കാളിയായി ധനുഷ്, മണിമേഖലയായി മഞ്ജു വാര്യര്‍; അസുരന്റെ ലോക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു

'വടചെന്നൈ'യ്ക്ക് ശേഷം സംവിധായകന്‍ വെട്രിമാരനും ധനുഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രത്തിന്റെ ലോക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. സൂപ്പര്‍ ഹിറ്റ് ചിത്രം ‘വടചെന്നൈ’യ്ക്ക് ശേഷം സംവിധായകന്‍ വെട്രിമാരനും ധനുഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തില്‍ ധനുഷ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. രാജദേവര്‍ എന്ന അച്ഛന്‍ കഥാപാത്രമായും കാളി എന്ന മകനായിട്ടുമാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. മണിമേഖല എന്നാണ് ചിത്രത്തില്‍ മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ പേര്. ധനുഷിന്റെ ഭാര്യാ വേഷമാണ് ചിത്രത്തില്‍ മഞ്ജുവിന്.

തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെട്രിമാരന്‍- ധനുഷ് കൂട്ടുക്കെട്ട് തമിഴില്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചവയാണ്. വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളത്തിലെ അഭിനയത്തിനാണ് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. അസുരനും അത്തരത്തില്‍ ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Exit mobile version