‘അടുത്തിടെ ഞാന്‍ അഭിനയിച്ചതില്‍ വെച്ച് മികച്ച കഥാപാത്രമാണ് തൊട്ടപ്പനിലേത് ‘ – സുനില്‍ സുഗത

പൈലി സര്‍ എന്ന പോലീസുകാരനായാണ് അദ്ദേഹം തൊട്ടപ്പനില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ തൊട്ടപ്പന്റെ ഫേസ് ബുക്ക് പേജിലുടെ പുറത്തുവിട്ടു.

കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണ് വിനായകന്‍ നായകനായ തൊട്ടപ്പന്‍. പുതുമുഖ നടി പ്രിയംവദയാണ് നായിക. ചിത്രത്തില്‍ സുനില്‍ സുഗതയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പൈലി സര്‍ എന്ന പോലീസുകാരനായാണ് അദ്ദേഹം തൊട്ടപ്പനില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ തൊട്ടപ്പന്റെ ഫേസ് ബുക്ക് പേജിലുടെ പുറത്തുവിട്ടു. അടുത്തിടെ സുനില്‍ സുഗത ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും നല്ല വേഷമാണ് തൊട്ടപ്പനിലേത് എന്നാണ് അദ്ദേഹം പറയുന്നത്.

ഇതൊരു പുതിയ സമീപനമുള്ള സിനിമയല്ലെന്നും 80കളില്‍ സംഭവിക്കുന്ന, യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നും സുനില്‍ സുഗത പറയുന്നു. ‘ഷാനവാസ് കെ ബാവക്കുട്ടിയുടെ മുന്‍ ചിത്രം കിസ്മത്തിലും തൊട്ടപ്പനിലും ഒരുപാട് സാമ്യതകളുണ്ട്. രണ്ട് ചിത്രങ്ങളിലും സ്ഥലങ്ങള്‍ക്ക് കഥാപാത്രങ്ങളോളം തന്നെ പ്രാധാന്യമുണ്ട്. ഒപ്പം രണ്ടു ചിത്രങ്ങളിലും എനിക്ക് ലഭിച്ചിരിക്കുന്നത് പോലീസുകാരന്റെ റോളാണ്’ സുനില്‍ സുഗത പറയുന്നു. റോഷനേയും പുതുമുഖ താരം പ്രിയംവദയേയും പോലുള്ളവരുടെ കൂടെ അഭിനയിക്കുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്നും കാരണം അവര്‍ രണ്ടുപേരും നാടകത്തിന്റെ പശ്ചാത്തലത്തില്‍ നിന്നും സിനിമയില്‍ എത്തിയവരാണെന്നും വിനായകന്റെ ആത്മാര്‍ത്ഥത സെറ്റില്‍ വളരെയധികം പോസിറ്റിവിറ്റി ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്തനായ എഴുത്തുകാരന്‍ രഘുനാഥ് പാലേരിയും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തിലെ പുതിയ നായിക പ്രിയംവദയില്‍ ഏറെ പ്രതീക്ഷ ഉണ്ടെന്നും സുനില്‍ സുഗത പറയുന്നു. ‘പ്രിയംവദയെപ്പോലുള്ള ഒരു ബുദ്ധിമതിയായ നടിക്ക് മാത്രമേ ഇത്തരമൊരു റോള്‍ തെരഞ്ഞെടുക്കാനാകൂ, ഞാനും പ്രിയംവദയും മന്ദന്‍ ശിപായി എന്ന നാടകത്തിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്നവള്‍ അഞ്ചിലോ ആറിലോ പഠിക്കുന്ന ചെറിയ കുട്ടിയായിരുന്നു. ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞങ്ങളൊരുമിച്ച് പ്രവര്‍ത്തിക്കുന്നത്. പ്രിയംവദ നല്ലൊരു നടിയാണ്, വൈകാതെ അവള്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിലൊരാളാകും.’ സുനില്‍ സുഗത പറയുന്നു.

കടമക്കുടി, പൂച്ചാക്കല്‍, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഫ്രാന്‍സിസ് നൊറോണയുടെ ഇതേ പേരില്‍ പ്രസിദ്ധീകരിച്ച ചെറുകഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ് ‘തൊട്ടപ്പന്‍’ എന്ന ചിത്രം. ഗ്രാമീണ കൊച്ചിയുടെ സൗന്ദര്യവും സംസ്‌കാരവും ഉള്‍കൊള്ളുന്ന പ്രണയവും ആക്ഷനും ഇഴചേര്‍ത്താണ് ‘തൊട്ടപ്പന്‍’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്.

ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പിഎസ് റഫീഖ് ആണ്. പട്ടം സിനിമ കമ്പനിയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരിയും ഷൈലജ മണികണ്ഠനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോജ് കെ ജയന്‍, ലാല്‍, ദിലീഷ് പോത്തന്‍, ഇര്‍ഷാദ്, രശ്മി സതീഷ്, സുനിത അജിത്കുമാര്‍, മഞ്ജു പത്രോസ്, പ്രശാന്ത് മുരളി, സിനോജ് വര്‍ഗീസ്, ബിനോയ് നമ്പാല, ശ്രീജ ദാസ്, മനു ജോസ്, ഡാവിഞ്ചി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഇവര്‍ക്ക് പുറമെ കൊച്ചിയില്‍ നിന്നുമുള്ള ഒട്ടേറെ പുതുമുഖ നടീനടന്മാരും ‘തൊട്ടപ്പ’നിലൂടെ മലയാള സിനിമയുടെ ഭാഗമാകുന്നുണ്ട്.

സുരേഷ് രാജന്‍ ഛായാഗ്രഹം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജിതിന്‍ മനോഹരമാണ് എഡിറ്റര്‍. അന്‍വര്‍ അലി, പിഎസ് റഫീഖ്, അജീഷ് ദാസന്‍ എന്നിവര്‍ ഒരുക്കുന്ന ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് പൂമരത്തിലൂടെ ശ്രദ്ധേയനായ ലീല എല്‍ ഗിരീഷ്‌കുട്ടന്‍ ആണ്. പശ്ചാത്തല സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്നത് നിസാര്‍ റഹ്മത്ത് ആണ്.

Exit mobile version