മണിരത്‌നം ചിത്രത്തില്‍ വീണ്ടും നായികയായി ഐശ്വര്യ റായി, ഒപ്പം കീര്‍ത്തി സുരേഷും

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനില്‍ നായികയായാണ് ഐശ്വര്യ റായി എത്തുന്നത്

സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ നായികയായി ഐശ്വര്യ റായി ബച്ചന്‍ വീണ്ടും എത്തുന്നു. രാവണനാണ് ഇതിനു മുമ്പ് ഇരുവരും ഒന്നിച്ച ചിത്രം. മണിരത്‌നം സംവിധാനം ചെയ്ത ‘ഇരുവര്‍’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് ‘ഗുരു’, ‘രാവണ്‍’ എന്നീ മണിരത്‌നം ചിത്രത്തിലും നായിക ഐശ്വര്യ റായി ആയിരുന്നു.

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനില്‍ നായികയായാണ് ഐശ്വര്യ റായി എത്തുന്നത്. ഐശ്വര്യയ്ക്ക് പുറമെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയായ കീര്‍ത്തി സുരേഷും അഭിനയിക്കുന്നുണ്ട്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവല്‍ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തില്‍ അരുള്‍മൊഴിവര്‍മ്മന്‍ അഥവാ രാജ രാജ ചോളന്‍ ഒന്നാമന്റെ കഥ പറയുന്ന ചിത്രത്തില്‍ വിക്രമാണ് നായകന്‍. മണിരത്‌നത്തിന്റെ രാവണനിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. ബിഗ് ബജറ്റ് ചിത്രമാണിത്. വിക്രമിനെ കൂടാതെ കാര്‍ത്തി, ജയം രവി എന്നിവരും ഉണ്ടാവുമെന്ന് സൂചനയുണ്ട്.

അരവിന്ദ് സ്വാമി, പ്രകാശ് രാജ്, ജ്യോതിക, സിമ്പു, വിജയ് സേതുപതി എന്നിവരെ അണിനിരത്തി സംവിധാനം ചെയ്ത ചെക്കാ ചിവന്ത വാനമാണ് ഒടുവില്‍ തീയ്യേറ്ററിലെത്തിയ മണിരത്‌നം ചിത്രം.

Exit mobile version