ആദ്യമൊക്കെ ട്രോളുകള്‍ എന്നെ വളരെ മോശമായി ബാധിച്ചിരുന്നു, ഒരു പരിധിവരെ അവ ആരോഗ്യത്തെ പോലും ചോദ്യം ചെയ്തിരുന്നു; സാമന്ത അക്കിനേനി

ട്രോളുകള്‍ കാരണം തെറ്റായ തീരുമാനങ്ങള്‍ വരെ എടുത്തിട്ടുണ്ടെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു

സോഷ്യല്‍ മീഡിയകളില്‍ തന്നെ കുറിച്ച് വരുന്ന ട്രോളുകള്‍ ഒരു കാലത്ത് തന്റെ ആരോഗ്യത്തെയും മാനസിക നിലയെയും ബാധിച്ചിരുന്നുവെന്ന് തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത അക്കിനേനി. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ട്രോളുകള്‍ കാരണം തെറ്റായ തീരുമാനങ്ങള്‍ വരെ എടുത്തിട്ടുണ്ടെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ ഇന്ന് ട്രോളുകളില്‍നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് തനിക്കറിയാമെന്നും സാമന്ത പറഞ്ഞു. താനിപ്പോള്‍ മനസ്സില്‍ ട്രോളുകള്‍ക്ക് ഇടം കൊടുക്കാറില്ല. ആദ്യമൊക്കെ ട്രോളുകള്‍ എന്നെ വളരെ മോശമായി ബാധിച്ചിരുന്നു. ഒരു പരിധിവരെ അവ എന്റെ ആരോഗ്യത്തെ പോലും ചോദ്യം ചെയ്തിരുന്നു. അന്നൊക്കെ എഴുന്നേറ്റാല്‍ ഉടന്‍ നോക്കുക ട്രോളുകളായിരുന്നു. എന്നാല്‍ താന്‍ അത്തരമൊരു അവസ്ഥയില്‍ നിന്ന് എങ്ങനെ രക്ഷപ്പെട്ടു എന്നതിന് വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം അത് കാലക്രമേണ സംഭവിച്ചതാണെന്നും ട്രോളുകള്‍ തമാശയ്ക്ക് വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നൊരു ഘട്ടത്തിലാണ് താനിപ്പോള്‍ ഉള്ളത് എന്നുമാണ് സാമന്ത അഭിമുഖത്തില്‍ പറഞ്ഞത്.

നേരത്തേ വിവാഹ ശേഷം തനിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞുവെന്ന് സാമന്ത പറഞ്ഞിരുന്നു. എന്നാല്‍ വിവാഹ ശേഷം താരത്തിന്റെ തീയ്യേറ്ററുകളിലെത്തിയ ചിത്രങ്ങളൊക്കെ ഹിറ്റായിരുന്നു. ഭര്‍ത്താവ് നാഗചൈതന്യയ്‌ക്കൊപ്പം അഭിനയിച്ച മജിലിയാണ് ഒടുവില്‍ തീയ്യേറ്ററിലെത്തിയ ചിത്രം.

വിവിധ ഭാഷയില്‍ റിലീസിനെത്തുന്ന ‘ഓ ബേബി’ ആണ് സാമന്തയുടെ തീയ്യേറ്ററിലെത്തുന്ന അടുത്ത ചിത്രം. നന്ദിനി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലക്ഷ്മി, ഉര്‍വശി, രമേശ്, രാജേന്ദ്ര പ്രസാദ്, നാഗ ശൗര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Exit mobile version