അയണ്‍മാന് ശബ്ദം നല്‍കി വിജയ് സേതുപതി; ശബ്ദം ചേരുന്നില്ലെന്ന് മാര്‍വല്‍ ആരാധകര്‍

വിജയ് സേതുപതിയുടെ ശബ്ദവും അയണ്‍ മാന്‍ ആയി വേഷമിട്ട റോബര്‍ട്ട് ഡൗണിയുടെ ശബ്ദവുമായി ചേരുന്നില്ലെന്നാണ് മാര്‍വല്‍ ആരാധകരുടെ പ്രതിഷേധത്തിന് കാരണം

ലോകമെമ്പാടും ഏറെ ആരാധകരാണ് അവഞ്ചേഴ്‌സിന്. ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇത്തവണ മാര്‍വല്‍ സീരിസിലെ അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിന്റെ തമിഴ് പതിപ്പില്‍ അയണ്‍മാന് ശബ്ദം നല്‍കിയതിന് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ആണ്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ആരാധകര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിജയ് സേതുപതിയുടെ ശബ്ദവും അയണ്‍ മാന്‍ ആയി വേഷമിട്ട റോബര്‍ട്ട് ഡൗണിയുടെ ശബ്ദവുമായി ചേരുന്നില്ലെന്നാണ് മാര്‍വല്‍ ആരാധകരുടെ പ്രതിഷേധത്തിന് കാരണം.

യൂട്യൂബില്‍ റിലീസ് ചെയ്ത തമിഴ് ട്രെയിലറിന് താഴെ ആരാധകരുടെ പ്രതിഷേധമാണ്. അയണ്‍ മാനിന് ഇത്രയും നാള്‍ ഡബ്ബ് ചെയ്യ ആള്‍ തന്നെ ശബ്ദം നല്‍കണമെന്നാണ് ആരാധകരുടെ ആവശ്യം. ഏറെനാളായി അയണ്‍ മാനിന് ശബ്ദം നല്‍കിയിരുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ മാറ്റിയാണ് വിജയ് സേതുപതിയെ കൊണ്ടുവന്നത്.

ചിത്രത്തിനായി ഞങ്ങള്‍ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ട്രെയിലര്‍ വന്നതോടെ അത് തങ്ങളെ തീര്‍ത്തും നിരാശരാക്കി എന്നാണ് ആരാധകര്‍ പറയുന്നത്. എത്രയും പെട്ടെന്ന് ചിത്രം പഴയ ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ വെച്ച് ഡബ്ബ് ചെയ്യിപ്പിച്ചില്ലെങ്കില്‍ ചിത്രം കാണില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തില്‍ ആന്‍ഡ്രിയയും ഡബ്ബ് ചെയ്തിട്ടുണ്ട്. അതേ സമയം ചിത്രത്തിന്റെ തമിഴ് തിരക്കഥ ഒരുക്കിയ സംവിധായകന്‍ എആര്‍ മുരുകദോസിന് എതിരെയും കടുത്ത വിമര്‍ശനമാണ് ആരാധകര്‍ ഉന്നയിച്ചിരിക്കുന്നത്.

Exit mobile version