വാര്‍ത്താസമ്മേളനത്തില്‍ നിത്യയോട് ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം , മറുപടി നല്‍കിയത് അക്ഷയ് കുമാര്‍

വമ്പന്‍ താരനിരയുമായാണ് ബോളിവുഡ് ചിത്രം മിഷന്‍ മംഗള്‍ എത്തുന്നത്. ശക്തമായ സ്ത്രീകഥാപാത്രങ്ങളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാണ് താരനിര. അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രത്തില്‍ വിദ്യ ബാലന്‍, തപ്‌സി പന്നു, സൊനാക്ഷി സിന്‍ഹ, നിത്യമേനോന്‍, കൃതി കുല്‍ഹരി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തും.

നിത്യാ മേനോന്റെ ആദ്യത്തെ ഹിന്ദി ചിത്രംകൂടിയാണ് മിഷന്‍ മംഗള്‍. ട്രെയിലര്‍ ലോഞ്ചിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിത്യയോട് ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യവും അക്ഷയ് കുമാറിന്റെ ഉത്തരവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയത്. ആദ്യ ചിത്രമെന്ന നിലയില്‍ ഈ ഭാഗ്യത്തെ എങ്ങനെ നോക്കിക്കാണുന്നുവെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതിന് ആദ്യം മറുപടി പറഞ്ഞത് അക്ഷയ് കുമാറായിരുന്നു. അഭിനയത്തില്‍ ഇത് അവരുടെ ആദ്യ ചിത്രമല്ല. തമിഴ് അടക്കമുള്ള ഭാഷകളില്‍ അവര്‍ തിരക്കേറിയ നടിയാണ്. നിരവധി പുരസ്‌കാരങ്ങളും അവര്‍ നേടിയിട്ടുണ്ട്- അക്ഷയ് കുമാര്‍ പറഞ്ഞു. പിന്നീട് അക്ഷയ് കുമാര്‍ നിത്യയോട് തന്നെ സംസാരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഹിന്ദി സിനിമാലോകത്ത് ഇത് വലിയൊരു അനുഭവമായിരുന്നു. മിഷന്‍ മംഗള്‍ എന്റെ ആദ്യ ഹിന്ദി ചിത്രമായതില്‍ വലിയ സന്തോഷമുണ്ട്. എപ്പോഴും നല്ല സിനിമകളില്‍ അഭിനയിക്കാനാണ് ആഗ്രഹിക്കുന്നത്. മിഷന്‍ മംഗളിന്റേത് നല്ല ടീം ആയിരുന്നുവെന്നായിരുന്നു നിത്യ മേനോന്‍ പറഞ്ഞു.

2013 നവംബറില്‍ ഐഎസ്ആര്‍ഒ നടത്തിയ ചൊവ്വാ ദൗത്യം പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമ അതിനുപിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരുടെ കഥയാണ് പറയുന്നത്. സ്ത്രീകള്‍ പ്രധാന സ്ഥാനം വഹിച്ച ദൗത്യമായിരുന്നു അത്. ചിത്രം ഓഗസ്റ്റ് 15ന് തീയേറ്ററുകളില്‍ എത്തും.

Exit mobile version