‘ഞാന്‍ അതിജീവിക്കും’; ആരാധകരെ വീണ്ടും ഞെട്ടിച്ച് ‘ആടൈ’യിലെ പുതിയ പോസ്റ്റര്‍ അമല പോള്‍ പുറത്തുവിട്ടു

നേരത്തേ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്

അമലാ പോള്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ആടൈ’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അമല പോള്‍ തന്റെ ട്വിറ്ററിലൂടെ ആണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പോസ്റ്ററിനൊപ്പം നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ശക്തമായ ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. നേരത്തേ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്.

‘ഞാന്‍ പോരാടും, അതിജീവിക്കും. തടസങ്ങള്‍ വരട്ടെ, അത് വലുതോ ചെറുതോ ആകട്ടെ. ഞാന്‍ തിളങ്ങും, ഉയര്‍ന്നു തന്നെ നില്‍ക്കും. തടസങ്ങളെയൊക്കെ തകര്‍ത്ത് ഇല്ലാതാക്കും. എന്റെ കരുത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അതെനിക്ക് സന്തോഷവും സ്വാതന്ത്ര്യവും നല്‍കുന്നു. നിങ്ങള്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ആര്‍ക്കും നിങ്ങളെ തോല്‍പ്പിക്കാനാവില്ല. ഇത് ഞാനാണ്, എന്റെ കഥയാണ്’ എന്നാണ് അമല ട്വിറ്ററില്‍ കുറിച്ചത്.

വിജയ് സേതുപതിയുടെ പുതിയ ചിത്രമായ വിഎസ്പി 33യില്‍ നിന്ന് യാതൊരു കാരണവും ഇല്ലാതെ താരത്തെ പുറത്താക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അമല ശക്തമായ ഭാഷയില്‍ ഇത്തരത്തില്‍ ഒരു കുറിപ്പ് പോസ്റ്ററിനൊപ്പം പങ്കുവെച്ചിരിക്കുന്നത്. രത്നകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് ‘ആടൈ’. ജൂലൈ 19ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version