എരിവിലും പുളിയിലും മധുരത്തിലും നല്ല കിടുക്കാച്ചി ‘പച്ചമുളക് അച്ചാര്‍’! രുചിക്കൂട്ട്

പച്ചമുളക് പൊതുവെ ഉപ്പിലിട്ട് കഴിക്കുന്നവരാണ് ഏറെയും എന്നാല്‍ അച്ചാര്‍ മാത്രം പരീക്ഷിക്കുന്നത് ചുരുക്കമാണ്.

അച്ചാറിനെ ഇഷ്ടപ്പെടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. എന്തെല്ലാം കറികള്‍ ഉണ്ടായാലും അച്ചാര്‍ ഉണ്ടെങ്കില്‍ ഊണ് കെങ്കേമമാകും. നാരങ്ങാ, മാങ്ങ, നെല്ലിക്ക തുടങ്ങി കാണുന്നതെല്ലാം അച്ചാറിടുന്നവര്‍ നമുക്ക് ഇടയില്‍ ഉണ്ട്. അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായ പച്ചമുളക് അച്ചാറിന്റെ രുചിക്കൂട്ടാണ് ഇവിടെ എഴുതുന്നത്. പച്ചമുളക് പൊതുവെ ഉപ്പിലിട്ട് കഴിക്കുന്നവരാണ് ഏറെയും എന്നാല്‍ അച്ചാര്‍ മാത്രം പരീക്ഷിക്കുന്നത് ചുരുക്കമാണ്. ഇട്ടാല്‍ പണിയാകുമോ എന്ന ഭയത്താല്‍ ആകാം ഈ തീരുമാനം. പക്ഷേ ആ ഭയം ഇനി വേണ്ട നമുക്കും വീട്ടില്‍ ഉണ്ടാക്കാം എരിവിലും പുളിയിലും മധുരത്തിലും ഉള്ള കിടുക്കാച്ചി പച്ചമുളക് അച്ചാര്‍…!

പച്ച മുളക്- 100 ഗ്രാം

വിനാഗിരി- ടേബിള്‍ സ്പൂണ്‍

വെള്ളം- 1 കപ്പ്

ഇഞ്ചി- 1 ടേബിള്‍ സ്പൂണ്‍

വെളുത്തുള്ളി- എട്ട് അല്ലി നീളത്തില്‍ മുറിച്ചത്

കശ്മീരി മുളക് പൊടി- 1 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍- 1/2ടീസ്പൂണ്‍

പഞ്ചസാര- 1 ടേബിള്‍ സ്പൂണ്‍

ഉലുവപ്പൊടി- ഒരു നുള്ള്

എണ്ണ- 2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ അര കപ്പ് വെള്ളം, 3 ടേബിള്‍ സ്പൂണ്‍ വിനാഗിരി, അവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് തിളയ്പ്പിക്കുക. തിളച്ച് വരുമ്പോള്‍ പച്ച മുളക് ഇതില്‍ ഇടുക. നന്നായി വറ്റി കഴിഞ്ഞ ശേഷം മാറ്റി വെയ്ക്കുക. ശേഷം ഒരു ചട്ടിയില്‍ എണ്ണ എടുത്ത് കടുക് ഇട്ട് പൊട്ടിക്കുക. തുടര്‍ന്ന് ഇഞ്ചി, കറിവേപ്പില, വെളുത്തുള്ളി എന്നിവ ചേര്‍ക്കുക.

ഇത് നന്നായി വഴറ്റിയ ശേഷം, മുളക് പൊടി, മഞ്ഞള്‍ പൊടി, കായം പൊടി എന്നിവ ചേര്‍ക്കുക. തുടര്‍ന്ന് അരകപ്പ് വെള്ളം ചേര്‍ത്ത് ഇളക്കുക. ഒന്ന് തിളച്ച് ശേഷം പച്ച മുളക് ഇതിലേക്ക് ചേര്‍ക്കുക. തുടര്‍ന്ന് ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കാം. പിന്നീട് ഉപ്പ് നോക്കി ആവശ്യത്തിന് ഉപ്പും ബാക്കിയുള്ള വിനാഗിരിയും ചേര്‍ക്കാം. അടുപ്പില്‍ നിന്ന് വാങ്ങി വെയ്ക്കുന്നതിന് മുമ്പ് ഒരു നുള്ള് ഉലുവപ്പൊടി ചേര്‍ക്കാം.

Exit mobile version