അവളെന്റെ ഭാര്യയാണ്, വിവാഹം നടന്നത് മധുരയില്‍ വെച്ച്! അതിഥി മേനോനെ വിവാഹം കഴിച്ചുവെന്ന് അവകാശപ്പെട്ട് നടന്‍ അഭി ശരവണന്‍; നിരത്തിയത് വിവാഹ സര്‍ട്ടിഫിക്കറ്റും, ചിത്രങ്ങളും! നിഷേധിച്ച് താരം

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അഭി ശരവണനെ വീട്ടില്‍ നിന്ന് കാണാതെ പോയിരുന്നു.

നടി അതിഥി മേനോനെ വിവാഹം ചെയ്തുവെന്ന അവകാശ വാദവുമായി നടന്‍ അഭി ശരവണന്‍ രംഗത്ത്. വിവാഹ സര്‍ട്ടിഫിക്കറ്റും ചിത്രങ്ങളും നല്‍കിയാണ് അഭി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം നടി നിഷേധിച്ചിട്ടുണ്ട്. നടത്തുന്നത് വ്യാജ പ്രചരണങ്ങള്‍ എന്നു കാണിച്ച് നടി അതിഥി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

തുടര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തി മലയാളിയായ നടി അതിഥിക്കെതിരെ തെളിവുകളുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍. താനും അതിഥിയും തമ്മിലുള്ള വിവാഹം മധുരയില്‍ വച്ച് കഴിഞ്ഞുവെന്നാണ് അഭി പറയുന്നത്. തുടര്‍ന്ന് വിവാഹ സര്‍ട്ടിഫിക്കറ്റും ഒരുപാട് ചിത്രങ്ങളും നടന്‍ പരസ്യപ്പെടുത്തി. അതേസമയം, അഭി ശരവണനെ താന്‍ വിവാഹം കഴിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അതിഥി. തനിക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും അതിഥി ആരോപിച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അഭി ശരവണനെ വീട്ടില്‍ നിന്ന് കാണാതെ പോയിരുന്നു. മകന്റെ തിരോധാനത്തിന് പിന്നില്‍ അതിഥിയാണെന്ന് അഭിയുടെ മാതാപിതാക്കള്‍ ആരോപിച്ച് രംഗത്ത് വന്നിരുന്നു, തുടര്‍ന്നാണ് അതിഥി പോലീസില്‍ പരാതി നല്‍കിയത്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് കാണിച്ചാണ് അഭി ശരവണനെതിരെ അതിഥി പോലീസില്‍ പരാതി നല്‍കിയത്. താരത്തിന്റെ പരാതിയില്‍ അഭി ശരവണനെതിരെ പോലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു.

2016 ല്‍ പുറത്തിറങ്ങിയ പട്ടതാരി എന്ന ചിത്രത്തിലൂടെയാണ് അതിഥിയും അഭിയും പ്രണയത്തിലാകുന്നത്. ഇരുവരും ചേര്‍ന്നാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാല്‍ മാസങ്ങള്‍ക്കകം ഇരുവരും വേര്‍പിരിഞ്ഞു. അഭിയുമായി പിരിഞ്ഞതിനുശേഷം അതിഥി കേരളത്തിലേക്ക് മടങ്ങി. അതിനുശേഷമാണ് അഭിയെ കാണാതായത്. കൂടാതെ അഭിയെ അതിഥി തട്ടിക്കൊണ്ടുപോയി ചെന്നൈയിലെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ കാണാതായെന്ന് പരാതി നല്‍കിയതിന്റെ തൊട്ടടുത്ത ദിവസം അഭി വീട്ടില്‍ തിരികെയെത്തി. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താനെന്നാണ് അഭിയുടെ വിശദീകരണം.

Exit mobile version