‍ അച്ചാര്‍ ഉണ്ടാക്കുന്ന വിധമിതാ…

ആവശ്യമായ വസ്തുക്കള്‍,

മത്തി -അരക്കിലോ

മുളകുപൊടി -മൂന്നു ടിസ്പൂണ്‍

മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

കുരുമുളകുപൊടി -രണ്ടു ടീസ്പൂണ്‍

ഇഞ്ചി -ഒരു വലിയ കഷ്ണം

വെളുത്തുള്ളി -20 എണ്ണം

കടുക് -അര ടീസ്പൂണ്‍

ഉലുവ പൊടി -അര ടീസ്പൂണ്‍

വിനാഗിരി -അരക്കുപ്പി

ഉപ്പ് -ആവശ്യത്തിന്

കറിവേപ്പില -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം,

മത്തി കഴുകി വൃത്തിയാക്കി ചെറുതാക്കി മുറിച്ച് എടുക്കുക, കുഞ്ഞന്‍ മത്തിയാണെങ്കില്‍ മുറിക്കേണ്ട ആവശ്യമില്ല. ഇതിലേക്ക് ഒരു നുള്ള് മഞ്ഞള്‍പൊടിയും, ഒരു ടീ സ്പൂണ്‍ മുളക് പൊടിയും, കുരുമുളക് പൊടിയും ചേര്‍ത്ത് നന്നായി പുരട്ടുക.

ഒരു ചെറിയ കഷ്ണം ഇഞ്ചിയും അഞ്ച് അല്ലി വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക. ഇവ മീനില്‍ നന്നായി തേച്ചു പിടിപ്പിക്കുക. ശേഷം മീന്‍ ഒരു മണിക്കൂര്‍ മൂടിവെയ്ക്കുക.

പിന്നീട് മത്തി നന്നായി വറുത്ത് എടുക്കുക. മീന്‍ മാറ്റി വെച്ച ശേഷം ഈ എണ്ണയില്‍ തന്നെ കടുക് പൊട്ടിച്ച് വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവയിട്ട് നന്നായി വഴറ്റുക. ഇതിലേക്ക് മുളക് പൊടി, മഞ്ഞപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് അല്‍പം ഉലുവപൊടി ചേര്‍ത്ത് വറുത്ത് വെച്ചിരിക്കുന്ന മീന്‍ ചേര്‍ക്കുക. പിന്നീട് അതിലേക്ക് വിനാഗിരി ഒഴിച്ച് കഴിഞ്ഞാല്‍ നല്ല കിടിലന്‍ മത്തി അച്ചാര്‍ റെഡി.

Exit mobile version