ആ ചിത്രങ്ങള്‍ കണ്ടതോടെ മനസില്‍ കുറിച്ചിട്ടു, ഇനി മുതല്‍ ഞാന്‍ ഫഹദിന്റെ കടുത്ത ആരാധകന്‍; പ്രശംസിച്ച് ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരി

ഫഹദ് ഗംഭീര അഭിനേതാവാണെന്നും കുറച്ച് താമസിച്ചെങ്കിലും അദ്ദേഹത്തിന്റെ ആരാധകനാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നിതേഷ് പറയുന്നു.

മലയാളത്തിലെ യുവതാരനിരയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഫഹദ് ഫാസില്‍. യൂത്തന്മാര്‍ക്ക് മാത്രമല്ല പ്രായഭേദമന്യേയുള്ള പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ് ഫഹദ്. ആരാധകരെ ഏറെ സമ്പാദിച്ചിട്ടുള്ള ഫഹദിന് ഇപ്പോള്‍ ബോളിവുഡിലും ആരാധകരുണ്ട്. ഫഹദിനെ ഒത്തിരി ഇഷ്ടമാണെന്നും താന്‍ കടുത്ത ആരാധകനായി മാറിയെന്നും പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ നിതേഷ് തിവാരി.

ഫഹദ് ഗംഭീര അഭിനേതാവാണെന്നും കുറച്ച് താമസിച്ചെങ്കിലും അദ്ദേഹത്തിന്റെ ആരാധകനാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നിതേഷ് പറയുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിപ്രായം അറിയിച്ചത്. ഫഹദ് ഫാസിലിന്റെ കരിയറില്‍ ശ്രദ്ധേയമായ നാല് സിനിമകളെക്കുറിച്ചും നിതേഷ് തുറന്ന് പറഞ്ഞിട്ടുണ്ട്. മഹേഷിന്റെ പ്രതികാരം, സൂപ്പര്‍ ഡീലക്സ്, ഞാന്‍ പ്രകാശന്‍, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ സിനിമകളാണ് ഫഹദിന്റെ ആരാധകനാക്കി മാറ്റിയതെന്ന് നിതേഷ് കുറിച്ചത്.

ഫഹദ് ഫാസില്‍ ഏതു കഥാപാത്രം അവതരിപ്പിച്ചാലും ഗംഭീരമാണെന്നും നിതേഷ് വ്യക്തമാക്കുന്നുണ്ട്. ഇനിയും ഇത്തരം സിനിമകള്‍ ചെയ്ത് തങ്ങളെ ആസ്വദിപ്പിക്കണമെന്നും സംവിധായകന്‍ മുന്‍പോട്ട് വെയ്ക്കുന്നുണ്ട്. ഫഹദ് ഫാസിലിനെക്കുറിച്ചുളള ദംഗല്‍ സംവിധായകന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേര്‍ ഫഹദിന്റെ പഴയ സിനിമകളും കാണണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും, കാര്‍ബണ്‍, ചാപ്പാകുരിശ്, നോര്‍ത്ത് 24 കാതം, ആമേന്‍ തുടങ്ങിയ ചിത്രങ്ങളുടെ പേരുകളാണ് ആരാധകര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Exit mobile version