സംസ്ഥാന ചലച്ചിത്ര പുരസ്‌കാര മത്സരത്തില്‍ നിന്ന് ‘ആമി’യും ‘കാര്‍ബണും’ പിന്‍വലിക്കില്ല, ചട്ടമനുസരിച്ച് നടപടി സ്വീകരിക്കും; എകെ ബാലന്‍

അക്കാദമി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, സെക്രട്ടറി, ആറംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ വ്യക്തിഗത അവാര്‍ഡിനു മത്സരിക്കാന്‍ പാടില്ലെന്നാണ് ചലച്ചിത്ര അക്കാദമി ചട്ടങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ മത്സര പട്ടികയില്‍ നിന്ന് ‘ആമി’യും ‘കാര്‍ബണും’ പിന്‍വലിക്കില്ലെന്ന് മന്ത്രി എകെ ബാലന്‍. ചിത്രങ്ങള്‍ മത്സരത്തിനെത്തിയാല്‍ ചലച്ചിത്ര അക്കാദമിയുടെ ചട്ടമനുസരിച്ചായിരിക്കും നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് മഞ്ജു വാര്യര്‍ നായികയായി എത്തിയ ‘ആമി’. ഫഹദ് ഫാസില്‍ നായകനായി എത്തിയ കാര്‍ബണിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍ ആണ്.

അക്കാദമി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, സെക്രട്ടറി, ആറംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ വ്യക്തിഗത അവാര്‍ഡിനു മത്സരിക്കാന്‍ പാടില്ലെന്നാണ് ചലച്ചിത്ര അക്കാദമി ചട്ടങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇവര്‍ക്കായി ബൈലോയില്‍ മാറ്റം വരുത്തില്ല. വ്യക്തിഗത പുരസ്‌കാരങ്ങള്‍ ഒഴികെ മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്നതില്‍ ഈ ചിത്രങ്ങള്‍ക്ക് വിലക്കില്ല. അതുകൊണ്ട് തന്നെ ചിത്രങ്ങള്‍ നിരസിക്കാന്‍ അക്കാദമിക്ക് കഴിയില്ല.

അതേ സമയം മികച്ച ചിത്രം, സംവിധായകന്‍, കഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ അവാര്‍ഡുകള്‍ക്ക് വേണ്ടി മത്സരിക്കുന്നതിന് ‘ആമി’ക്കും എഡിറ്റര്‍ക്കുള്ള അവാര്‍ഡിനു മത്സരിക്കുന്നതിന് ‘കാര്‍ബണി’നും തടസ്സമുണ്ട്.

Exit mobile version