മുത്തയ്യ മുരളീധരനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ; ‘800’ അണിയറയില്‍ ഒരുങ്ങുന്നു

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസ താരം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു. ചിത്രത്തില്‍ വിജയ് സേതുപതിയാണ് മുരളീധരന്റെ വേഷത്തിലെത്തുന്നത്. അതേസമയം താരത്തിന് ക്രിക്കറ്റ് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നത് മുത്തയ്യ മുരളീധരന്‍ തന്നെയാണ്. വിജയ് സേതുപതി തന്നെ ആണ് ഈ കാര്യം വ്യക്തമാക്കിയത്. ‘800’ എന്നാണ് ചിത്രത്തിന്റെ പേര്.

‘മുത്തയ്യ മുരളിയായി അഭിനയിക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. മുരളി സിനിമയുമായി അടുത്ത് പ്രവര്‍ത്തിക്കും എന്ന് അറിഞ്ഞതിലും എനിക്ക് ക്രിക്കറ്റ് കാര്യങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹമുണ്ടാകും എന്നതിലും എനിക്ക് ഒരുപാട് സന്തോഷം, എല്ലാത്തിനുപരി എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് മുരളിയോടും നിര്‍മ്മാതാക്കളോടും നന്ദിപറയുന്നു’ എന്നാണ് വിജയ് സേതുപതി പറഞ്ഞത്.

അതേസമയം വെള്ളിത്തിരയില്‍ വിജയ് സേതുപതി തന്നെ അവതരിപ്പിക്കുന്നു എന്നത് അഭിമാനം പകരുന്നതാണെന്നാണ് മുത്തയ്യ മുരളീധരന്‍ പ്രതികരിച്ചത്. ഈ വര്‍ഷം ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവയാണ് ചിത്രത്തിന്റെ ലോക്കേഷന്‍. എംഎസ് ശ്രീപതിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

Exit mobile version