മത്സ്യത്തൊഴിലാളികളുടെ എതിര്‍പ്പ്; ‘വടചെന്നൈ 2’വില്‍ നിന്ന് പിന്മാറിയതായി വെട്രിമാരന്‍

വടചെന്നൈ 2 വിന്റെ ചിത്രീകരണം മുപ്പത് ശതമാനത്തോളം പൂര്‍ത്തിയായിരുന്നു

വെട്രിമാരന്‍-ധനുഷ് കൂട്ട്‌ക്കെട്ടില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തീയ്യേറ്ററുകളിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘വടചെന്നൈ’. വടക്കന്‍ ചെന്നൈയിലെ ആളുകളുടെ 35 വര്‍ഷത്തെ ജീവിതം പറയുന്ന സിനിമയുടെ ആദ്യഭാഗത്തിന്റെ അവസാനം പ്രേക്ഷകരോട് രണ്ടാം ഭാഗത്തിനായി കാത്തിരിക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം തീയ്യേറ്ററുകളില്‍ എത്തില്ല എന്നാണ് തമിഴ് സിനിമാ ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ട്.

വടചെന്നൈ 2 വിന്റെ ചിത്രീകരണം മുപ്പത് ശതമാനത്തോളം പൂര്‍ത്തിയായിരുന്നു. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ എതിര്‍പ്പ് കാരണം സംവിധായകന്‍ വെട്രിമാരന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതായാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. വടചെന്നൈയില്‍ തങ്ങളുടെ ജീവിതത്തെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് മത്സ്യ തൊഴിലാളികള്‍ രംഗത്ത് എത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ ആദ്യഭാഗം ഷൂട്ട് ചെയ്ത സ്ഥലത്തുവെച്ച് ചിത്രം ചിത്രീകരിക്കുന്നത് എളുപ്പമാകില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് സംവിധായകന്‍ വെട്രിമാരന്‍ ഇതില്‍ നിന്നും പിന്മാറിയത്. കൂടാതെ ആദ്യഭാഗത്തില്‍ പ്രധാന വേഷത്തിലെത്തിയ താരങ്ങള്‍ മറ്റ് സിനിമകളുടെ തിരക്കിലുമാണ്.

വെട്രിമാരന്‍ സംവിധാനം ചെയ്ത നാലാമത് ചിത്രമായിരുന്നു ‘വടചെന്നൈ’. ധനുഷ് നായകനായി എത്തിയ ചിത്രത്തില്‍ ആന്‍ഡ്രിയയും ഐശ്വര്യാ രാജേഷുമായിരുന്നു നായികമാര്‍. നിലവില്‍ ധനുഷിനെ നായകനാക്കി ‘അസുരന്‍’ എന്ന ചിത്രം ഒരുക്കുന്ന തിരക്കിലാണ് വെട്രിമാരന്‍. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക.

Exit mobile version