നടന്‍ സിദ്ദിഖ് ലൈംഗികമായി അപമര്യാദയായി പെരുമാറി, അദ്ദേഹത്തിന്റെ മകള്‍ അവര്‍ക്കൊപ്പം സുരക്ഷിതയാണോ എന്ന് വരെ സംശയിക്കുന്നു; വെളിപ്പെടുത്തി നടി രേവതി സമ്പത്ത്

തിരുവനന്തപുരം നിള തീയ്യേറ്ററില്‍ രണ്ട് വര്‍ഷം മുന്‍പ് സിദ്ദിഖില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവമാണ് രേവതി വെളിപ്പെടുത്തിയിരിക്കുന്നത്

മീ ടു വെളിപ്പെടുത്തലുകളില്‍ ബോളിവുഡിനു പുറമെ മലയാള ചലച്ചിത്ര ലോകത്തെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടന്നിരുന്നു. അതില്‍ നിന്നെല്ലാം മാപ്പ് പറഞ്ഞും മറ്റും പിന്‍വലിഞ്ഞു പോരുന്നതെയുള്ളൂ. എല്ലാം ഇപ്പോള്‍ കെട്ടടങ്ങിയ ലക്ഷണമാണ്. എന്നാല്‍ ഇപ്പോള്‍ മലയാള ചലച്ചിത്ര ലോകത്ത് മറ്റൊരു വെളിപ്പെടുത്തല്‍ കൂടി എത്തിയിരിക്കുകയാണ്. നടന്‍ സിദ്ദിഖിന് നേരെയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.

യുവനടി രേവതി സമ്പത്ത് ആണ് സിദ്ദിഖിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. തിരുവനന്തപുരം നിള തീയ്യേറ്ററില്‍ രണ്ട് വര്‍ഷം മുന്‍പ് സിദ്ദിഖില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവമാണ് രേവതി വെളിപ്പെടുത്തിയിരിക്കുന്നത്. 2016ല്‍ നടന്ന ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂവിനിടെ നടന്‍ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാന്‍ ശ്രമിക്കുകയായിരുന്നുവെന്നും താരം പറയുന്നു. വാക്കാലുള്ള ലൈംഗികാധിക്ഷേപം 21-ാം വയസ്സില്‍ എന്റെ ആത്മവീര്യം കെടുത്തിയെന്നും അതുണ്ടാക്കിയ ആഘാതത്തില്‍ നിന്നും കരകയറാന്‍ സാധിച്ചിട്ടില്ലെന്നും രേവതി പറയുന്നു.

അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അവള്‍ അദ്ദേഹത്തിനൊപ്പം സുരക്ഷിതയായിരിക്കുമോ എന്നു പോലും ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും രേവതി ആശങ്ക പങ്കുവെച്ചിട്ടുണ്ട്. മുന്‍പ് ഡബ്ല്യുസിസിയ്ക്കെതിരേ, കെപിഎസി ലളിതയ്ക്കൊപ്പം സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ഉള്‍പ്പടെ പങ്കുവെച്ചാണ് രേവതിയുടെ പോസ്റ്റ്. ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോള്‍ സിദ്ദിഖില്‍ നിന്ന് തനിക്കുണ്ടായ അനുഭവം പറയാതിരിക്കാനാവുന്നില്ലെന്ന മുഖവരയോടെയാണ് കുറിപ്പ് പങ്കുവെയ്ക്കുന്നത്.

രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്

‘ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോള്‍ (അഭിപ്രായം പറയുന്നതില്‍ നിന്നും) എന്നെ തടഞ്ഞുനിര്‍ത്താനാവുന്നില്ല. തിരുവനന്തപുരം നിള തീയേറ്ററില്‍ 2016ല്‍ നടന്ന ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂവിനിടെ നടന്‍ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു. വാക്കാലുള്ള ലൈംഗികാധിക്ഷേപം 21-ാം വയസ്സില്‍ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്.

അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അവള്‍ അദ്ദേഹത്തിനൊപ്പം സുരക്ഷിതയായിരിക്കുമോ എന്ന് ചിന്തിക്കുകയാണ്. നിങ്ങളുടെ മകള്‍ക്ക് സമാനമായ അനുഭവമുണ്ടായാല്‍ നിങ്ങള്‍ എന്തുചെയ്യും സിദ്ദിഖ്? ഇതുപോലെ ഒരു മനുഷ്യന് എങ്ങനെയാണ് ഡബ്ല്യുസിസിയെപ്പോലെ ആദരിക്കപ്പെടുന്ന, അന്തസ്സുള്ള ഒരു സംഘടനയ്ക്കെതിരേ വിരല്‍ ചൂണ്ടാനാവുന്നത്? നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച് നോക്ക്. ഉളുപ്പുണ്ടോ? ചലച്ചിത്ര വ്യവസായത്തിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത യോഗ്യന്‍മാരെക്കുറിച്ച് ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നു’, രേവതി സമ്പത്തിന്റെ കുറിപ്പ് അവസാനിക്കുന്നു.

Exit mobile version