‘ഞാനൊരു വിശുദ്ധനല്ല, തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്’; മീ ടൂ ആരോപണത്തില്‍ നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് അലന്‍സിയര്‍

തന്നോട് പരസ്യമായി അലന്‍സിയര്‍ ക്ഷമ പറയണമെന്ന് ദിവ്യ ആവശ്യപ്പെട്ടത് പ്രകാരമാണ് അലന്‍സിയര്‍ ക്ഷമ ചോദിച്ചത്

കഴിഞ്ഞ വര്‍ഷം സിനിമാ ലോകത്തെ ഒന്നടങ്കം പിടുച്ചു കുലുക്കിയ സംഭവമായിരുന്നു ‘മീ ടൂ മൂവ്‌മെന്റ്’. പല പ്രമുഖരുടെയും മുഖമൂടിയാണ് മീ ടൂ മൂവ്‌മെന്റില്‍ തകര്‍ന്നത്. ഇപ്പോഴിതാ തനിക്കെതിരെ മീ റ്റൂ ആരോപണം നടത്തിയ നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ അലന്‍സിയര്‍ രംഗത്തെത്തി. ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് അലന്‍സിയര്‍ ദിവ്യയോട് ക്ഷമ ചോദിച്ചത്.

തന്നോട് പരസ്യമായി അലന്‍സിയര്‍ ക്ഷമ പറയണമെന്ന് ദിവ്യ ആവശ്യപ്പെട്ടത് പ്രകാരമാണ് അലന്‍സിയര്‍ ക്ഷമ ചോദിച്ചത്. എന്റെ പ്രവൃത്തികള്‍ ദിവ്യയെ വേദനിപ്പിച്ചെന്ന് തിരിച്ചറിഞ്ഞതോടെ വ്യക്തിപരമായി ദിവ്യയോട് ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ പരസ്യമായി ക്ഷമ പറയണമെന്നായിരുന്നു ദിവ്യയുടെ ആവശ്യം.

എന്റെ തെറ്റിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. ദിവ്യയോട് മാത്രമല്ല എന്റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നതായും അലന്‍സിയര്‍ പറഞ്ഞു. ഞാനൊരു വിശുദ്ധനല്ലെന്നും തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണെന്നും തെറ്റ് അംഗീകരിക്കുകയും ചെയ്തുപോയ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യാനാണ് കഴിയുകയെന്നും അലന്‍സിയര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ അലന്‍സിയറിനെതിരെ ദിവ്യ ഗുരതര ലൈംഗിക ആരോപണം നടത്തിയത്. വ്യക്തിപരമായി അലന്‍സിയറിനെ പരിചയപ്പെടുന്നത് വരെ തനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു. ചുറ്റും നടക്കുന്ന കാര്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പുരോഗമന സമീപനം സ്വന്തം വൈകൃതം മറക്കാനാണെന്നും ദിവ്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ദിവ്യ അലന്‍സിയറിനെതിരെ താര സംഘടന എഎംഎംഎയ്ക്ക് പരാതിയും നല്‍കിയിരുന്നു.

Exit mobile version