‘സ്നേഹം പങ്കുവയ്ക്കും തോറും കൂടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’; ആരാധകരെ ചുംബിക്കുന്നതിനെ കുറിച്ച് വിജയ് സേതുപതി

പണ്ട് ചെന്നൈയിലെ വീഡിയോ ഷോപ്പില്‍ നിന്ന് മോഹന്‍ലാല്‍ സാറിന്റെയും മമ്മൂട്ടി സാറിന്റെയും സിനിമകളുടെ കാസറ്റ് ചോദിച്ചു വാങ്ങി വീട്ടില്‍ പോയി കാണുമായിരുന്നു

തമിഴ്‌നാട്ടില്‍ ഉള്ളത് പോലെ തന്നെ കേരളത്തിലും ഏറെ ആരാധകര്‍ ഉള്ള താരമാണ് വിജയ് സേതുപതി. ആരാധകര്‍ ഇദ്ദേഹത്തെ സ്‌നേഹത്തോടെ മക്കള്‍ സെല്‍വന്‍ എന്നാണ് വിളിക്കാറുള്ളത്. മാര്‍ക്കോണി മത്തായി എന്ന ജയറാം ചിത്രിത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരമിപ്പോള്‍. താന്‍ അഭിനയം പഠിച്ചത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കമലഹാസന്റെയും സിനിമകള്‍ കണ്ടാണെന്ന് പറഞ്ഞ വിജയ് സേതുപതി സെല്‍ഫിയെടുക്കാന്‍ വരുന്ന ആരാധകരെ ചുംബിക്കുന്ന രഹസ്യവും വെളിപ്പെടുത്തി. മനോരമയുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

‘എനിക്ക് തമിഴ്നാടു പോലെ തന്നെയാണ് കേരളവും. ഇവിടുത്തെ ആളുകളെയും എനിക്ക് വളരെ ഇഷ്ടമാണ്. മലയാള സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. പണ്ട് ചെന്നൈയിലെ വീഡിയോ ഷോപ്പില്‍ നിന്ന് മോഹന്‍ലാല്‍ സാറിന്റെയും മമ്മൂട്ടി സാറിന്റെയും സിനിമകളുടെ കാസറ്റ് ചോദിച്ചു വാങ്ങി വീട്ടില്‍ പോയി കാണുമായിരുന്നു. അതു പോലെ തന്നെ കമലഹാസന്‍ സാറിനെയും വലിയ ഇഷ്ടമായിരുന്നു. ഇവരുടെ സിനിമകള്‍ കണ്ടാണ് ഞാന്‍ അഭിനയം പഠിച്ചത്. അതുപോലെ കുറച്ച് കാലങ്ങള്‍ക്ക് മുമ്പാണ് സെല്‍ഫി എടുക്കുന്നതിനിടയില്‍ രണ്ട് ആരാധകര്‍ ഇങ്ങോട്ട് ചുംബനം ആവശ്യപ്പെട്ടത്. അവരത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിയതോടെ വൈറലാവുകയും ചെയ്തു. പിന്നീട് എല്ലാവരും കാണുമ്പോള്‍ ചുംബനം ചോദിച്ചു തുടങ്ങി. സ്നേഹം പങ്കു വയ്ക്കും തോറും കൂടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇവിടെയും അതു തന്നെയാണ് സംഭവിച്ചത്’ എന്നാണ് വിജയ് സേതുപതി അഭിമുഖത്തില്‍ പറഞ്ഞത്.

സിദ്ധുബാദ് ആണ് ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ വിജയ് സേതുപതി ചിത്രം. സനല്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന മാര്‍ക്കോണി മത്തായിയില്‍ അതിഥി വേഷത്തിലാണ് താരം എത്തുന്നത്. റേഡിയോയിലൂടെ പാട്ടിനെ പ്രണയിച്ച സെക്യൂരിറ്റിക്കാരന്‍ മാര്‍ക്കോണി മത്തായിയുടെ കഥയാണ് ചിത്രം പറയുന്നത്. ആത്മീയയാണ് ചിത്രത്തിലെ നായിക.

Exit mobile version