സിനിമയ്ക്ക് മാര്‍ക്കിടുന്നത് പ്രേക്ഷകരാണ്, നൂറ് ശതമാനവും പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന സിനിമയാണ് ‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’; ഹരിശ്രീ അശോകന്‍

കാശ് കൊടുത്ത് ടിക്കറ്റ് വാങ്ങി സിനിമ കാണാന്‍ തീയ്യേറ്ററിലെത്തുന്ന പ്രേക്ഷകരെ നിരാശപ്പെടുത്താന്‍ പാടില്ല

മലയാളികളുടെ പ്രിയപ്പെട്ട കോമഡി താരം ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്ത ‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’ തീയ്യേറ്ററുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. തന്റെ ചിത്രം ഒരിക്കലും
പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നും കഥയാണ് തന്റെ ചിത്രത്തിലെ ഹീറോയെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.

കാശ് കൊടുത്ത് ടിക്കറ്റ് വാങ്ങി സിനിമ കാണാന്‍ തീയ്യേറ്ററിലെത്തുന്ന പ്രേക്ഷകരെ നിരാശപ്പെടുത്താന്‍ പാടില്ല. അവരാണ് സിനിമയ്ക്ക് മാര്‍ക്കിട്ട് വിധിയെഴുത്തുന്നത്. അവരുടെ അഭിപ്രായമാണ് സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ പബ്ലിസിറ്റി. തന്റെ സിനിമയില്‍ കഥയാണ് ഹീറോയെന്നും കഥയിലെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അഭിനേതാക്കളെയാണ് സെലക്ട് ചെയ്തതെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു. ഷൂ ഉണ്ടാക്കിയിട്ട് കാല് അന്വേഷിക്കുകയായിരുന്നില്ല. ഈ സിനിമയെ സംബന്ധിച്ചിടത്തോളം ഇവര്‍ മതി. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’ നൂറ് ശതമാനവും പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന രസങ്ങളുള്ള സിനിമയായിരിക്കുമെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.

സലീം കുമാര്‍, മനോജ് കെ ജയന്‍, രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ടിനി ടോം, അബു സലീം തുടങ്ങി വലിയ താരനിര തന്നെയുണ്ട് ചിത്രത്തില്‍. ഗോപി സുന്ദര്‍, നാദിര്‍ഷ, അരുണ്‍ രാജ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം ഷിജിത്ത് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version