‘ഒരാളെങ്കിലും അനുഭവം തുറന്നുപറഞ്ഞതില്‍ സന്തോഷമുണ്ട്, ഞാനും ഇത്തരത്തിലുള്ള അനുഭവം നേരിട്ടിട്ടുണ്ട്’; അമലയ്ക്ക് പിന്തുണയുമായി വിഷ്ണു വിശാല്‍

ഒരാള്‍ എങ്കിലും ഈ ദുരനുഭവം തുറന്നുപറഞ്ഞതില്‍ സന്തോഷമുണ്ടെന്നും തനിക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്നും വിഷ്ണു പറഞ്ഞു

വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ വിഎസ്പി 33 എന്ന ചിത്രത്തില്‍ നിന്ന് പുറത്താക്കിയതില്‍ രൂക്ഷമായി പ്രതികരിച്ച് അമല പോള്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ‘ആടൈ’യുടെ ടീസര്‍ ഇറങ്ങിയതിന് ശേഷമാണ് തന്നെ ചിത്രത്തില്‍ നിന്ന് പുറത്താക്കിയത് എന്ന് താരം വ്യക്തമാക്കിയിരുന്നു. ചിത്രം പുറത്തിറങ്ങിയാല്‍ തന്റെ പ്രതിച്ഛായ നഷ്ടമാകുമെന്ന് കരുതിയാണ് അവര്‍ ഇത്തരത്തില്‍ ചെയ്തത് എന്നും താരം വ്യക്തമാക്കിയിരുന്നു.

താന്‍ നിര്‍മ്മാതാക്കളുമായി സഹകരിക്കുന്നില്ലെന്നും ഊട്ടിയില്‍ പ്രത്യേക താമസ സൗകര്യം ആവശ്യപ്പെട്ടെന്ന് പറഞ്ഞാണ് ചിത്രത്തില്‍ നിന്ന് പുറത്താക്കിയിരിക്കുന്നതെന്ന് അമല പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ അമലയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ വിഷ്ണു വിശാല്‍. ഒരാള്‍ എങ്കിലും ഈ ദുരനുഭവം തുറന്നുപറഞ്ഞതില്‍ സന്തോഷമുണ്ടെന്നും തനിക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്നും വിഷ്ണു പറഞ്ഞു.

പല നിര്‍മ്മാതാക്കളില്‍ നിന്ന് ഇത്തരത്തിലുള്ള അനുഭവം ഉണ്ടായപ്പോള്‍ ലോകത്തോട് വിളിച്ച് പറയാന്‍ ആഗ്രഹിച്ചിരുന്നെന്നും അങ്ങനെയുള്ള പല നിര്‍മ്മാതാക്കളെയും ഇപ്പോഴും മുതലാളി എന്ന് വിളിക്കേണ്ട അവസ്ഥയിലാണ് നമ്മളെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എല്ലാ നിര്‍മ്മാതാക്കളും ഇത്തരത്തില്‍ ഉള്ളവരല്ലെന്നും നല്ല നിര്‍മ്മാതാക്കളെയും താന്‍ ഈ കണ്ടിട്ടുണ്ടെന്നും വിഷ്ണു വ്യക്തമാക്കി.

Exit mobile version