വില്ലേജ് റോക്‌സ്റ്റാര്‍സ്; ഓസ്‌കറിന് മത്സരിക്കാന്‍ സംവിധായികയ്ക്ക് ഒരു കോടി നല്‍കി സര്‍ക്കാര്‍

ചിത്രം വിദേശ സിനിമ വിഭാഗത്തിലേക്കാണ് തെരഞ്ഞെടുത്തിരിക്കുന്നത്

ഓസ്‌കറിന് മത്സരിക്കാന്‍ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായി തെരഞ്ഞെടുത്തിരിക്കുന്ന വില്ലേജ് റോക്സ്റ്റാര്‍സിന് ധനസഹായവുമായി അസം സര്‍ക്കാര്‍ രംഗത്ത്. അസാമില്‍ നിന്നുള്ള റിമ ദാസാണ് വില്ലേജ് റോക്സ്റ്റാര്‍സിന്റെ സംവിധായിക.

ചിത്രം വിദേശ സിനിമ വിഭാഗത്തിലേക്കാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഒസ്‌കറില്‍ മത്സരിക്കാന്‍ വലിയ തോതില്‍ പണം ആവശ്യമാണെന്നും അതിന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്നും അഭ്യര്‍ഥിച്ച് റിമ ദാസ് രംഗത്ത് എത്തിയിരുന്നു. ഓസ്‌കര്‍ പ്രചരണത്തിനായി ഒരു കോടി രൂപയാണ് റിമ ദാസിന് ലഭിച്ചിരിക്കുന്നത്. പ്രചാരണങ്ങളെല്ലാം നല്ല രീതിയില്‍ പോകുന്നു. അസം സര്‍ക്കാരില്‍ നിന്ന് പണം കിട്ടി. ഞങ്ങളുടെ യാത്ര തുടങ്ങി കഴിഞ്ഞുവെന്നും റിമ ദാസ് പറഞ്ഞു.

ഓസ്‌കര്‍ നോമിനേഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ സിനിമയ്ക്ക് ലഭിച്ച പ്രതികരണങ്ങള്‍ ഒസ്‌കര്‍ ലഭിച്ചതിന് തുല്യമാണെന്ന് റിമ ദാസ് നേരത്തെ പറഞ്ഞിരുന്നു.

Exit mobile version