സര്‍ക്കാര്‍ തരംഗം കേരളത്തിലും; അഡ്വാന്‍സ് ബുക്കിംഗില്‍ മാത്രം നേടിയത് മൂന്ന് കോടി

വിജയ് നായകനായി എത്തുന്ന പുതിയ ചിത്രം സര്‍ക്കാര്‍ കേരളത്തിലും തരംഗം സൃഷ്ടിക്കുന്നു. അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം ഇതിനകം നേടിയത് മൂന്ന് കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ 402 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. രാവിലെ5.30നും 6.30നും ഫാന്‍സ് ഷോയുമുണ്ടാകും. 300 ഫാന്‍സ് ഷോയാണ് ആദ്യ ദിവസം ഉണ്ടാകുക. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും സര്‍ക്കാരിന്റേത് എന്നാണ് റിപ്പോര്‍ട്ട്. ലോകമെമ്പാടുമായി 80 രാജ്യങ്ങളിലായി 1200 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

എആര്‍ മുരുഗദോസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇടപെടുന്ന ഒരു കോര്‍പറേറ്റ് മേധാവിയായാണ് വിജയ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് ടീസറിലെ സൂചന. ഗൂഗിള്‍ സിഇഒയെ പോലുള്ള കഥാപാത്രമായിരിക്കും വിജയ്‌യുടേത് എന്ന് നേരത്തെ സംവിധായകന്‍ എആര്‍ മുരുഗദോസ് പറഞ്ഞിരുന്നു.

തമിഴിനു പുറമേ തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. സര്‍ക്കാര്‍ ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. തിരക്കഥയില്‍ എആര്‍ മുരുഗദോസ് ഗംഭീര മികവാണ് കാട്ടിയിരിക്കുന്നതെന്ന് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാധ രവി പറഞ്ഞിരുന്നു. സിനിമ ഹീറോയിസത്തിന്റെ മികവിലുള്ളതായിരിക്കുമെന്നും രാധാ മോഹന്‍ പറയുന്നു. ചിത്രം ദിപാവലിക്ക് ആയിരിക്കും പ്രദര്‍ശനത്തിന് എത്തുക. എആര്‍ റഹ്മാനാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. വരലക്ഷ്മി ശരത്കുമാര്‍ ആണ് പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Exit mobile version