ചില സന്ദര്‍ഭങ്ങള്‍ വളച്ചൊടിച്ച്, യാഥാര്‍ത്ഥം മറച്ചുവെച്ച് എന്നെ പീഡകയാക്കാനുള്ള ശ്രമമാണിത്; മീ ടൂ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മായാ എസ് കൃഷ്ണന്‍

അനന്യയുടെ ഈ നീക്കം എനിക്കും കുടുംബത്തിനും കടുത്ത മാനസികാഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്

തനിക്കെതിരെ തീയ്യേറ്റര്‍ കലാകാരി അനന്യ രാമപ്രസാദ് നടത്തിയ മീ ടൂ ആരോപണങ്ങള്‍ക്ക് മറുപടിയുമായി തമിഴ് നടി മായാ എസ് കൃഷ്ണന്‍.തീയ്യേറ്റര്‍ കലാകാരിയായ അനന്യ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മായയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മായ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും അതിന്റെ ആഘാതത്തില്‍ നിന്ന് താന്‍ ഇതുവരെ കരകയറിയിട്ടില്ലെന്നും അനന്യ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മായ. സംഭവങ്ങളില്‍ യാതൊരു സത്യവും ഇല്ലെന്ന് പറഞ്ഞ മായ എഴുതുന്നത് ഇങ്ങനെ, അനന്യ പറഞ്ഞ എല്ലാ ആരോപണങ്ങളും ഞാന്‍ നിഷേധിക്കുന്നു. എനിക്ക് അനന്യയെക്കുറിച്ച് ഒരു സുഹൃത്തിനോടും, അവരുടെ കുടുംബത്തോടുമുള്ള ബന്ധം തന്നെയാണ് ഇപ്പോഴും ഉള്ളത്. മാനസികമായി പ്രതിസന്ധികളിലൂടെ നീങ്ങിയ ഒരു പതിനെട്ടുകാരിയെ അതില്‍ നിന്നും മോചിപ്പിക്കാന്‍ ഞാന്‍ എന്നാലാകുന്ന കാര്യങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ട്. അവളെ സംരക്ഷിക്കാനും,അവളെ ഒരു കുട്ടിയെപ്പോലെ സംരക്ഷിച്ചതും തെറ്റാണെന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു. അതല്ലാതെ ഒന്നും പറയാനില്ല.

ചില സന്ദര്‍ഭങ്ങള്‍ വളച്ചോടിച്ച്, അതിലെ യാഥാര്‍ത്ഥം മറച്ചുവെച്ച് എന്നെ ഒരു പീഡകയാക്കുവാനുള്ള ശ്രമമാണിത്. എനിക്കെതിരെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കെല്ലാം നിയമപരമായി തന്നെ മറുപടി നല്‍കും. അനന്യയുടെ ഈ നീക്കം എനിക്കും കുടുംബത്തിനും കടുത്ത മാനസികാഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അതിനെ ഞാന്‍ നിയമപരമായി നേരിടുമെന്നും മായ വ്യക്തമാക്കി.

മഗളിര്‍മട്ടും, തൊടരി എന്നീ തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മായ. ശങ്കര്‍ ഒരുക്കുന്ന രജനികാന്ത് ചിത്രം 2.0 വിലും മായ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Exit mobile version