‘അറാത് ആനന്ദി’ ആയി സായ് പല്ലവി; ‘മാരി 2’ ക്യാരക്ടര്‍ ഫസ്റ്റ് ലുക്ക്

ധനുഷ് നായകനാവുന്ന പുതിയ ചിത്രം ‘മാരി 2’ വിന്റെ ക്യാരക്ടര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. ‘മാരി 2’ല്‍ സായ് പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് പുറത്തെത്തിയത്. ‘അറാത് ആനന്ദി’ എന്നാണ് സായ് പല്ലവി അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറായാണ് സായ് പല്ലവിയുടെ കഥാപാത്രം. ഓട്ടോ ഡ്രൈവറുടെ കാക്കി ഷര്‍ട്ട് അണിഞ്ഞുള്ളതാണ് പുറത്തെത്തിയിരിക്കുന്ന ഫസ്റ്റ് ലുക്ക്. സംവിധായകന്‍ ബാലാജി മോഹന്‍ ആണ് ‘മാരി 2’ ക്യാരക്ടര്‍ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്.

സായ് പല്ലവിയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് മാരി 2. എ എല്‍ വിജയ് സംവിധാനം ചെയ്ത ‘ദിയ’ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ തമിഴ് അരങ്ങേറ്റം. ചിത്രം പരാജയമായിരുന്നെങ്കിലും ‘പ്രേമ’ത്തിലൂടെ സായ് പല്ലവി തമിഴ്നാട്ടില്‍ സൃഷ്ടിച്ച പ്രതിച്ഛായയ്ക്ക് ഒട്ടും മങ്ങലേറ്റില്ല.

2015ല്‍ പുറത്തിറങ്ങിയ ‘മാരി’യുടെ രണ്ടാംഭാഗമാണ് ‘മാരി 2’. മലയാളി താരം ടൊവീനോ തോമസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് നിര്‍മ്മാണം. വരലക്ഷ്മി ശരത്കുമാറും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. വരുന്ന ഡിസംബറില്‍ ചിത്രം തീയ്യേറ്ററുകളില്‍ എത്തിയേക്കും.

Exit mobile version