ഇങ്ങനെ ഒരു അഭിനേത്രിയെ കിട്ടിയത് ഞങ്ങളുടെ അഭിമാനം; ഐ സല്യൂട്ട് യൂ ചേച്ചി, പാര്‍വതിയെ പുകഴ്ത്തി പ്രിയ വാര്യര്‍

കൊച്ചി: ചിത്രം ഉയരെ ഗംഭീര പ്രേക്ഷക പ്രതികരണം നേടി തിയ്യേറ്ററില്‍ മുന്നേറുകയാണ്. ഇതിനൊപ്പമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തിയ നടി പാര്‍വതിയെ പുകഴ്ത്തി യുവ നായിക പ്രിയ വാര്യര്‍ രംഗത്തെത്തിയത്. പാര്‍വതിയെപ്പോലൊരു അഭിനേത്രിയെ കിട്ടിയത് ഞങ്ങളുടെ അഭിമാനമാണെന്നും, ഐ സല്യൂട്ട് യൂ എന്നുമായിരുന്നു പാര്‍വതിയെ കുറിച്ച് പ്രിയ പറഞ്ഞത്. ഇത്തരത്തില്‍ ഒരു ചിത്രം സമ്മാനിച്ചതിന് സംവിധായകന്‍ മനു അശോകിനും നടന്മാരായ ആസിഫ് അലിക്കും ടൊവിനോയ്ക്കും പ്രിയ നന്ദി പറഞ്ഞിട്ടുണ്ട്.
രാഷ്ട്രീയ, സാമൂഹിക, സിനിമാ രംഗങ്ങളിലുള്ള നിരവധിപ്പേര്‍ ഈ ചിത്രത്തിലെ അഭിനയത്തിന് പാര്‍വതിയെ പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു.

പ്രശസ്ത രചയിതാക്കളായ ബോബി-സഞ്ജയ് ടീം രചന നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പ്രശസ്ത നിര്‍മ്മാണ ബാനര്‍ ആയ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ഉടമ ആയ പി വി ഗംഗാധരന്റെ മക്കള്‍ ചേര്‍ന്നു രൂപം നല്‍കിയ എസ് ക്യൂബ് ഫിലിംസ് ആണ്. പി.വി. ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരാണ് എസ് ക്യൂബിന് പിന്നിലുള്ളത്.

പാര്‍വതി കേന്ദ്ര കഥാപാത്രം ആയി എത്തിയ ഈ ചിത്രത്തില്‍ ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരും നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഗോവിന്ദ് എന്ന് പേരുള്ള നെഗറ്റീവ് ടച്ചുള്ള ഒരു വേഷമാണ് ആസിഫ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പാര്‍വതിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനമുള്ള ഈ ചിത്രത്തില്‍ ടൊവിനോ തോമസും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

Exit mobile version