ചടുലമായ ആക്ഷന്‍ രംഗങ്ങളുമായി പതിനെട്ടാം പടി; ട്രെയിലര്‍ പുറത്ത്

'ജോണ് എബ്രഹം പാലയ്ക്കല്‍' എന്നാണ് മമ്മൂട്ടിയുടെ കഥപാത്രത്തിന്റെ പേര്

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം പതിനെട്ടാം പടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്ത് വിട്ടിരിക്കുന്നത്. തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്റെ രണ്ടാമത്തെ ചിത്രമാണ് പതിനെട്ടാം പടി.

‘ജോണ് എബ്രഹം പാലയ്ക്കല്‍’ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ റോളിലാണ് മമ്മൂട്ടി പതിനെട്ടാം പടിയിലെത്തുക. കാമിയോ റോളിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുക. വിദ്യ ആര്‍ജ്ജിക്കുന്നത് വിദ്യാലയങ്ങളുടെ നാല് ചുവരുകള്‍ക്കുള്ളിലല്ല, സമൂഹത്തില്‍ നിന്നാണെന്ന ആശയത്തിലൂന്നിയാണ് സിനിമ ഒരുക്കുന്നത്.

മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, ഉണ്ണിമുകുന്ദന്‍, മനോജ് കെ ജയന്‍, ലാലു അലക്‌സ്, മണിയന്‍ പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാ മണി, സാനിയ ഇയ്യപ്പന്‍, മുത്തു മണി എന്നിവര്‍ക്ക് പുറമെ 65ലധികം പുതുമുഖങ്ങളാണ് പതിനെട്ടാം പടിയില്‍ അഭിനയിക്കുന്നത്.

ചിത്രം നിര്‍മ്മിക്കുന്നത് ഓഗസ്റ്റ് സിനിമാസാണ്. ഓഗസ്റ്റ് സിനിമാസിന്റെ പതിനൊന്നാമത്തെ ചിത്രമാണ് പതിനെട്ടാം പടി. ചിത്രത്തിന് ശങ്കര്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ സുദീപ് ഇളമണ്ണും എഡിറ്റിംഗ് ഭുവന്‍ശ്രീനിവാസും നിര്‍വഹിക്കുന്നു. സംഗീതം എച്ച് കാഷിഫ്. ചിത്രം ജൂലൈ അഞ്ചിന് തീയറ്ററുകളിലേത്തും.

Exit mobile version