കാത്തിരിപ്പിന് വിരാമം; വിനായകന്റെ തൊട്ടപ്പന്റെ ട്രെയിലര്‍ പുറത്തുവിട്ടു

ചിത്രം ജൂണ്‍ അഞ്ചിന് തീയ്യേറ്ററുകളിലെത്തും

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിനായകന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ തൊട്ടപ്പന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സൂപ്പര്‍ ഹിറ്റ് ചിത്രം ‘കിസ്മത്തി’ന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രം ജൂണ്‍ അഞ്ചിന് തീയ്യേറ്ററുകളിലെത്തും.

പുതുമുഖം പ്രിയംവദയാണ് ചിത്രത്തിലെ നായിക. റോഷന്‍ മാത്യു, മനോജ് കെ ജയന്‍, ലാല്‍, ദിലീഷ് പോത്തന്‍, സുനില്‍ സുഖദ, ഇര്‍ഷാദ്, രഘുനാഥ് പാലേരി, രശ്മി സതീഷ്, സുനിത അജിത്കുമാര്‍, മഞ്ജു പത്രോസ്, പ്രശാന്ത് മുരളി, സിനോജ് വര്‍ഗീസ്, ബിനോയ് നമ്പാല, ശ്രീജ ദാസ്, മനു ജോസ്, ഡാവിഞ്ചി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഇവര്‍ക്ക് പുറമെ കൊച്ചിയില്‍ നിന്നുമുള്ള ഒട്ടേറെ പുതുമുഖ നടീനടന്മാരും ‘തൊട്ടപ്പ’നിലൂടെ മലയാള സിനിമയുടെ ഭാഗമാകുന്നുണ്ട്.

ഫ്രാന്‍സിസ് നൊറോണയുടെ ഇതേ പേരില്‍ പ്രസിദ്ധീകരിച്ച ചെറുകഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ് ‘തൊട്ടപ്പന്‍’ എന്ന ചിത്രം. ഗ്രാമീണ കൊച്ചിയുടെ സൗന്ദര്യവും സംസ്‌കാരവും ഉള്‍കൊള്ളുന്ന പ്രണയവും ആക്ഷനും ഇഴചേര്‍ത്താണ് ‘തൊട്ടപ്പന്‍’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.

Exit mobile version