നടി പൂജാ ബത്ര വിവാഹിതയാകുന്നു

ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് പൂജാ ബത്ര. നടി വിവാഹിതയാകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നത്. കീര്‍ത്തിചക്ര, രൗദ്രം
തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ച നവാബ് ഷായുമായി പൂജാ ബത്രയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ഉടന്‍ തന്നെ വിവാഹിതരാകുമെന്നുമാണ് റിപ്പോര്‍ട്ട്. ഇരുവരും പ്രണയത്തിലാണെന്നുള്ള സൂചനകള്‍ നല്‍കി പൂജാ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. പിന്നീട് നവാബ് ഷായ്‌ക്കൊന്നിച്ചുള്ള ഫോട്ടോയും ഷെയര്‍ ചെയ്തു.

2003ല്‍ ഡോക്ടര്‍ സോനു എസ് അലുവാലിയയുമായി പൂജാ ബത്രയുടെ വിവാഹം കഴിഞ്ഞിരുന്നു. 2011ല്‍ ആണ് സോനു എസ് അലുവാലിയയും പൂജാ ബത്രയും വിവാഹമോചിതരായത്.

1997-ല്‍ പുറത്തിറങ്ങിയ വിരാസത് എന്ന ചിത്രത്തിലൂടെയാണ് പൂജാ ബത്ര സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ അനില്‍ കപൂര്‍, തബു എന്നിവര്‍ക്കൊപ്പം സഹനടിയുടെ റോളിലെത്തിയ പൂജയുടെ അഭിനയം ശ്രദ്ധ നേടിയിരുന്നു. പിന്നീട് നായികാ വേഷങ്ങളും പൂജയെ തേടിയെത്തി. ഇരുപതിലധികം ചിത്രങ്ങളില്‍ പൂജാ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് ചിത്രങ്ങള്‍ക്ക് പുറമേ മലയാളം, തമിഴ്, തെലുഗ് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

Exit mobile version