വൈരമുത്തുവിനെ നേരിട്ട് കണ്ടാല്‍ കരണത്ത് അടിച്ചിരിക്കും; ചിന്‍മയി ശ്രീപാദ

വൈരമുത്തുവിനെതിരെ ലൈംഗിക ആരോപണം നടത്തി തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച ഗായികയാണ് ചിന്‍മയി ശ്രീപാദ

തമിഴ് ഗാനരചയിതാവും കവിയുമായ വൈരമുത്തുവിനെതിരെ ലൈംഗിക ആരോപണം നടത്തി തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച ഗായികയാണ് ചിന്‍മയി ശ്രീപാദ. ഇപ്പോഴിതാ എന്നെങ്കിലും വൈരമുത്തുവിനെ നേരിട്ട് കാണുവാണേല്‍ കരണത്ത് അടിച്ചിരിക്കുമെന്നാണ് ചിന്‍മയി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ കയറി പിടിച്ചയാളുടെ മുഖത്തടിച്ച ഖുശ്ബുവിന്റെ പ്രവര്‍ത്തിയെ കുറിച്ച് സംസാരിക്കവേയാണ് ചിന്‍മയി ഇത്തരത്തില്‍ പ്രതികരിച്ചത്.

സമൂഹത്തില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ക്കെതിരെ പ്രതികരിക്കുന്ന ഖുശ്ബുവിനെയും ഗായിക ചിന്‍മയിയെയും അഭിനന്ദിച്ച് കൊണ്ട് ഒരാള്‍ ചെയ്ത ട്വീറ്റിന് മറുപടി നല്‍കുകയായിരുന്നു താരം. എന്നെങ്കിലും വൈരമുത്തുവിനെ നേരിട്ട് കാണുവാണേല്‍ തീര്‍ച്ചയായും അയാളുടെ കരണത്തടിക്കുമെന്നും ആ ഒരു നീതി മാത്രമേ തനിക്ക് ലഭിക്കുകയുള്ളൂവെന്നും ചിന്‍മയി ട്വിറ്ററിലൂടെ മറുപടി നല്‍കി. ഇപ്പോള്‍ തനിക്ക് അതിനുള്ള പ്രായവും കരുത്തും കിട്ടിയെന്നും ചിന്‍മയി പറഞ്ഞു.

മീ ടൂ ആരോപണങ്ങള്‍ കോളിളക്കം സൃഷ്ടിച്ച കഴിഞ്ഞ വര്‍ഷമാണ് ചിന്‍മയി വൈരമുത്തുവിനെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയത്. തെന്നിന്ത്യയില്‍ മീ ടൂ ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ച സംഭവങ്ങളില്‍ ഒന്നായിരുന്നു ഇത്. സ്വിറ്റ്‌സര്‍ലാന്റിലെ ഒരു പരിപാടിക്കിടയില്‍ വൈരമുത്തുവിനെ ഒരു ഹോട്ടലില്‍ ചെന്ന് കാണണമെന്നാവശ്യവുമായി സംഘാടകരിലൊരാള്‍ തന്നെ സമീപിച്ചുവെന്നാണ് ഗായിക ആരോപിച്ചത്. ഈ വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെ ചിന്‍മയിയെ തമിഴ്നാട് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ വിലക്കിയിരുന്നു. ഈ അടുത്ത് നയന്‍താരയെ അപമാനിച്ച രാധാ രവിയാണ് ചിന്‍മയി സംഘടനയില്‍ അംഗമല്ലെന്ന് കാണിച്ച് വിലക്കിയത്.

Exit mobile version